
ദോഹ:ട്രാഫിക്നിയമലംഘനങ്ങൾക്കുള്ള പിഴകൾ സമയബന്ധിതമായി അടച്ചുതീർക്കണമെന്ന് ഓർമ്മിപ്പിച്ച് ഖത്തർ
ആഭ്യന്തര മന്ത്രാലയം. നിയമലംഘനം നടന്ന് 12 മാസം കഴിഞ്ഞിട്ടും പിഴയടക്കാത്ത പക്ഷം, വിഷയം പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയ്ക്ക് കൈമാറുമെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇത്തരത്തിൽ കൈമാറുന്ന കേസുകളിൽ പിന്നീട് യാതൊരുവിധ ഒത്തുതീർപ്പുകളും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
തങ്ങളുടെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരമായ നടപടികളിൽ നിന്നും പബ്ലിക് പ്രോസിക്യൂഷൻ നടപടികളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ കൃത്യസമയത്ത് തന്നെ പിഴയടക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.ചില നിർദ്ദിഷ്ട ട്രാഫിക് നിയമലംഘനങ്ങൾക്ക്, അവ രേഖപ്പെടുത്തിയ ആദ്യ ഒരു മാസത്തിനുള്ളിൽ (30 ദിവസത്തിനകം) പിഴയടക്കുകയാണെങ്കിൽ 50 ശതമാനം ഇളവ് ലഭിക്കും.
പബ്ലിക് പ്രോസിക്യൂഷന് കൈമാറിക്കഴിഞ്ഞാൽ പിന്നീട് പിഴ തുകയിൽ ഒത്തുതീർപ്പുകൾ സാധ്യമാകില്ല.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് വഴി പിഴകൾ കുന്നുകൂടുന്നത് ഒഴിവാക്കാനും, നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കാനും സാധിക്കുമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ ഓർമ്മിപ്പിച്ചു.











