
ന്യൂഡൽഹി:കേസ് ലിസ്റ്റ് ചെയ്യുന്നതിൽ മൂന്ന് വർഷത്തോളം കാലതാമസം വരുത്തിയതിന് സുപ്രീം കോടതി രജിസ്ട്രിക്കെതിരെ രൂക്ഷവിമർശനം. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. സംഭവത്തിൽ രജിസ്ട്രാർ (ജുഡീഷ്യൽ) അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
ലൈംഗികാതിക്രമ കേസിലെ ഇര സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ 2022-ലാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിട്ടും നടപടിയുണ്ടായില്ല.
ഈ കാലതാമസത്തിനിടെ, പ്രതി ഒത്തുതീർപ്പ് ഉണ്ടാക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന്, ഹൈക്കോടതി ക്രിമിനൽ കേസ് റദ്ദാക്കി. ഇതോടെ ഇരയുടെ ഹർജി അപ്രസക്തമായി.
2022 മെയ് 30-ന് തന്നെ കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയിട്ടും, 2025 സെപ്റ്റംബർ 23-നാണ് കേസ് ലിസ്റ്റ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. രജിസ്ട്രിയിലെ ഈ അനാസ്ഥ 'അസ്വസ്ഥപ്പെടുത്തുന്നതാണ്' എന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും കോടതി വ്യക്തമാക്കി.











