
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പൊതുസ്ഥലംമാറ്റ നടപടികൾ ആരംഭിച്ചതിന് ശേഷം, .മാനദണ്ഡങ്ങൾ ലംഘിച്ച് കഷ്ണം കഷ്ണമായി (Piecemeal) പുറപ്പെടുവിക്കുന്ന പ്രത്യേക സ്ഥലംമാറ്റ ഉത്തരവുകൾ നിയമവിരുദ്ധവും നിലനിൽക്കാത്തതുമാണെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. വകുപ്പിലെ വിവാദ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ ഒരു മാസത്തേക്ക് മരവിപ്പിച്ചു (Stay).
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ജൂൺ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ (G.O.(Rt) No. 1854/2026/H&FWD) മെഡിക്കൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് ട്രൈബ്യൂണൽ ജുഡീഷ്യൽ അംഗം (ഒ.എ. നമ്പറുകൾ 830, 831/2026 എന്നിവയിൽ) ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. അപേക്ഷകരുടെ കൗൺസിലിനെയും ഗവൺമെന്റ് പ്ലീഡറെയും കേട്ട ശേഷമാണ് ജുഡീഷ്യൽ അംഗം എം.ആർ. ശ്രീലത ഉത്തരവ് പാസാക്കിയത്.
സുതാര്യത തകർക്കുന്ന നടപടിയെന്ന് ജീവനക്കാർ
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ സ്പെഷ്യൽ ഓഫീസറായ ഡോ. അനൂജ യു. (58) തങ്ങളെ വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി മാറ്റിയതിനെതിരെ നൽകിയ ഹർജിയാണ് ഇതിൽ പ്രധാനപ്പെട്ടത്.
2026 മാർച്ച് 15-ന് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഓൺലൈൻ വഴി പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിരുന്നു.
ഈ നടപടികൾ പുരോഗമിക്കുന്നതിനിടയിൽ ജൂൺ ഒന്നിന് പെട്ടെന്ന് പ്രത്യേക ഉത്തരവ് ഇറക്കിയത് പൊതുസ്ഥലംമാറ്റ പ്രക്രിയയുടെ സുതാര്യത തകർക്കുന്നതാണെന്ന് അപേക്ഷകർ വാദിച്ചു.
സ്ഥലംമാറ്റത്തിന് മുന്നോടിയായി കരട് പട്ടിക (Draft List) പ്രസിദ്ധീകരിക്കുകയോ, ആക്ഷേപങ്ങൾ സമർപ്പിക്കാൻ ജീവനക്കാർക്ക് അവസരം നൽകുകയോ ചെയ്തിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ട്രൈബ്യൂണലിന്റെ നിരീക്ഷണം
പൊതുസ്ഥലംമാറ്റ നടപടികളുടെ പ്രധാന ലക്ഷ്യം സുതാര്യത ഉറപ്പാക്കലാണെന്ന് ട്രൈബ്യൂണൽ ഓർമ്മിപ്പിച്ചു. അത്തരം ഒരു പ്രക്രിയ ആരംഭിച്ച് കഴിഞ്ഞാൽ, ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് പരാതി ഉന്നയിക്കാൻ അവസരം നൽകാതെ ഇടക്കാലത്ത് പ്രത്യേക ഉത്തരവുകൾ ഇറക്കുന്നത് ജീവനക്കാരോട് ചെയ്യുന്ന അനീതിയാണെന്നും ഗുരുതരമായ ദോഷം ചെയ്യുമെന്നും ട്രൈബ്യൂണൽ വിലയിരുത്തി.
ഭരണപരമായ സൗകര്യങ്ങൾ മുൻനിർത്തിയും അടിയന്തിര സാഹചര്യങ്ങളിലും സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഗവൺമെന്റ് പ്ലീഡർ വാദിച്ചെങ്കിലും, പൊതുസ്ഥലംമാറ്റ നടപടികൾ തുടങ്ങിയ ശേഷം അതിന് പുറത്തുള്ള ഇത്തരം മാറ്റങ്ങൾ ജീവനക്കാരെ ദോഷകരമായി ബാധിക്കാൻ അനുവദിക്കില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
തൽസ്ഥിതി തുടരാൻ നിർദ്ദേശം
വിവാദ ഉത്തരവിലെ (Annexure-A3) സ്ഥലംമാറ്റ നടപടികൾ ഒരു മാസത്തേക്ക് മരവിപ്പിച്ച ട്രൈബ്യൂണൽ, ഈ ഉത്തരവ് വഴി മാറ്റപ്പെട്ട എല്ലാ ജീവനക്കാരെയും അവർ മുൻപ് ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിൽ തന്നെ നിലനിർത്താനും ഉത്തരവിട്ടു.
കോടതി വ്യക്തമാക്കിയത്: അതേസമയം, മുൻപ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള പൊതുസ്ഥലംമാറ്റ നടപടികൾ നിയമപരമായി പൂർത്തിയാക്കുന്നതിന് ഈ ഇടക്കാല ഉത്തരവ് സർക്കാരിന് തടസ്സമാകില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് കൂടുതൽ പരിശോധനകൾക്കായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.











