അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റേത്. പ്രവചിക്കാത്ത ആധികാരികമായ വിജയമായിരുന്നു. നമ്മുടെ നാടൻ ചിന്തകളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാഹാരിസിനായിരുന്നു മുൻതൂക്കം. എന്നാൽ ഗ്രൗണ്ട് റിയാലിറ്റി മറ്റൊന്നായിരുന്നു. ട്രംപിനെ വായാടിയെന്നും, കോമാളിയെന്നും ഒക്കെ നമ്മൾ കളിയാക്കിയിരുന്നു. പക്ഷേ ട്രംപ് മുന്നോട്ടുവച്ച രാഷ്ട്രീയ സാമ്പത്തിക നിലപാടുകൾ ഒരു സാധാരണ അമേരിക്കക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തെയും വിശ്വാസങ്ങളെയും ബന്ധപ്പെടുത്തുന്നതായിരുന്നു. ട്രംപ് വിജയം കൊയ്തത് ഈ നിലപാടുതറയിൽ നിന്നാണ്.
അമേരിക്കൻ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ട്രംപിനെ നേരിടാനുള്ള ഒരു യുക്തമായ എതിരാളി ആയിരുന്നില്ല കമലാഹാരിസ്. അമേരിക്കയുടെ പ്രസിഡന്റായി ഒരു ടേം വൈറ്റ് ഹൗസിലിരുന്ന ആളാണ് ട്രംപ്. 2020 ൽ പ്രസിഡന്റ് പദം ഒഴിഞ്ഞ ശേഷം നീണ്ട നാല് കൊല്ലം ഒരു തിരിച്ചുവരവിനുള്ള സർവ്വസന്നാഹങ്ങളും സജ്ജീകരിച്ചുകൊണ്ടാണ് ട്രംപ് ഗോദയിലേക്കിറങ്ങിയത്. അതിന്റെ നേട്ടങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. ട്രംപും, കമലയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും, മുൻതൂക്കം നോക്കിയാൽ കമലാഹാരിസ് ഒരു കഴഞ്ചെങ്കിലും മുന്നിലാണെന്നും ഒക്കെയായിരുന്നു നമ്മുടെ മാധ്യമങ്ങളുടെ നിരീക്ഷണങ്ങൾ. പക്ഷേ ഒടുവിൽ വെടി പൊട്ടിച്ചപ്പോൾ ആധികാരികമായ വിജയമാണ് ട്രംപ് കരസ്ഥമാക്കിയത്.
ട്രംപിന്റെ വിജയം സമ്പൂർണ്ണ ആധികാരികമായിരുന്നു. 2020 ലെ തെരഞ്ഞെടുപ്പിൽ ട്രംപ് ഹിലാരി ക്ലിന്റനെ പരാജയപ്പെടുത്തുമ്പോൾ ഇലക്ട്രൽ കോളേജിൽ മാത്രമേ ഭൂരിപക്ഷമുണ്ടായിരുന്നുള്ളു. എന്നാൽ ഇത്തവണ ഇലക്ട്രൽ വോട്ടിലും, പോപ്പുലർ വോട്ടിലും ഒരുമിച്ച് ട്രംപ് ഭൂരിപക്ഷം നേടി. മൊത്തം 528 ഇലക്ട്രൽ വോട്ടിൽ 300 നടുത്ത് ട്രംപിന് ലഭിച്ചു. ജനകീയ വോട്ടിൽ 50 ശതമാനത്തിന് മുകളിൽ നേടാൻ ട്രംപിന് കഴിഞ്ഞു. കമലാഹാരിസിന് ലഭിച്ചത് ഏതാണ്ട് 47 ശതമാനം വോട്ടാണ്. റിപ്പബ്ലിക്കുകളെയും ഡെമോക്രാറ്റുകളെയും മാറിമാറി വരിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളെന്ന് കരുതുന്ന എട്ട് സംസ്ഥാനങ്ങളിൽ ഇത്തവണ ട്രംപ് സമ്പൂർണ്ണ ആധിപത്യം നേടി. ട്രംപ്, ജോ ബൈഡനുമായി ഏറ്റുമുട്ടിയ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ സ്റ്റേറ്റുകളിൽ ആറെണ്ണവും ബൈഡനോടൊപ്പമാണ് നിന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാത്രമല്ല റിപ്പബ്ലിക്കനുകൾ തൂത്തുവാരിയത്. അമേരിക്കയുടെ നിയമനിർമ്മാണ സഭകളായ സെനറ്റിലേക്കും പ്രതിനിധിസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിലും അവർ ഡെമോക്രാറ്റുകളെ മലർത്തിയടിച്ചു. സെനറ്റിലെ നൂറ് അംഗങ്ങളിൽ 52 സീറ്റുകളാണ് റിപ്പബ്ലിക്കുകൾ നേടിയത്. ജനപ്രതിനിധി സഭയിൽ 208 സീറ്റുകൾ റിപ്പബ്ലിക്കനുകൾക്കും 189 സീറ്റുകൾ ഡെമോക്രാറ്റുകൾക്കും ലഭിച്ചു.
