
ഇടുക്കിയിൽ വീട്ടമ്മയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് സ്ത്രീകളെ കൂടി കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. കോലാനി സ്വദേശി താഴ്ചയിൽ ഉഷാ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (39) എന്നിവരാണ് പിടിയിലായത്. കരിമണ്ണൂർ പള്ളിക്കാമുറി പാഴൂക്കര സ്വദേശിയായ സ്ത്രീയാണ് തട്ടിപ്പിനിരയായത്. 2025 സെപ്റ്റംബറിലാണ് സംഭവം. ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്നാണെന്ന് പരിചയപ്പെടുത്തി എത്തിയ സംഘം രോഗശാന്തിക്കായി പ്രാർഥന നടത്താമെന്ന് പറഞ്ഞ് സ്ത്രീയുടെ വിശ്വാസം നേടിയിരുന്നു.
തുടർന്ന് മാല, മോതിരം, പണം എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങൾ പ്രാർഥനയ്ക്കായി വാങ്ങി പിന്നീട് തിരികെ നൽകാമെന്ന് പറഞ്ഞ് കൈപ്പറ്റുകയായിരുന്നു. ഒടുവിൽ അഞ്ചു പവന്റെ മാലയുമായി സംഘം മുങ്ങി. ആഭരണങ്ങൾ തിരികെ ലഭിക്കാതായതോടെയാണ് സ്ത്രീ പോലീസിൽ പരാതി നൽകിയത്.
തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിനിടെ തൊടുപുഴ പാറക്കടവ് കോളനിയിലെ വിജീഷ്, സുലോചന, അഞ്ജു, ഷാജിത എന്നിവരെ മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഉഷയെയും ദേവിയെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൂടെയാണ് പിന്നീട് പോലീസ് പിടികൂടിയത്.










