
ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം 50,000 ഖത്തർ റിയാലിൽ കൂടുതൽ മൂല്യമുള്ള പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ഉണ്ടെങ്കിൽ അത് വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിൽ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) ഓർമ്മിപ്പിച്ചു. വേനൽക്കാല അവധിക്കാലം ആരംഭിച്ച പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്രയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ അബ്ദുള്ള ഷഹീൻ മുഹമ്മദ് അൽ റുമൈഹി ഇക്കാര്യം വ്യക്തമാക്കിയത്.
നിശ്ചിത തുകയിൽ കൂടുതൽ പണമോ സ്വർണം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളോ കൈവശമുള്ളവർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന് കീഴിലുള്ള 'കസ്റ്റംസ് ഡിസ്ക്ലോഷർ ഓഫീസിൽ' (Customs Disclosure Office) എത്തി വിവരങ്ങൾ ധരിപ്പിക്കേണ്ടതാണ്.യാത്രക്കാർ വിമാനത്തിൽ ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ കൊണ്ടുപോകുന്നതിൽ വരുത്തുന്ന പൊതുവായ തെറ്റുകളെക്കുറിച്ചും ക്യാപ്റ്റൻ അൽ റുമൈഹി മുന്നറിയിപ്പ് നൽകി.ലഗേജ് ചെക്ക്-ഇൻ ചെയ്യുന്ന സമയത്തോ ഇമിഗ്രേഷൻ പരിശോധനാ വേളയിലോ സുരക്ഷാ ഉദ്യോഗസ്ഥരോട് തമാശയായി പോലും തെറ്റായ പ്രസ്താവനകൾ നടത്തരുതെന്ന് ഒഫീഷ്യൽ കർശന നിർദ്ദേശം നൽകി.
"നിരോധിച്ച സാധനങ്ങളോ സ്ഫോടകവസ്തുക്കളോ കൈവശമുണ്ടോ എന്ന് എയർലൈൻ ജീവനക്കാർ ചോദിക്കുമ്പോൾ തമാശയ്ക്ക് അതെ എന്ന് ഉത്തരം നൽകിയാൽ നിങ്ങൾ വലിയ നിയമക്കുരുക്കിൽ അകപ്പെടും. എയർപോർട്ട് കൗണ്ടറുകളിലെ ജീവനക്കാരുടെ ചോദ്യങ്ങളെ ഗൗരവമായി കണ്ട് കൃത്യമായ മറുപടി നൽകണം," അദ്ദേഹം പറഞ്ഞു.
ഇത്തരം തമാശകൾ യാത്ര റദ്ദാക്കുന്നതിലേക്കും തുടർന്ന് നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിലേക്കും നയിക്കും. വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കാനാണെന്നും അതിനാൽ ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.











