
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വേട്ട ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്. ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിലായി. പ്രതികളിൽ നിന്ന് 306.468 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ആദ്യം രണ്ടുപേർ പിടിയിലായത്. കളപ്പുരയ്ക്കൽ റോഡിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് ചേർത്തല തിരിച്ചാറ്റുകുളം തച്ചൻവീട്ടിൽ അഫ്‌സൽ (23), ചെങ്ങന്നൂർ പുത്തൻകാവ് ആലുംമൂട്ടിൽ ജസ്ന സൂസൻ ജൂബി (20) എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 199.038 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.
തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് കൊച്ചി പാണ്ടിക്കുടി സ്വദേശി വിഷ്ണു ബി. പൈ (34) പിടിയിലായത്. ഇയാളിൽ നിന്ന് 107.430 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോം, എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊച്ചി സിറ്റി ഡാൻസാഫ് ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്.
നഗരത്തിലെ ലഹരിമരുന്ന് വിൽപ്പനയും വിതരണ ശൃംഖലയും ലക്ഷ്യമിട്ടുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം.










