06:56pm 30 October 2026
NEWS
റഷ്യൻ മുങ്ങിക്കപ്പൽ കടൽഡ്രോൺ ഉപയോ​ഗിച്ച് തകർത്ത് യുക്രൈൻ
18/12/2025  04:32 AM IST
nila
റഷ്യൻ മുങ്ങിക്കപ്പൽ കടൽഡ്രോൺ ഉപയോ​ഗിച്ച് തകർത്ത് യുക്രൈൻ

കീവ്: കരിങ്കടലിൽ റഷ്യയുടെ മുങ്ങിക്കപ്പൽ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രൈൻ. നോവോറോസിസ്കിലെ നാവികത്താവളത്തിൽ നങ്കൂരമിട്ടിരുന്ന മുങ്ങിക്കപ്പലിനെയാണ് യുക്രൈൻ ആക്രമിച്ചത്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും യുക്രെയ്ൻ പുറത്തുവിട്ടിട്ടുണ്ട്. ലോകത്ത് ആദ്യമായാണ് ഒരു മുങ്ങിക്കപ്പൽ ഇത്തരത്തിൽ ഡ്രോൺ ആക്രമണത്തിനിരയാകുന്നത്.

ആക്രമണം നടന്നുവെന്ന് റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, മുങ്ങിക്കപ്പൽ നശിച്ചിട്ടില്ലെന്ന നിലപാടിലാണ് റഷ്യൻ അധികൃതർ. യുക്രെയ്ൻ ഉപയോഗിച്ചതായി പറയുന്നത് ‘സബ് സീ ബേബി’ എന്ന രഹസ്യ കടൽ ഡ്രോണാണ്. റഷ്യൻ അധിനിവേശത്തിനു പിന്നാലെ രൂപകൽപന ചെയ്ത ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്ൻ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനാണെന്നാണ് വിവരം. എന്നാൽ ഇതിന്റെ കഴിവുകളെയും സാങ്കേതിക സവിശേഷതകളെയും കുറിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

വർഷവ്യാങ്ക ക്ലാസിൽപ്പെട്ട റഷ്യൻ മുങ്ങിക്കപ്പലാണ് ആക്രമണത്തിന് ഇരയായത് എന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. 52 നാവികർ കപ്പലിലുണ്ടായിരുന്നുവെന്നും 73.8 മീറ്റർ നീളമുള്ള ഈ മുങ്ങിക്കപ്പലിന്റെ വില ഏകദേശം 40 കോടി ഡോളറാണെന്നും റിപ്പോർട്ടുകളുണ്ട്.

റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ കടൽ ഡ്രോണുകൾ യുക്രെയ്ൻ കൂടുതൽ ശക്തമായി വിനിയോഗിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാണ്. ‘സീ ബേബി’ ഡ്രോണുകൾക്കൊപ്പം ടൊലോക ടി.എൽ.കെ–150, ടി.എൽ.കെ–1000 എന്നീ ഡ്രോണുകളും യുക്രെയ്ൻ സേനയ്ക്കുണ്ട്. ടി.എൽ.കെ–150 ഡ്രോണിന് 50 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കാൻ കഴിയുമ്പോൾ, ടി.എൽ.കെ–1000-ന് 5000 കിലോഗ്രാം വരെ സ്ഫോടകവസ്തു വഹിക്കാനാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img