
വാഷിങ്ടൺ: ഇറാന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ലക്ഷ്യമാക്കി കടുത്ത സമുദ്ര ഉപരോധത്തിന് അമേരിക്ക തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പതിനഞ്ചിലേറെ യുദ്ധക്കപ്പലുകൾ മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ഇറാനെ അമേരിക്കൻ സേന വളഞ്ഞിരിക്കുകയാണ്. യുഎസ്എസ് ട്രിപ്പോളി എന്ന ആംഫിബിയസ് അസോൾട്ട് കപ്പൽ അറബിക്കടലിൽ എത്തിയതോടെ മേഖലയിൽ ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന സാഹചര്യമാണ്.
എഫ്-35ബി ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും എംവി-22 ഓസ്പ്രേക യുദ്ധവിമാനങ്ങളും വഹിക്കാൻ ശേഷിയുള്ള പടക്കപ്പലാണ് ഐഎസ്എസ് ട്രിപ്പോളി. കരയിൽ സൈന്യത്തെ ഇറക്കാനും നാവിക-വ്യോമസേന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും കഴിവുള്ള പ്രത്യേകതയാണ് ഇത്തരം ആംഫിബിയസ് കപ്പലുകളുടെ പ്രധാന ശക്തി.
അറേബ്യൻ ഗൾഫും ഒമാൻ ഉൾക്കടലും ഉൾപ്പെടെ ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്ന എല്ലാ കപ്പലുകൾക്കും ഉപരോധം ബാധകമായിരിക്കുമെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. അതുപോലെ അവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന കപ്പലുകളും നിയന്ത്രണവിധേയമാകും.എന്നാൽ ഹോർമുസ് കടലിടുക്ക് വഴി മറ്റു രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് യാത്ര ചെയ്യുന്ന കപ്പലുകളെ തടയില്ലെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.










