
അറിവിന്റെ ആദ്യാക്ഷരങ്ങൾ നാവിലേറ്റി കുരുന്നുകൾ ഹരിശ്രീ കുറിക്കുന്ന വിജയദശമി ദിനത്തെ വരവേൽക്കാൻ കേരളം ഒരുങ്ങി. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പനച്ചിക്കാട്, കൊല്ലൂർ, തിരുവനന്തപുരം, തിരൂർ എന്നിവിടങ്ങളിലെ വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമെത്തും.
വിദ്യാരംഭത്തിന് ഏറെ പ്രസിദ്ധമായ പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചെ 3.30ന് നട തുറന്നു. നാലിന് പൂജയെടുപ്പിനു ശേഷം എഴുത്തിനിരുത്ത് ആരംഭിച്ചു. വൈകിട്ട് നാലുവരെ ചടങ്ങുകൾ തുടരും. സരസ്വതീ നടയ്ക്കു സമീപം പ്രത്യേക വിദ്യാമണ്ഡപമാണ് സജ്ജീകരിച്ചിരിക്കുന്നത്. 40 ഗുരുക്കന്മാർ കുട്ടികൾക്ക് ആദ്യാക്ഷരം പകരും.
വിദ്യാരംഭത്തോടൊപ്പം ക്ഷേത്രത്തിൽ സംഗീതാർച്ചനയും കലാപരിപാടികളും നടക്കും. സംഗീതം, മോഹിനിയാട്ടം, തിരുവാതിര, ഭരതനാട്യം തുടങ്ങിയ കലാരൂപങ്ങൾ ആഘോഷങ്ങളുടെ ഭാഗമാകും.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പുലർച്ചെ നാലിന് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. വാഗ്ദേവതയായ മൂകാംബികയുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കാനായി വിവിധ നാടുകളിൽനിന്ന് മലയാളികളടക്കം നിരവധി ഭക്തരാണ് എത്തുന്നത്. ഉച്ചയോടെ എഴുത്തിനിരുത്ത് ചടങ്ങുകൾ പൂർത്തിയാകും. കലാരംഗത്ത് അരങ്ങേറ്റം കുറിക്കാനെത്തുന്നവരും നിരവധിയാണ്. വൈകിട്ടു നടക്കുന്ന വിജയോത്സവത്തോടെ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.
തിരുവനന്തപുരത്തും വിദ്യാരംഭത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയ്ക്കകം നവരാത്രി മണ്ഡപം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വ്യാസന്റെ നട, പൂജപ്പുര സരസ്വതി ക്ഷേത്രം, ആര്യശാല ഭഗവതി ക്ഷേത്രം, ചെന്തിട്ട ഭഗവതി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം എന്നിവിടങ്ങളിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ടാകും. ജില്ലയിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം നടക്കും.
മലപ്പുറം തിരൂരിലെ തുഞ്ചൻപറമ്പിലും വിജയദശമി ദിനത്തിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിന്റെ അക്ഷരമുറ്റത്ത് ഹരിശ്രീ കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകളെത്തും. പ്രമുഖ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നേതൃത്വത്തിലാകും കുട്ടികളെ എഴുത്തിനിരുത്തുക.
വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവയ്ക്കുന്ന കുരുന്നുകളെ വരവേൽക്കാൻ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും സജ്ജമായിക്കഴിഞ്ഞു.










