ഒരുകോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി. ഒലവക്കോട് നടത്തിയ പരിശോധനയിൽ ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ദമ്പതികളും ഇവരുടെ സുഹൃത്തുമാണ് പിടിയിലായത്.
കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഇയാളുടെ ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പ്രതികളിൽനിന്ന് പിടിച്ചെടുത്തു.
പിടികൂടിയ ലഹരിവസ്തുക്കൾക്ക് ഏകദേശം ഒരു കോടി രൂപ വിലവരുമെന്നാണ് പൊലീസിന്റെ കണക്ക്. ബെംഗളൂരുവിൽനിന്നാണ് സംഘം ലഹരിവസ്തുക്കൾ കേരളത്തിലെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്ടിൽനിന്ന് വാടകയ്ക്കെടുത്ത ഇന്നോവ കാറിലാണ് ലഹരി കടത്തിയതെന്നും പൊലീസ് കണ്ടെത്തി.
പ്രതികൾ സ്ഥിരമായി ലഹരിക്കടത്ത് നടത്തുന്നവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ട വൻ ലഹരിമരുന്ന് റാക്കറ്റുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.
സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനും ലഹരിവസ്തുക്കളുടെ വിതരണ ശൃംഖല പുറത്തുകൊണ്ടുവരുന്നതിനുമായി അന്വേഷണം ഊർജിതമാക്കി. ഓണക്കാലത്ത് കേരളത്തിലേക്ക് എത്തിച്ച ലഹരിശേഖരത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.










