06:40am 10 November 2026
NEWS
തൃശൂർ പൂരം: എ.ഡി.ജി.പി അജിത്കുമാറിന് വീഴ്ച സംഭവിച്ചെന്ന് ഡി.ജി.പി റിപ്പോർട്ട്
24/06/2025  09:09 AM IST
സുരേഷ് വണ്ടന്നൂർ
തൃശൂർ പൂരം: എ.ഡി.ജി.പി അജിത്കുമാറിന് വീഴ്ച സംഭവിച്ചെന്ന് ഡി.ജി.പി റിപ്പോർട്ട്

തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് സർക്കാരിന് റിപ്പോർട്ട് നൽകി. പൂരത്തിന്റെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത്കുമാർ മേൽനോട്ടത്തിലും ഏകോപനത്തിലും വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും അജിത്കുമാർ പൂരസ്ഥലത്ത് എത്തിയില്ലെന്നും, മന്ത്രി കെ. രാജൻ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. ഉറങ്ങിപ്പോയെന്നാണ് അജിത്കുമാർ ഇതിന് നൽകിയ വിശദീകരണം. രാത്രിയിൽ ക്രമസമാധാന ഏകോപനം നടത്താതെ ഉറങ്ങിയത് ഗുരുതരമായ കൃത്യവിലോപമാണെന്നും, മേൽനോട്ടമില്ലെങ്കിൽ തൃശൂരിലേക്ക് പോകേണ്ടതില്ലായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പൂരദിവസം അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും തൃശൂരിൽ താനുണ്ടെന്നും കാര്യങ്ങൾ നോക്കിക്കോളാമെന്നും അജിത്കുമാർ ഡി.ജി.പിയെ അറിയിച്ചിരുന്നു. എന്നാൽ, പിറ്റേന്ന് ഉച്ചയോടെ ഇദ്ദേഹം മൂകാംബികയിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തെ, പൂരം അലങ്കോലപ്പെട്ടതിന് കാരണം തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പരിചയക്കുറവും ദേവസ്വം ഭാരവാഹികളുടെ രാഷ്ട്രീയ ലക്ഷ്യവുമാണെന്ന് അജിത്കുമാർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് ഡി.ജി.പി തള്ളിയിരുന്നു.

മന്ത്രി കെ. രാജന്റെ മൊഴി

മുന്നറിയിപ്പ് നൽകിയിട്ടും അജിത്കുമാർ നടപടിയെടുത്തില്ലെന്ന് മന്ത്രി കെ. രാജൻ ഡി.ജി.പിയുടെ അന്വേഷണത്തിൽ മൊഴി നൽകി. പൂര ദിവസം രാവിലെ മുതൽ എം.ആർ. അജിത്കുമാർ തൃശൂരിൽ ഉണ്ടായിരുന്നുവെന്നും, തെക്കോട്ടിറക്കത്തിന്റെ സമയത്ത് പോലീസിൽ നിന്ന് മോശം ഇടപെടലുണ്ടായതിനെ തുടർന്ന് രാത്രി എഴുന്നള്ളിപ്പിന്റെ സമയത്ത് പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img