
സൊമാലിയയെ വീണ്ടും കടുത്ത ഭാഷയിൽ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന റാലിയിൽ സംസാരിക്കവേയാണ് ട്രംപിന്റെ വിദ്വേഷ പരാമർശങ്ങൾ. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തെ വിമർശിച്ച് വരുന്ന ട്രംപ് സൊമാലിയയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. അഫ്ഗാനിസ്ഥാൻ, ഹെയ്റ്റി, സൊമാലിയ എന്നിവിടങ്ങളിൽ നിന്ന് കുടിയേറ്റം താൻ പൂർണമായും തടഞ്ഞുവെന്ന അവകാശവും അദ്ദേഹം ആവർത്തിച്ചു.
സൊമാലിയയെ കുറിച്ച് “അരാജകത്വവും കുറ്റകൃത്യങ്ങളും നിറഞ്ഞ” രാജ്യമെന്ന തരത്തിലുള്ള അധിക്ഷേപപദങ്ങൾ ട്രംപ് തന്റെ പ്രസംഗത്തിൽ ഉപയോഗിച്ചു. അതിനിടെ, ജനക്കൂട്ടത്തിൽ നിന്ന് 2018-ൽ ട്രംപ് ഉപയോഗിച്ചെന്നാണ് ആരോപിക്കപ്പെട്ടിരുന്ന അസഭ്യപദം ഒരാൾ വിളിച്ചു പറയുകയുണ്ടായി. അതിനു മറുപടിയായി ട്രംപ്, താൻ അന്ന് ആ പദം ഉപയോഗിച്ചതായി സൂചിപ്പിച്ചു. ആ സമയത്ത് വൈറ്റ് ഹൗസ് ട്രംപ് വംശീയ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്നു.
റാലിയിലെ പ്രസംഗം, ട്രംപിന്റെ കുടിയേറ്റനയത്തോട് ബന്ധപ്പെട്ട പഴയ വിവാദങ്ങൾ വീണ്ടും ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്.











