07:41pm 11 May 2026
NEWS

ആ 16 എംഎൽഎമാർ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റണം

11/05/2026  08:45 AM IST
രാമചന്ദ്രൻ മുല്ലശ്ശേരി
 ആ 16 എംഎൽഎമാർ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റണം

16-ാം കേരളനിയമസഭയിൽ ഇപ്രാവശ്യവും പട്ടിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 16 എം.എൽ.എ.മാർ സഭയിലുണ്ട്.   കേരളത്തിൽ പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓരോ സീറ്റും പാലക്കാട് രണ്ടു സീറ്റും പട്ടികജാതികൾക്കായും വയനാട് ജില്ലയിൽ രണ്ട് മണ്ഡലങ്ങൾ പട്ടികവർഗ്ഗക്കാർക്കായും സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് 16 പേർ കേരളത്തിലെ പട്ടിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 243 പ്രകാരം പഞ്ചായത്തുകളിലും 330 പ്രകാരം ലോക്‌സഭയിലും 332 പ്രകാരം സംസ്ഥാന നിയമസഭകളിലേക്കും ജനസംഖ്യാനുപാതികമായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ലോക് സഭയിൽ പട്ടികജാതിയിൽ നിന്ന് 84 പേരും, പട്ടികവർഗ്ഗത്തിൽ നിന്നും 47 പേരും ഉൾപ്പെടെ 131 പേരാണ് എം. പി. മാർ. രാജ്യസഭയിൽ സംവരണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ അവിടുത്തെ കാര്യം തഥൈവ. 1952 മെയ് 13 ന് കൗൺസിൽ ഓഫ് സ്റ്റേറ്റ്‌സ് എന്ന പേരിൽ നിലവിൽ വരികയും, 1954 ഓഗസ്റ്റ് 23 ന് രാജ്യസഭയായി ഔദ്യോഗികമായി നാമകരണം ചെയ്യപ്പെടുകയും ചെയ്ത പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഇതിനോടകം കേരളത്തിൽനിന്ന് 91 പേർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ടി.കെ.സി.വടുതല -കെ.കെ. മാധവൻ, പി.കെ. കുഞ്ഞച്ചൻ, കെ.സോമപ്രസാദ് എന്നിങ്ങനെ 4 പേർ മാത്രമാണ് പട്ടിക വിഭാഗത്തിൽ നിന്നും രാജ്യസഭാംഗങ്ങളായത്. അതുകൊണ്ടുതന്നെ ഭരണഘടനാ വ്യവസ്ഥപ്രകാരം നിലവിൽവന്ന  സംവരണമണ്ഡലങ്ങൾക്കും അവിടെനിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കും വലിയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാനുണ്ട്.

കേരളത്തിലെ 124 മണ്ഡലങ്ങളിലെ സാമാജികന്മാർ അതത് മണ്ഡലങ്ങളിലെ ജനങ്ങളെ പ്രതിനിധീകരിക്കുമ്പോൾ, സംവരണ മണ്ഡലം സാമാജികന്മാർ ആ ജില്ലയിലെ പട്ടികവിഭാഗങ്ങളുടെ ആകെ പ്രതിനിധിയാണ്. തന്നെ തെരഞ്ഞെടുത്ത നിയോജക മണ്ഡലത്തിന്റെ ജനാഭിലാഷം അറിഞ്ഞു പ്രവർത്തി ക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിനായി നിലകൊള്ളണം. അതോടൊപ്പം പട്ടികവിഭാഗങ്ങളുടെ ഭരണഘടനാനുസൃതമായ പ്രത്യേക താല്പര്യങ്ങളുടെ സംരക്ഷകരും കാവലാളുകളുമാകണം. എങ്കിൽ മാത്രമേ ഭരണഘടനാശില്പിയും മറ്റ് രാഷ്ട്ര നേതാക്കളും സ്വപ്നംകണ്ട ക്ഷേമരാഷ്ട സങ്കല്പം യാഥാർത്ഥ്യമാകു. നിർഭാഗ്യവശാൽ ആ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ ആ 16 പേരും എത്രകണ്ട് വിജയിച്ചില്ല എന്നു പറയുന്നതാവും ശരി. ഈ  കുറിപ്പിലേക്ക് പ്രേരിപ്പിച്ച ചേതോവികാരവും മറ്റൊന്നല്ല.

