
ചെന്നൈ: വിജയ് സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ അനുകൂലമായി വോട്ട് ചെയ്യാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തതായി അണ്ണാഡിഎംകെ നേതാക്കൾക്കെതിരെ ടിവികെ എംഎൽഎ മാധർ ബദുറുദ്ദീൻ (മുസ്തഫ) ആരോപിച്ചു. 15 കോടി രൂപ മുൻകൂറായി നൽകാമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിച്ചശേഷം ശേഷിക്കുന്ന തുക കൈമാറാമെന്നുമാണ് വാഗ്ദാനം ചെയ്തതെന്നാണ് എംഎൽഎയുടെ വെളിപ്പെടുത്തൽ.
എന്നാൽ, ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അണ്ണാഡിഎംകെ നേതൃത്വം പ്രതികരിച്ചു. ആരോപണം ഉന്നയിച്ച എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാർട്ടി വ്യക്തമാക്കി.
വിജയ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഡിഎംകെയും അണ്ണാഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നതിന്റെ തെളിവാണ് കോഴ വാഗ്ദാനമെന്ന് മന്ത്രി ആർ. നിർമൽ കുമാർ ആരോപിച്ചു. അതേസമയം, സർക്കാരിന്റെ കഴിവുകേടും അഴിമതിയും മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് മുൻ മന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ആർ.ബി. ഉദയകുമാർ തിരിച്ചടിച്ചു.
ടിവികെ എംഎൽഎ എൻ. ഇളയരാജയും ഏതാനും മാസം മുൻപ് സമാനമായ കോഴ വാഗ്ദാന ആരോപണം ഉന്നയിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലോടെ വിജയ് സർക്കാരിനെതിരായ രാഷ്ട്രീയ നീക്കങ്ങളെച്ചൊല്ലിയുള്ള വിവാദം വീണ്ടും ശക്തമായിരിക്കുകയാണ്.










