
വാഷിങ്ടൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്നും രാജ്യത്തിന്റെ തീരുമാനങ്ങളിലെല്ലാം ഇപ്പോഴും സജീവ സാന്നിധ്യമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 28-ന് ഇറാനെതിരെ നടന്ന യുഎസ്–ഇസ്രയേൽ സംയുക്ത സൈനിക നടപടിക്കിടെ ഖമനയിക്ക് പരുക്കേറ്റെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും, ഇറാനിലെ ആഭ്യന്തര കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ തുടരുന്നതായി ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നുവെന്ന് റൂബിയോ പറഞ്ഞു.
ഇറാനുമായുള്ള ചർച്ചകൾ വഴി ധാരണയിലെത്താൻ ഇപ്പോഴും സാധ്യതയുണ്ടെന്നാണ് യുഎസ് വിലയിരുത്തൽ. എന്നാൽ അതിന് ആണവ പദ്ധതികളിൽ കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തെഹ്റാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്തരമൊരു സാഹചര്യമുണ്ടായാൽ ഉപരോധങ്ങളിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്നും റൂബിയോ സൂചിപ്പിച്ചു.
അതേസമയം, ആഗോള വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്ന് കപ്പൽഗതാഗതം സാധാരണ നിലയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും റൂബിയോ പറഞ്ഞു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ ആവശ്യമായ സഹായം നൽകാൻ അമേരിക്ക തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










