
ദോഹ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ശനിയാഴ്ച ഖത്തറിൽ എത്തിച്ചേർന്നു. മേഖലയിൽ യുദ്ധം രൂക്ഷമാവുകയും ആഗോള ഊർജ്ജ വിപണി കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സെലെൻസ്‌കിയുടെ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെയും സംഘത്തെയും ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. ഖത്തറിലെ യുക്രെയ്ൻ അംബാസഡർ ആൻഡ്രി കുസ്മെൻകോയും ചടങ്ങിൽ സന്നിഹിതനായിരുന്നു.ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോളതലത്തിൽ സൃഷ്ടിച്ചിട്ടുള്ള രാഷ്ട്രീയ-സാമ്പത്തിക ആഘാതങ്ങൾക്കിടയിൽ, ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നത്.ലോകത്തെ പ്രധാന എൽ.എൻ.ജി കയറ്റുമതിക്കാരായ ഖത്തറുമായി, നിലവിലെ ഊർജ്ജ ക്ഷാമം പരിഹരിക്കുന്നതിനെക്കുറിച്ചും യുക്രെയ്നിലേക്കുള്ള ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നേക്കും.പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധസാഹചര്യങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിൽ ഖത്തറിന്റെ മധ്യസ്ഥത സെലെൻസ്‌കി തേടിയേക്കുമെന്നും സൂചനയുണ്ട്.
യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുകയും ഹീലിയം, എൽ.എൻ.ജി വിതരണ ശൃംഖലകൾ തകരുകയും ചെയ്ത സാഹചര്യത്തിൽ, സെലെൻസ്‌കിയുടെ ഈ ദോഹ സന്ദർശനം പുതിയ ആഗോള സമവാക്യങ്ങൾക്ക് വഴിവെച്ചേക്കാം.











