
പത്തനാപുരം: പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പിറവന്തൂർ ജംഗ്ഷന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹകരണ ബാങ്ക് ജീവനക്കാരൻ മരിച്ചു. പിറവന്തൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനും പിറവന്തൂർ വാഴത്തോപ്പ് വിനോദ് ഭവനിൽ പരേതനായ രാജന്റെയും സതിയുടെയും മകനുമായ വിനോദ് (44) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ച് ബാങ്കിലേക്ക് സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് വിനോദിനെ പിന്നാലെയെത്തിയ ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിനോദിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.
അപകടത്തെ തുടർന്ന് പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അവിവാഹിതനായ വിനോദിന്റെ മാതാവ് സതിയാണ്. സഹോദരി: ഉഷ.











