11:40pm 10 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാഹത്തെ കുറിച്ച് അമ്മയുടെ പ്രതികരണം ഇങ്ങനെ..
22/08/2025  06:32 AM IST
nila
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാഹത്തെ കുറിച്ച് അമ്മയുടെ പ്രതികരണം ഇങ്ങനെ..

പാലക്കാട് എം.എൽ.എയും കോൺ​ഗ്രസിന്റെ യുവനേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്നത് കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ആരോപണങ്ങളാണ്. നിരവധി യുവതികളോട് ലൈം​ഗിക താത്പര്യത്തോടെ പെരുമാറി എന്നാണ് ആരോപണം. യുവനടിയാണ് ആദ്യം രാഹുലിനെതിരെ ആരോപണം ഉയർത്തി രം​ഗത്തെത്തിയത്. ഇതിനു പിന്നാലെ പ്രവാസിയായ എഴുത്തുകാരിയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രം​ഗത്തെത്തി. രാഹുൽ ഇരകളാക്കിയ നിരവധി യുവതികളെ തനിക്കറിയാമെന്നും അവർ തുറന്നു പറഞ്ഞു. കോൺ​ഗ്രസുകാരായ യുവതികൾ പോലും ഇരകളാണെന്നും ഇവർ പറഞ്ഞു. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്. ഒറ്റ രാത്രി കൊണ്ട് താരപരിവേഷത്തിൽ നിന്നും പെൺവേട്ടക്കാരനായും വിടനായും രാഹുലിന്റെ പ്രതിച്ഛായ മാറി. ഇതിനു പിന്നാലെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാഹുലിന് രാജിവെക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അമ്മ ബീന മഹിളാരത്നത്തിന് നൽകിയ അഭിമുഖത്തിൽ രാഹുലിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നത്. 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിന് പിന്നാലെയായിരുന്നു മഹിളാര്തനത്തിന് രാഹുലിന്റെ അമ്മ ബീന അഭിമുഖം അനുവദിച്ചത്.. ഭർത്താവ് മരിക്കുമ്പോൾ നാല് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാഹുലിനെയും അവന് നേരെമൂത്ത രജനിയേയും അച്ഛനില്ലാത്ത ദുഃഖം അറിയിക്കാതെ വളർത്തി ഒരു കരയെത്തിക്കാനുള്ള അവിശ്രമമായ പരിശ്രമത്തിലായിരുന്നു ആ അമ്മ. ഭർത്താവിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് എൽ.ഐ.സിയിൽ ലഭിച്ച ആശ്രിതനിയമനമായിരുന്നു ആ അമ്മക്ക് രണ്ടു മക്കളെ വളർത്താനുള്ള വരുമാന മാർ​ഗം. ജോലിയും രണ്ട് മക്കളുടെ ജീവിതകാര്യങ്ങളുമെല്ലാം ആ അമ്മ നന്നായി തന്നെ നോക്കി.  വർഷങ്ങൾക്ക് മുൻപ് കിളിമാനൂർ ചൂട്ടയിൽ നിന്ന്, അടൂർ മുണ്ടപ്പള്ളി മാങ്കൂട്ടത്തിൽ രാജേന്ദ്രക്കുറുപ്പിന്റെ ഭാര്യയായി വന്ന് മുണ്ടപ്പള്ളിക്കാരിയായി മാറിയ ബീന അന്ന് മകന്റെ വിജയത്തിൽ അഭിമാനത്തോടെയാണ് സംസാരിച്ചത്. എന്നാൽ, മാസങ്ങൾ മാത്രം പിന്നിടുമ്പോൾ ആ അമ്മയുടെ മകന്റെ ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഒരു വേട്ടക്കാരൻ ഒളിഞ്ഞിരിപ്പുണ്ട് എന്ന് കേരളം തിരിച്ചറിയുകയായിരുന്നു. 

വളരെ അഭിമാനത്തോടും സന്തോഷത്തോടുമായിരുന്നു അന്ന് ആ അമ്മ മഹിളാര്തനത്തോട് സംസാരിച്ചത്. ആ സംഭാഷണത്തിന്റെ ഒടുവിലാണ് രാഹുലിന്റെ വിവാഹ കാര്യം ചോദിക്കുന്നത്. എന്നാൽ, മകൻ വിവാഹത്തിന് പിടിതരുന്നില്ല എന്നായിരുന്നു അന്ന് ആ അമ്മ പറഞ്ഞത്. 