ഇക്കഴിഞ്ഞ 28-ാം തീയതി കേരളത്തിലെ ദലിത് സംഘടനകൾ കേരളത്തിൽ ഒരു ഹർത്താൽ സംഘടിപ്പിച്ചു. കാര്യമായ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടാകാതെ അത് വിജയിച്ചു. സ്വാഭാവികമായും കാലാവധി എത്തി നില്ക്കുന്നതെങ്കിലും നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന 16 പേരും ലോക്സഭാംഗങ്ങളായ രണ്ടു പേരും നീതിക്ക് വേണ്ടിയുള്ള ആ സമരമുഖത്ത് ഉണ്ടാകേണ്ടവരായിരുന്നു. എന്നാൽ കൊടിക്കുന്നിൽ സുരേഷ് മാത്രം രാഷ്ട്രീയം മറന്ന് ഭരണഘടനാപരമായ ഉത്തരവാദിത്വവും വർഗ്ഗതാല്പര്യവും ഏറ്റെടുത്തു കൊണ്ട് സമരത്തെ പിന്തുണയ്ക്കുകയും വിജയശില്പികൾക്ക് അഭിവാദ്യം നേരുകയും ചെയ്തു. ബി ഡി.എസ്. വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ചൂഴ്ന്നു നില്ക്കുന്ന ദുരൂഹത പുറത്തു കൊണ്ടുവരുന്നതിനും പ്രതികളെന്ന് പ്രഥമദൃഷ്ട്യാ വെളിവാക്കപ്പെട്ടവരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ചുമായിരുന്നു ഹർത്താൽ.

പട്ടികജാതി പട്ടികവർഗ്ഗ ജനതയുടെ സംവരണ അട്ടിമറികൾ, അവസര നഷ്ടങ്ങൾ,നീതി നിഷേധങ്ങൾ, അവകാശ ധ്വംസനങ്ങൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ വിതരണത്തിലെ തിരിമറികളും കാലതാമസവും, അടിസ്ഥാന സൗകര്യ വികസനത്തിലെ മുരടിപ്പ്, സർവ്വീസ് പ്രാതിനിധ്യത്തിലെ കുറവ്, ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ്, സഞ്ചാരവഴി വിലക്കുകൾ, ആരോഗ്യ പരിപാലനം, ക്ഷേമാശ്വാസ, സാമ്പത്തിക വിതരണത്തിലെ കുടിശിഖകൾ, അവകാശ അട്ടിമറികൾ, തുടങ്ങി സാമൂഹ്യ ജീവിതത്തിൽ ജനത നേരിടുന്ന ഒട്ടുമിക്ക വിഷയങ്ങളും പട്ടികവിഭാഗക്കാരല്ലാത്ത എം.എൽ.എ.മാരാണ് പലപ്പോഴും നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്. അതത് പാർലമെന്ററി പാർട്ടി യോഗത്തിൽ തന്റെ ജനത അഭിമുഖീകരിക്കുന്ന വിഷയങ്ങൾ അവതരിപ്പിച്ച് അനുമതി തേടാനുള്ള ആർജ്ജവവും രാഷ്ട്രീയ ഇഛാശക്തിയും പ്രകടിപ്പിച്ച് ഒരു സാധാരണ ജനപ്രതിനിധി മാത്രമല്ലാത്ത തന്നിൽ നിക്ഷിപ്തമായ പ്രതിബദ്ധത തെളിയിക്കുന്നതിൽ ഈ  16 പേരും പരാജിതരാണ്. 'പാർട്ടിവിപ്പ്' പട്ടിക വിഭാഗത്തിന്റെ പൊതു താല്പര്യത്തിനും രാഷ്ട്രീയ നീതിക്കും ഭരണഘടനാപരമായ ചുമതല നിർവ്വഹണത്തിനും എതിരാകാൻ പാടില്ലെന്ന് അതത് പാർട്ടികളും തിരിച്ചറിയണം.

രാജ്യത്ത് നിയമംമൂലം നിരോധിച്ച ജാതി അധിക്ഷേപത്തിന്റെയും വ്യക്തിഹത്യയുടെയും ആത്മാഭിമാനക്ഷതത്തിന്റെയും ഒടുവിലത്തെ ഇരയാണ് നിതിൻ രാജ്. നിയമവിരുദ്ധതയ്ക്കും വംശീയ അധിക്ഷേപങ്ങൾക്കും സാമൂഹിക വിപത്തുകൾക്കുമെതിരെ അതിജീവനത്തിന്റെ  പോർമുഖങ്ങൾ തുറക്കുമ്പോൾ കക്ഷിബന്ധങ്ങളും രാഷ്ട്രീയ ഭിന്നതകളും വെടിഞ്ഞ് നിയമസഭയിലും ജനകീയ കൂട്ടായ്മകളിലും പങ്കുചേർന്ന് ഭരണഘടനാപരവും ജനാധിപത്യപരവുമായ ചുമതലകൾ സ്വമേധയാ നിർവ്വഹിക്കാതെ നമ്മുടെ സാമാജികന്മാർ മൗനത്തിലൊളിക്കുന്നത് ഭൂഷണമല്ല. പുതുതായി ജയിച്ചു വരുന്നവർ ഭരണഘടന നിഷ്‌ക്കർഷിക്കുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തരാകട്ടെ എന്നാശിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img