
ചെങ്ങന്നൂർ: എം.സി റോഡിൽ പുത്തൻവീട്ടിൽ പടിക്ക് സമീപം ഞായറാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരു ക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്.
തിരുവല്ലയിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന മഹേന്ദ്ര എക്സ് യു വി 300 കാറും എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് തുടർന്ന് സമീപത്തുണ്ടായിരുന്ന ഒരു സ്വകാര്യ ബസിലും ഇടിച്ചു.
കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. കൊല്ലം അഞ്ചൽ സ്വദേശികളായ ഗീത (45), സ്വാഗത് (32) എന്നിവർക്കും കാർ ഓടിച്ചിരുന്നയാൾക്കും പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറായ അടൂർ സ്വദേശി രാജേഷ് കുമാർ ആർ നും പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലും കല്ലിശ്ശേരിയിലെ സ്വകാര ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.
അപകടത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് റോഡിന് കുറുകെ കിടന്നതിനാൽ എം.സി റോഡിൽ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ചെങ്ങന്നൂർ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി, ഗതാഗതം പുനഃസ്ഥാപിച്ചു.










