
ദോഹ: 2026 ലോകകപ്പ് ഫൈനൽസ് പോരാട്ടങ്ങളിൽ ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് (അൽ അന്നബി) ആവേശകരമായ പിന്തുണയുമായി ആയിരത്തോളം സ്വദേശി ആരാധകർ അമേരിക്കയിലേക്കും കാനഡയിലേക്കും തിരിക്കുന്നു. ആരാധകരെ നേരിട്ട് എത്തിക്കുന്നതിനായി മൂന്ന് പ്രത്യേക വിമാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ടൂർണമെന്റിനായി പുറപ്പെടുന്ന ആരാധകർക്കായുള്ള പ്രാരംഭ വിശദീകരണ യോഗം കഴിഞ്ഞദിവസം അൽ ഗറാഫ സ്പോർട്സ് ഹാളിൽ നടന്നു.
ക്യൂഎഫ്എ (QFA) മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഖാലിദ് അൽ കുവാരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ദോഹയിൽ നിന്നുള്ള യാത്രാ ഷെഡ്യൂളുകൾ, താമസസൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ യോഗത്തിൽ ആരാധകർക്കായി വിശദീകരിച്ചു. 'സുരക്ഷിതമായ യാത്രയും ഹൃദയംഗമമായ പിന്തുണയും' എന്ന മുദ്രാവാക്യവുമായി പുറപ്പെടുന്ന ആരാധകർ രാജ്യത്തിന്റെ മികച്ച അംബാസഡർമാരായിരിക്കണമെന്ന് യോഗം ഓർമ്മിപ്പിച്ചു.










