12:54am 25 May 2026
NEWS
തന്നെ ‘മിടുക്കനായ ഏകാധിപതി’ എന്ന് വിളിച്ചാൽ പ്രശ്നമില്ലെന്ന് ട്രംപ്
24/05/2026  06:24 AM IST
nila
തന്നെ ‘മിടുക്കനായ ഏകാധിപതി’ എന്ന് വിളിച്ചാൽ പ്രശ്നമില്ലെന്ന് ട്രംപ്

വാഷിങ്ടൻ: തനിക്കെതിരായ വിമർശനങ്ങളിൽ ഏറ്റവും അസഹ്യമായി തോന്നുന്നത് ‘ബുദ്ധിശൂന്യൻ’ എന്ന വിശേഷണമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ‘മിടുക്കനായ ഏകാധിപതി’ എന്ന് വിശേഷിപ്പിച്ചാലും അതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പരാമർശം.

സ്വന്തം മാനസികാരോഗ്യത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ താൻ മാനസികാരോ​ഗ്യ പരിശോധനയ്ക്ക് വിധേയനായെന്നും അതിൽ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. വിമർശകർ തന്നെ ‘ബുദ്ധിശൂന്യൻ’ എന്ന് വിളിക്കുന്നതിനെക്കുറിച്ച് ഡോക്ടറോട് പരാതി പറഞ്ഞതായും, അത് തെറ്റാണെന്ന് തെളിയിക്കാൻ എന്തെങ്കിലും പരിശോധനയുണ്ടോ എന്ന് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. അതിന് മറുപടിയായി കോഗ്നിറ്റീവ് ടെസ്റ്റ് നടത്താമെന്ന് ഡോക്ടർ നിർദേശിച്ചെന്നും, മുൻ പ്രസിഡന്റുമാർ പലരും ഇത്തരം പരിശോധനകൾ നടത്തിയിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ടെസ്റ്റിന്റെ തുടക്കത്തിലെ ചോദ്യങ്ങൾ ലളിതമാണെങ്കിലും അവസാനഘട്ടത്തിൽ കൂടുതൽ ബുദ്ധിമുട്ടുള്ളവയാകുമെന്നും അദ്ദേഹം പറഞ്ഞു. താൻ ഇതിനകം മൂന്ന് തവണ ഈ പരിശോധന വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

മുൻപ് ഒരു പ്രസിഡന്റും ഈ പരിശോധനയ്ക്ക് വിധേയരായിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞെന്നും ട്രംപ് വെളിപ്പെടുത്തി. ഈ ടെസ്റ്റിലെ ചോദ്യങ്ങൾ ആദ്യം എളുപ്പമുള്ളതാണെങ്കിലും അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ കഠിനമാകുമെന്നും ട്രംപ് വിശദീകരിച്ചു. ‌താൻ മൂന്ന് തവണ ഈ പരിശോധന വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. 

പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവർക്കും കോഗ്നിറ്റീവ് ടെസ്റ്റ് നിർബന്ധമാക്കണമെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴി പറഞ്ഞു. ബരാക് ഒബാമ, ജോ ബൈഡൻ എന്നിവരെപ്പോലെയുള്ളവർ തിരഞ്ഞെടുക്കപ്പെടുന്നത് തടയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങൾക്കെതിരെ പ്രമുഖ മെഡിക്കൽ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് എഴുതിയെന്ന് പറയുന്ന ‘മോൺട്രിയൽ കോഗ്നിറ്റീവ് അസസ്‌മെന്റ്’ എന്നത് ഡിമൻഷ്യ (മറവിരോഗം) പോലുള്ള രോഗങ്ങൾ കണ്ടെത്താനുള്ള പ്രാഥമിക പരിശോധന മാത്രമാണെന്ന് ടഫ്റ്റ്‌സ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. ഹെൻറി ഡേവിഡ് എബ്രഹാം വ്യക്തമാക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ മൂന്ന് തവണ ഈ ടെസ്റ്റ് നടത്തേണ്ടി വന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ മാനസിക ശേഷി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ മുൻ പ്രഫസർ ഡോ. ജോൺ ഗാർട്നറും ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img