
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാനശ്രമങ്ങളെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ നിരന്തരം ഇടപെടുന്ന “ഒരു അത്ഭുത വ്യക്തിത്വമാണ് അമീർ” എന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ കുറയ്ക്കാനും സമാധാനപരമായ പരിഹാരങ്ങൾ സാധ്യമാക്കാനും ഖത്തറിന്റെ നിർണായകവും തന്ത്രപരവുമായ പങ്ക് യു.എസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു. നയതന്ത്ര തലത്തിലുള്ള ഇടപെടലുകളിൽ ഖത്തർ നൽകിയ സംഭാവനകളെയും അദ്ദേഹം പ്രത്യേകം വിലയിരുത്തി.
അതേസമയം, ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖത്തറിന്റെ പരമാധികാരത്തിനെതിരായ നീക്കത്തിലും പൗരൻ ബദർ അൽ ദോസാരിയുടെ രക്തസാക്ഷിത്വത്തിലും ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി നടത്തിയ ഫോൺസംഭാഷണത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ ക്ഷമാപണം.
ഭാവിയിൽ ഖത്തറിനെതിരായ ആക്രമണം ആവർത്തിക്കില്ലെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും നെതന്യാഹു ഉറപ്പുനൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.











