
ദോഹ: പേൾ ഖത്തർ, ജിവാൻ ഐലൻഡ് എന്നിവയുടെ മുഖ്യ ഡെവലപ്പർമാരായ യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനി (UDC) സംഘടിപ്പിക്കുന്ന രണ്ടാമത് വനിതാ പാഡൽ ടൂർണമെന്റിന് ഇന്ന് (മെയ് 10) തുടക്കമാകും. ആദ്യ പതിപ്പിന്റെ വൻ വിജയത്തിന് പിന്നാലെയാണ് രണ്ടാമത് ടൂർണമെന്റിന് വേദിയൊരുങ്ങുന്നത്.
രണ്ട് ദ്വീപുകളിലെയും താമസക്കാർക്ക് മാത്രമായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കായികക്ഷമതയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം താമസക്കാർക്കിടയിൽ ശക്തമായ സാമൂഹിക ബന്ധം വളർത്തുകയുമാണ് ഇതിലൂടെ യു.ഡി.സി ലക്ഷ്യമിടുന്നത്.ഫനാർ ഫൈറൂസിലെ പാഡൽ കോർട്ടുകളിൽ വൈകുന്നേരം 6 മുതൽ രാത്രി 8 വരെയാണ്
മത്സരങ്ങൾ.ടൂർണമെന്റിന്റെ സെമി ഫൈനൽ മെയ് 12-നും ഫൈനൽ പോരാട്ടം മെയ് 14-നും നടക്കും.
ആകെ എട്ട് ടീമുകളാണ് ഇത്തവണ കിരീടത്തിനായി ഏറ്റുമുട്ടുന്നത്. നമ്മുടെ സമൂഹത്തിന്റെ ചാലകശക്തിയായ വനിതകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഒത്തുചേരാനും ഇത്തരം വേദികൾ അനിവാര്യമാണെന്ന് യു.ഡി.സി പബ്ലിക് സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ അബ്ദുല്ലത്തീഫ് അലി അൽ യാഫി പറഞ്ഞു.
പേൾ ഐലൻഡിനെയും ജിവാൻ ഐലൻഡിനെയും വിനോദത്തിനും സ്പോർട്സിനും മികച്ച ജീവിതസൗകര്യങ്ങൾക്കും മുൻഗണന നൽകുന്ന ലോകോത്തര കേന്ദ്രങ്ങളായി മാറ്റാനുള്ള യു.ഡി.സിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് ഈ കായികമേള. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ടൂർണമെന്റിൽ കാത്തിരിക്കുന്നുണ്ട്.