സർവ്വാധിപത്യത്തോടെ ട്രംപ് നേടിയ വിജയം ഒരിക്കലും അപ്രതീക്ഷിതമായിരുന്നില്ല. ട്രംപിനെപ്പോലെ ഒരു രാഷ്ട്രീയപ്പോരാളിയെ അടുത്ത കാലത്തെങ്ങും അമേരിക്ക കണ്ടിട്ടില്ല. വൈറ്റ് ഹൗസ് കണ്ട അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് ട്രംപെങ്കിലും പ്രായം അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെ തളർത്തിയില്ല. 2020 തെരഞ്ഞെടുപ്പിൽ ബൈഡനോട് തോറ്റപ്പോൾ ട്രംപ് കളം വിടേണ്ടതായിരുന്നു. അന്ന് തോൽവി അംഗീകരിക്കാതെ വെല്ലുവിളി ഉയർത്തിയ ട്രംപിനെ പിന്തുണച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ അമേരിക്കയുടെ അധികാരകേന്ദ്രമായ വൈറ്റ് ഹാൾ ആക്രമിച്ചപ്പോഴും ട്രംപ് ചാഞ്ചാട്ടമില്ലാതെ തന്റെ വാദങ്ങളിൽ ഉറച്ചുനിന്നു. പിന്നീട് വൈറ്റ് ഹാൾ അക്രമത്തെച്ചൊല്ലിയും, എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ കോടികൾ മുടക്കി പലരേയും വിലയ്‌ക്കെടുത്തതിനെച്ചൊല്ലിയും നിരവധി ക്രിമിനൽ കേസുകളാണ് ബൈഡൻ സർക്കാർ ട്രംപിനെതിരെ ചാർത്തി അദ്ദേഹത്തെ വരിഞ്ഞുമുറുക്കിയത്. അത്തരം ഒരു കേസിൽ ട്രംപിനെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആ കേസിൽ അപ്പീൽ നൽകിയാണ് ട്രംപ് തെരഞ്ഞെടുപ്പ് ഗോദയിൽ നിന്നത്. ട്രംപ് ഇപ്പോൾ ആധികാരികമായി വിജയം നേടി വൈറ്റ് ഹൗസിലെത്തുമ്പോൾ ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആദ്യപ്രസിഡന്റ് എന്ന റിക്കാർഡും സൃഷ്ടിക്കപ്പെടും. പ്രസിഡന്റിന്റെ പേരിൽ ആരോപിക്കപ്പെട്ട കേസുകളിൽ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് രണ്ടുതവണ ഇംപിച്ച്‌മെന്റ് നടപടികൾക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്. ഇത്തരം നിരവധി കുരുക്കുകളിൽപ്പെട്ട് വലയുന്ന ട്രംപാണ് ഒട്ടും കൂസാതെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി കമലാഹാരിസിനെ മലർത്തിയടിച്ചത്. ട്രംപിന് നേരെ നടന്ന രണ്ട് വധശ്രമങ്ങളും അദ്ദേഹത്തിന് വീരപരിവേഷം നൽകി.
