
വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ ലക്ഷ്യമാക്കി യുഎസ് സൈന്യം നടത്തിയ സംയുക്ത സൈനിക നീക്കത്തിനിടെ, അദ്ദേഹം ഭാര്യയോടൊപ്പം സുരക്ഷിത മുറിയിലേക്ക് മാറാൻ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരക്കസിലെ വസതിയിൽ സൈന്യം എത്തുമ്പോൾ മഡുറോ സുരക്ഷിത മുറിയുടെ വാതിലിനരികെ വരെ എത്തിയെങ്കിലും, അതിന് മുൻപേ സൈന്യം വളഞ്ഞതോടെ കീഴടങ്ങേണ്ടിവന്നതായും ട്രംപ് പറഞ്ഞു.
‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്ന പേരിൽ നടപ്പാക്കിയ ദൗത്യത്തിനായി ഡെൽറ്റ ഫോഴ്സ് മഡുറോയുടെ വസതിയുടെ മാതൃക നിർമ്മിച്ച് മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ശക്തമായ സുരക്ഷാ സംവിധാനങ്ങളും ലോഹവാതിലുകളും തകർക്കുന്ന രീതികളും പരിശീലനത്തിന്റെ ഭാഗമായിരുന്നു.
സിഐഎയുടെ പ്രത്യേക സംഘം ഓഗസ്റ്റ് മുതൽ വെനസ്വേലയിലുണ്ടായിരുന്നുവെന്നും മഡുറോയുടെ ദിനചര്യയും നീക്കങ്ങളും നിരീക്ഷിച്ചിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ദൗത്യത്തിന് നാല് ദിവസം മുൻപ് അനുമതി നൽകിയെങ്കിലും, കാലാവസ്ഥ അനുകൂലമാകുന്നതിനായി നടപടി മാറ്റിവച്ചതായും അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയോടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയിൽ നിന്ന് ട്രംപും അദ്ദേഹത്തിന്റെ സംഘവും സൈനിക നീക്കം തത്സമയം നിരീക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.











