12:20pm 14 November 2026
NEWS
അമേരിക്കയിലെ വിമാന വിലക്ക് പിൻവലിച്ചു, സർവീസുകൾ തിരിച്ചെത്തുന്നു
14/11/2026  08:29 AM IST
nila
അമേരിക്കയിലെ വിമാന വിലക്ക് പിൻവലിച്ചു, സർവീസുകൾ തിരിച്ചെത്തുന്നു

 

വാഷിങ്ടൺ: മണിക്കൂറുകളോളം അമേരിക്കയുടെ വ്യോമഗതാഗതം നിശ്ചലമാക്കിയ രാജ്യവ്യാപക വിമാന വിലക്ക് പിൻവലിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഏർപ്പെടുത്തിയ നിയന്ത്രണം നാല് മണിക്കൂറിലേറെ നീണ്ടതോടെ ആയിരക്കണക്കിന് വിമാനങ്ങളാണ് സർവീസ് നടത്താനാകാതെ കുടുങ്ങിയത്. ലക്ഷക്കണക്കിന് യാത്രക്കാരെയും പ്രതിസന്ധി ബാധിച്ചു.

വിവിധ റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ ആശയവിനിമയ ശൃംഖലയിലുണ്ടായ സാങ്കേതിക തകരാറാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം. നിരവധി എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ പ്രശ്നം ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു.

വിലക്ക് നീക്കിയതിനു പിന്നാലെ വിമാനത്താവളങ്ങളിൽ സർവീസുകൾ പുനരാരംഭിച്ചെങ്കിലും ഗതാഗതക്കുരുക്ക് പൂർണമായി മാറിയിട്ടില്ല. പതിനായിരത്തിലേറെ വിമാനങ്ങൾ വൈകുകയും നാലായിരത്തോളം സർവീസുകൾ റദ്ദാക്കുകയും ചെയ്തതായാണ് കണക്കുകൾ. ഷിക്കാഗോ ഒ'ഹെയർ വിമാനത്താവളത്തിൽ നിന്നാണ് നിയന്ത്രണത്തിനു ശേഷം ആദ്യ വിമാനം പറന്നുയർന്നതെന്ന് ഫ്ലൈറ്റ് അവെയർ റിപ്പോർട്ട് ചെയ്തു.

അതേസമയം, സംഭവത്തിനു പിന്നിൽ സൈബർ ആക്രമണമോ ബോധപൂർവമായ അട്ടിമറിയോ നടന്നതായി സൂചനയില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ വ്യക്തമാക്കി. ടെലികമ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ സാധാരണ തകരാറാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

2023 ജനുവരിയിൽ എഫ്എഎയുടെ പ്രധാന കംപ്യൂട്ടർ സംവിധാനം തകരാറിലായതിനെ തുടർന്ന് അമേരിക്കയിൽ വിമാന സർവീസുകൾ വ്യാപകമായി തടസപ്പെട്ടിരുന്നു. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷവും രാജ്യത്ത് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

എഫ്എഎ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം നടപ്പാക്കുന്നതിനിടെയാണ് ഇപ്പോഴത്തെ പ്രതിസന്ധിയുണ്ടായത്. എന്നാൽ പുതിയ സാങ്കേതിക സംവിധാനത്തിന് തകരാറുമായി ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ അമേരിക്കൻ ദേശീയ കാലാവസ്ഥാ വകുപ്പിന്റെ പ്രവർത്തനങ്ങളെയും രാജ്യവ്യാപകമായ ഇന്റർനെറ്റ്, വാർത്താവിനിമയ പ്രശ്നങ്ങൾ ബാധിച്ചു. കാലാവസ്ഥാ വിവരങ്ങൾ ലഭിക്കുന്നതിലും തടസമുണ്ടായിട്ടുണ്ട്. വെബ്സൈറ്റുകളിൽ കാലഹരണപ്പെട്ട വിവരങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img