തെരഞ്ഞെടുപ്പ് വേളയിൽ ട്രംപ് എടുത്ത് പ്രയോഗിച്ച രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങൾ അമേരിക്കയ്ക്ക് പുറത്ത് പലരും ഭ്രാന്തമായി ചിത്രീകരിച്ചെങ്കിലും അമേരിക്കയിലുടനീളം അത് സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങളുമായി താദാത്മ്യം പ്രാപിച്ചു എന്നതാണ് വാസ്തവം. കുടിയേറ്റം കർശനമായി നിയന്ത്രിക്കുമെന്നും അമേരിക്കൻ അതിർത്തികളിൽ അനധികൃത കുടിയേറ്റം തടയാൻ വേലിവയ്ക്കുമെന്നും ഒക്കെ ട്രംപ് തെരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. യഥാർത്ഥത്തിൽ അമേരിക്ക ഇന്ന് നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് കുടിയേറ്റ വിഷയം. മെക്‌സിക്കൻ അതിർത്തികൾ താണ്ടി അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം സൃഷ്ടിക്കുന്ന ബാധ്യതകൾ അമേരിക്ക വർഷങ്ങളായി പേറുന്നുണ്ട്. വലിയ ക്രിമിനൽ സംഘങ്ങളാണ് കോടികൾ വാരിക്കൂട്ടുന്നത്. ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റത്തിന്റെ മറവിലാണ് തീവ്രവാദ മുസ്ലിം ഗ്രൂപ്പുകളുടെ വിളനിലമായ രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളുടെ വേഷം കെട്ടി നടത്തുന്ന സാമ്പത്തിക കുടിയേറ്റക്കാർ മറ്റൊരു വലിയ തലവേദനയാണ്. ഇൻഡ്യപോലുള്ള രാജ്യങ്ങളിൽ നിന്ന് കുടിയേറുന്ന അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്കെതിരെ ട്രംപ് വലിയ വിദ്വേഷമൊന്നും പ്രകടിപ്പിച്ച് കണ്ടിട്ടില്ല. അമേരിക്കയിലെ സാധാരണജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രാരാബ്ധങ്ങളും ട്രംപിന്റെ ഇലക്ഷൻ തുറുപ്പ് ചീട്ടായിരുന്നു. 'അഞ്ച് കൊല്ലങ്ങൾക്ക് മുൻപുള്ളതിനേക്കാൾ സാമ്പത്തികമായി നിങ്ങൾ പച്ചപിടിച്ചോ' എന്ന ചോദ്യമുയർത്തിയാണ് ട്രംപ് പ്രചരണം നടത്തിയത്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ മേഖലകൾ ബൈഡൻ ഭരണകാലത്ത് ഒട്ടൊക്കെ വഷളായിരുന്നു. ട്രംപ് അത് ശരിക്കും മുതലെടുത്തു.
കമലാഹാരിസിനെ സംബന്ധിച്ചിടത്തളം തെരഞ്ഞെടുപ്പ് തുടക്കം തന്നെ അത്ര ശുഭകരമല്ലായിരുന്നു. ഒരു ടേംകൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കച്ചകെട്ടിയിറങ്ങിയതായിരുന്നു ബൈഡൻ. പക്ഷേ ഊർജ്ജസ്വലനായ ട്രംപിന്റെ മുന്നിൽ ബൈഡൻ കാലിടറുന്ന കാഴ്ചയാണ് കണ്ടത്. ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ബൈഡൻ കളംമാറാൻ സമ്മതിച്ചത്. തെരഞ്ഞെടുപ്പിന്റെ ആ അന്ത്യഘട്ടങ്ങളിൽ ഡെമോക്രാറ്റുകൾക്ക് പോപ്പുലറായ ഒരു സ്ഥാനാർത്ഥി പൊടുന്നനെ എടുത്ത് പ്രതിഷ്ഠിക്കാൻ കഴിയില്ലായിരുന്നു. അത്തരത്തിൽ അമേരിക്കക്കാർക്ക് ചിരപരിചിതമായ നാമധേയം കമലാഹാരിസിന്റേത് മാത്രമായിരുന്നു. എങ്കിലും ട്രംപിനെ അട്ടിമറിക്കാൻ തക്ക സെലിബ്രിറ്റിയൊന്നും ആയിരുന്നില്ല കമലാഹാരിസ്. 'അമേരിക്കയെ വീണ്ടും പടുത്തുയർത്തും' എന്ന മുദ്രാവാക്യവുമായി നിരന്ന ട്രംപിന്റെ ക്യാമ്പിനെ അലോസരപ്പെടുത്താൻ കമലയ്ക്ക് കഴിഞ്ഞില്ല. തെറ്റായ സാമ്പത്തികദിശയിലേക്ക് അമേരിക്കയെ തള്ളിവിട്ട ബൈഡൻ ഭരണത്തിന്റെ ഒരു പ്രതിനിധി കൂടിയായിരുന്നു കമലാഹാരിസ്. അതുകൊണ്ടു ജനങ്ങൾ അവരെ വിശ്വാസത്തിലെടുത്തില്ല. ബൈഡന്റെ കാലത്ത് വഷളായ കുടിയേറ്റ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം കമലയ്ക്ക് കൂടിയുള്ളതാണ് എന്ന വിലയിരുത്തലിലായിരുന്നു ജനം. അതിലൊക്കെ ഉപരി ട്രംപിന്റെ വ്യക്തിപ്രഭാവത്തിന് ഒരു ബദലാകാൻ കമലയ്ക്ക് കഴിയാതിരുന്നതാണ് അവരുടെ ഏറ്റവും വലിയ പരാജയം. കനത്ത ആരോപണങ്ങളുടെ നിഴലിൽ നിൽക്കുമ്പോഴും ട്രംപ് പുറത്തെടുത്ത സമരവീര്യം ജനങ്ങളെ ആകർഷിച്ചു. ട്രംപിന് നേരെ തന്നെ രണ്ട് വധശ്രമങ്ങളും ക്രിമിനൽ കേസുകളും അദ്ദേഹത്തിന് ഇരയുടെ പരിവേഷം നൽകി. ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കറുത്ത വർഗ്ഗക്കാർ. ഹിസ്‌വാനിയോസ്, ഇൻഡ്യൻ വംശജർ തുടങ്ങിയവർക്കിടയിലൊന്നും കമലാഹാരിസ് എന്ന കറുത്ത മുത്ത് ക്ലച്ച്പിടിച്ചില്ല. ട്രംപ് ആ മേഖലകളിലെല്ലാം കടന്നുകയറി. വർണ്ണ, വിശ്വാസങ്ങൾക്കതീതമായി അമേരിക്കയുടെ നിലനിൽപ്പിന് മെച്ചം ട്രംപാണെന്ന് ഇവർക്കിടയിൽ വളർന്ന വിശ്വാസം കമലാഹാരിസിന് തിരിച്ചടിയായി.
ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തുമ്പോൾ അന്തർദേശീയ വിഷയങ്ങളിൽ ഉണ്ടാകാൻ പോകുന്ന അനുരണനങ്ങളിൽ എങ്ങും ആകാംക്ഷയുണ്ട്. മധ്യപൂർവ്വേഷ്യയിലും, യൂറോപ്യൻ രാജ്യങ്ങളിലും, ചൈനയിലും ഒക്കെ ചങ്കിടിപ്പ് കൂട്ടുന്നതാണ് ട്രംപിന്റെ വരവ്. മിഡിൽ ഈസ്റ്റിലെ ഇസ്രായേൽ-അറബ് സംഘർഷങ്ങളിൽ ട്രംപിന്റെ നിലപാട് നിർണ്ണായകമാകും. ഇസ്രായേലുമായി അമേരിക്കയ്ക്കുള്ള പരമ്പരാഗതമായ സൗഹൃദത്തിന് ട്രംപിന്റെ കാലത്തും മാറ്റമുണ്ടാവില്ല. എന്നാൽ ഇസ്രയേലിനെ കയ്യും മെയ്യും മറന്ന് പിന്തുണയ്ക്കാൻ ട്രംപ് സന്നദ്ധനാകില്ല. ട്രംപിന്റെ കഴിഞ്ഞ ഭരണകാലത്താണ് മധ്യപൂർവ്വേഷ്യയിൽ ഇസ്രായേൽ അറബ് സൗഹൃദം പൂത്തുലഞ്ഞത്. