
നാട്ടികയിൽ ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് യുവതികളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഇയ്യാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്. കാപ്പ പ്രകാരം ഒരു വർഷത്തേക്കാണ് നാടുകടത്തിയത്.
കഴിഞ്ഞ ജൂൺ 16 മുതൽ ഹിമയും സ്വാതിയും കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫീസിൽ ഒപ്പിടാനായി ഉത്തരവായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് മരണവീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇവരെ കാപ്പ നിയമ പ്രകാരം നാടുകടത്തുന്നത്.
വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ചാകേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ് യുവതികൾ. റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറാണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.











