08:22am 21 April 2026
NEWS
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയത്തിന് തൊട്ടടുത്തെന്ന് ട്രംപ്
21/04/2026  06:24 AM IST
nila
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയത്തിന് തൊട്ടടുത്തെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയത്തിന് തൊട്ടടുത്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാര്യങ്ങൾ എല്ലാം അനുകൂലമായി പുരോഗമിക്കുകയാണെന്നും സൈന്യം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ യുദ്ധത്തിൽ അമേരിക്ക തോൽക്കുകയാണെന്ന തോന്നൽ സൃഷ്ടിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. ഈ റിപ്പോർട്ടുകൾ ശത്രുക്കളെയും ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരായ ഉപരോധങ്ങളാണ് ഏറ്റവും നിർണായക ആയുധമെന്നും, ഒരു കരാർ ഉണ്ടാകുന്നതുവരെ അവ പിൻവലിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഉപരോധങ്ങൾ കാരണം ഇറാന് പ്രതിദിനം ഏകദേശം 50 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

‘‘വ്യാജ വാർത്താ മാധ്യമങ്ങൾ വായിച്ചാൽ, നമ്മൾ യുദ്ധത്തിൽ തോൽക്കുകയാണെന്നു നിങ്ങൾക്ക് തോന്നിപ്പോകും. ശത്രുക്കളും ആശയക്കുഴപ്പത്തിലാണ്. കാരണം, അവരും ഈ മാധ്യമ റിപ്പോർട്ടുകൾ തന്നെയാണ് കാണുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉപരോധമാണ്. കരാർ ഉണ്ടാകുന്നത് വരെ ഉപരോധം പിൽവലിക്കില്ല. ഇത് ഇറാനെ പൂർണ്ണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളർ വീതമാണ് അവർക്ക്  നഷ്ടപ്പെടുന്നത്’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതിനിടെ ഇറാനെതിരായ സൈനിക നടപടിക്ക് ഇസ്രയേൽ പ്രേരിപ്പിച്ചെന്ന റിപ്പോർട്ടുകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ ഒരിക്കലും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്റെ തീരുമാനവുമാണു ആക്രമണത്തിനു പിന്നിലെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങൾ സംസാരിക്കാൻ ഇഷ്ടപ്പെടാത്ത വെനസ്വേലയിലെ ഫലം പോലെ ഇറാനിലെ ഫലങ്ങളും അതിശയകരമായിരിക്കും. പുതിയ നേതാക്കൾ മികച്ചതാണെങ്കിൽ ഇറാന് മഹത്തായതും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകുമെന്നും ട്രംപ് കുറിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെയാണ് ട്രംപിന്റെ പ്രസ്താവന. അതിനിടെ ഇറാനുമായി ഒരു കരാറിൽ ഏർപ്പെടാൻ തനിക്ക് യാതൊരുവിധ സമ്മർദവുമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ‘‘കരാറിൽ ഏർപ്പെടാൻ എന്റെ മേൽ സമ്മർദം ഉണ്ടെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ഞാൻ വായിച്ചു. ഇത് സത്യമല്ല. യാതൊരുവിധ സമ്മർദവും എനിക്കില്ല. എങ്കിലും എല്ലാം താരതമ്യേന വേഗത്തിൽ തന്നെ സംഭവിക്കും’’ –  ട്രംപ് കുറിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img