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ പ്രേരകമായ ശക്തി ട്രംപ് തന്നെയായിരുന്നു. പാലസ്തീൻ- ഇസ്രായേൽ വിഷയത്തിലും ട്രംപിന്റെ ഇടപെടലുകളുണ്ടാവും. വരുന്ന നാല് കൊല്ലത്തെ ട്രംപ് ഭരണത്തിനിടയിൽ ഒരു സ്വതന്ത്ര പാലസ്തീൻ രാജ്യമെന്ന ആശയം പ്രാവർത്തികമായിക്കൂടെന്നില്ല. ലോകത്തിന് തലവേദനയാകുന്ന മറ്റൊരു സംഘർഷമാണ് യുക്രൈനും റഷ്യയും തമ്മിലുള്ളത്. ഇക്കാര്യത്തിൽ യുക്രൈനെ പൂർണ്ണമായി പിന്തുണയ്ക്കുന്ന യൂറോപ്യൻ നിലപാട് ട്രംപിനില്ല. കൂടാതെ റഷ്യൻ പ്രസിഡന്റ് പുടിനുമായി ട്രംപ് സൗഹൃദത്തിലുമാണ്. റഷ്യൻ വംശജർ ഭൂരിപക്ഷമുള്ള ചില പ്രദേശങ്ങൾ റഷ്യക്ക് വിട്ടുനൽകി യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് യുക്രൈന് മേൽ സമ്മർദ്ദം ചെലുത്തുമെന്നാണ് ഏറെക്കുറെ അനുമാനിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളുമായി അമേരിക്കയ്ക്കുള്ള പരമ്പരാഗത സൗഹൃദത്തിന് പുതിയ കാലത്തിൽ വലിയ വിലകൽപ്പിക്കുന്ന ആളല്ല ട്രംപ്. യൂറോപ്യൻ യൂണിയനും, നാറ്റോ സഖ്യവുമായി പൊരുത്തപ്പെടാത്ത ഒട്ടേറെ നിലപാടുകളുണ്ട് ട്രംപിന്. അമേരിക്കൻ നികുതിദായകരുടെ പണം യൂറോപ്പിന്റെ പ്രതിരോധച്ചെലവുകൾക്കായി നാറ്റോ വഴി വാരിച്ചെലവഴിക്കുന്നതിൽ ട്രംപിന് തൃപ്തിയില്ല. അമേരിക്കൻ സൈനികരെ വിദേശത്തേയ്ക്ക് അയച്ച് ആർക്കോ വേണ്ടി പടപൊരുതാനുള്ള സൗമനസ്യം ഒന്നും കാണിച്ച ആളല്ല ട്രംപ്. ഇൻഡ്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ വരവ് ഗുണകരം തന്നെയായിരിക്കും. ഇൻഡ്യയുമായുള്ള ബന്ധം പുതിയൊരു തലത്തിലേക്ക് വിപുലീകരിക്കാൻ ട്രംപ് മുൻകൈ എടുക്കുന്നുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ചൈനയെ മൂലയ്ക്കിരുത്തി അവരുടെ ശക്തി ചോർത്തിക്കളയണമെന്ന നിലപാടുകാരനാണ് ട്രംപ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ സാമ്പത്തികവും, സൈനികവുമായ കടുത്ത എതിരാളി ചൈന തന്നെയാണ്. റഷ്യയും, ചൈനയും തമ്മിൽ അടുത്തകാലത്ത് വളർന്നുവന്ന സൗഹൃദം മുളയിലേ നുള്ളാൻ ട്രംപ് ശ്രമിച്ചേക്കാം. എന്നാൽ അതത്ര എളുപ്പവുമല്ല. അമേരിക്കയുടെ വാണിജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബന്ധത്തിനപ്പുറം ചൈനയുടെ, ആഗോള സാമ്പത്തിക അധിനിവേശ സ്വപ്നങ്ങളെ തുറന്നെതിർക്കാൻ ട്രംപ് മടി കാണിക്കില്ല.
രണ്ടാം തവണ വൈറ്റ് ഹൗസിലെത്തുന്ന ട്രംപ് പഴയ ട്രംപിനേക്കാൾ ശക്തനായിരിക്കുമെന്നതിൽ സംശയമില്ല. പ്രതിസന്ധികളിൽ ഒട്ടും തളരാതെ എങ്ങനെയാണോ അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപ് പിടിച്ചുനിന്നതും വിജയം കൊയ്തതും അതേ ശൗര്യത്തോടെ ആഗോള വിഷയങ്ങളിലും ട്രംപ് ഇടപെടാൻ മടിക്കില്ല. ഒരുപക്ഷേ ഒരു ട്രംപ്‌യുഗം തന്നെ തീർത്തായിരിക്കും ട്രംപ് ഇനി മടങ്ങുക.