
ജീവിതം മുഴുവൻ സഭയ്ക്കും പരിശുദ്ധ സിംഹാസനത്തിനുമായി സമർപ്പിച്ച ശ്രേഷ്ഠ ഇടയനായിരുന്നു ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ : ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ
പുത്തന്‍കുരിശ് : സഭയ്ക്കും സഭയുടെ വിശ്വാസത്തിനും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിനും വേണ്ടി മാത്രമായിരുന്നു ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ജീവിതം. സ്വന്തം ജീവിതത്തിനപ്പുറം സഭയുടെ നിലനിൽപ്പിനും വിശ്വാസസംരക്ഷണത്തിനും പരിശുദ്ധ സിംഹാസനത്തിന്റെ മഹത്വത്തിനും അദ്ദേഹം പ്രാധാന്യം നൽകി. ജീവശ്വാസം പോലെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ ഹൃദയത്തിൽ ചേർത്തുപിടിച്ച്, അതിന്റെ സംരക്ഷണത്തിനും സഭയുടെ നന്മയ്ക്കുമായി ജീവിതം തന്നെ സമർപ്പിച്ച ശ്രേഷ്ഠ ഇടയനായിരുന്നു ബാവായെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിൽ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം അനുസ്മരണ സന്ദേശം നൽകുകയായിരുന്നു ബാവ. പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ വിശുദ്ധ കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മോർ ഈവാനിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, മാത്യൂസ് മോർ അഫ്രേം, ഏലിയാസ് മോർ അത്താനാസിയോസ്, യാക്കോബ് മോർ അന്തോണിയോസ്, ഐസക് മോർ ഒസ്താത്തിയോസ്, ഏലിയാസ് മോർ യൂലിയോസ്, തോമസ് മോർ അലക്സന്ത്രയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, ഗീവർഗീസ് മോർ സ്തേഫാനോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും ആയിരക്കണക്കിന് വിശ്വാസികളും വിശുദ്ധ കുർബ്ബാനയിൽ സംബന്ധിച്ചു. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ കാർമികത്വത്തിൽ കബറിങ്കൽ ധൂപപ്രാർത്ഥനയും അനുസ്മരണ സന്ദേശവും നൽകി. തുടർന്ന് ശ്രേഷ്ഠ ബാവായുടെ നാമത്തില്‍ ശ്രാദ്ധസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സഭാ ഭാരവാഹികളായ സഭാ വൈദീക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വര്‍ക്കിംഗ് കമ്മിറ്റി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Photo Courtesy - Google









