
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിലുള്ള നിക്ഷേപ അക്കൗണ്ടുകളിൽ നടന്ന ഓഹരി ഇടപാടുകൾ മുൻ പ്രസിഡന്റുമാരുമായി താരതമ്യം ചെയ്യുമ്പോൾ സമാനതകളില്ലാത്ത തോതിലാണെന്ന് റിപ്പോർട്ട്. സിബിഎസ് ന്യൂസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026-ലെ ആദ്യ മൂന്ന് മാസങ്ങൾക്കിടെ ട്രംപിന്റെ അക്കൗണ്ടുകളിൽ 3,600-ലധികം ഓഹരി ഇടപാടുകൾ നടന്നതായും, ഇടപാടുകളുടെ ആകെ മൂല്യം 212 ദശലക്ഷം മുതൽ 695 ദശലക്ഷം ഡോളർ വരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 2025ൽ രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം ആകെ 24,642 ഓഹരി ഇടപാടുകൾ നടന്നിട്ടുണ്ട് എന്ന കണക്കുകളും പുറത്തുവരുന്നുണ്ട്.
ട്രംപിന്റെ നിർബന്ധിത സാമ്പത്തിക വെളിപ്പെടുത്തൽ രേഖകളെ അടിസ്ഥാനമാക്കിയാണ് സിബിഎസ് ന്യൂസ് അന്വേഷണം തയ്യാറാക്കിയത്. അമേരിക്കൻ ചരിത്രത്തിൽ അധികാരത്തിലിരിക്കെ ഒരു പ്രസിഡന്റിന്റെ പേരിലുള്ള അക്കൗണ്ടുകളിൽ ഇത്രയും വലിയ തോതിൽ ഓഹരി വ്യാപാരം നടന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, ട്രംപിന്റെ നിക്ഷേപങ്ങൾ കുടുംബ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്. ട്രംപ് നേരിട്ട് ഇടപാടുകളിൽ പങ്കെടുക്കുന്നില്ലെന്നും, നിക്ഷേപ തീരുമാനങ്ങൾ സ്വതന്ത്ര സാമ്പത്തിക ഉപദേഷ്ടാക്കളാണ് എടുക്കുന്നതെന്നും ഭരണകൂടം വ്യക്തമാക്കുന്നു.
അതേസമയം, അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ പേരിൽ ഇത്രയും വലിയ തോതിൽ ഓഹരി ഇടപാടുകൾ നടക്കുന്നത് താൽപര്യ സംഘർഷത്തിന് ഇടയാക്കുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്റിന്റെ നയപരമായ തീരുമാനങ്ങൾ വിപണിയെ സ്വാധീനിക്കാനുള്ള സാധ്യതയുള്ളതിനാൽ കൂടുതൽ സുതാര്യത ആവശ്യമാണെന്നും അവർ അഭിപ്രായപ്പെടുന്നു.