രാഹുലിനോട് വിവാഹകാര്യം പറഞ്ഞ് പറഞ്ഞ് പറഞ്ഞ് ഞങ്ങൾ മടുത്തു എന്ന‌യിരുന്നു രാഹുലിന്റെ അമ്മയുടെ മറുപടി. സമയമില്ല സമയമില്ല എന്നാണ് പറയുന്നത്. അതിനോട് യോജിക്കുന്നില്ലെന്നല്ല. ഇനിയിപ്പോൾ അതും ഷാഫിയെ ഏൽപ്പിക്കണം. ഷാഫി വേണം അതുകൂടി ശരിയാക്കാനെന്ന് ഞാൻ തന്നെ ഷാഫിയോട് പറഞ്ഞിട്ടുണ്ട്. എം.പി. ശ്രീകണ്ഠൻ സാറിനോടും പറഞ്ഞിട്ടുണ്ട്. സാറിനും രാഹുലിനോടു വലിയ കാര്യമാണ്. അവർക്ക് മാത്രമല്ല, പാർട്ടിക്കാർക്കൊക്കെ വലിയ കാര്യമാണ് എന്നായിരുന്നു അന്ന് ആ അമ്മ പറഞ്ഞത്.

അതെ, കോൺ​ഗ്രസ് പാർട്ടിയിലെ നേതാക്കൾക്കും പ്രവർത്തകർക്കും വലിയ ഇഷ്ടമുള്ള ഒരു നേതാവാണ് കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലത്ത തരത്തിലുള്ള ലൈം​ഗികാപവാദത്തിൽ പെട്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളെയും വർത്തമാനങ്ങളെയും ഇഷ്ടപ്പെടുന്നവർ കോൺ​ഗ്രസിന് പുറത്തും ഉണ്ട്. വളരെ പെട്ടെന്ന് വളർന്നു വന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയമസഭാം​ഗവുമായ ഒരു യുവാവ്. മനോഹരമായി പുഞ്ചിരിക്കുകയും അതിലും മനോഹരമായി വർത്തമാനം പറയുകയും ചെയ്യുന്ന യുവാവ്. പോരാട്ടമുഖങ്ങളിൽ തീപന്തമായി മാറിയിരുന്ന നേതാവ്. അങ്ങനെയൊരു മനുഷ്യൻ പെണ്ണുടലിനെ വെറും ഉപഭോ​ഗവസ്തുവായി മാത്രമാണ് കണ്ടിരുന്നത് എന്ന തിരിച്ചറിവിന്റെ ഞെട്ടലിലാണ് കേരളം. പുറത്തുവരുന്ന വിവരങ്ങളത്രയും സത്യമാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ഇപ്പോഴത്തെ വിവാ​ദം പ്രതികൂലമായി ബാധിക്കും എന്നുറപ്പ്. നന്നെ ചെറുപ്പത്തിൽ ഭർത്താവ് മരിച്ച ശേഷം ഒരമ്മ നയിച്ച ത്യാ​ഗനിർഭരമായ ജീവിതത്തിന് അർത്ഥമില്ലാതെ പോകുകയാണോ എന്ന് ആർക്കും സംശയം തോന്നിയേക്കാവുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്.

മഹിളാരത്നത്തിന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അമ്മ നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം...

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അമ്മ ബീന 'മഹിളാരത്‌ന'ത്തോട് സംസാരിക്കുന്നു

ഭർത്താവിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് എൽ.ഐ.സിയിൽ ആശ്രിതനിയമനം ലഭിച്ച ബീനയുടെ പിന്നീടുള്ള ജീവിതം ഒരു പരിധിവരെ വിശ്രമരഹിതമായിരുന്നു എന്നുള്ളതാണ് വാസ്തവം. ഭർത്താവ് മരിക്കുമ്പോൾ നാല് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാഹുലിനെയും അവന് നേരെമൂത്ത രജനിയേയും അച്ഛനില്ലാത്ത ദുഃഖം അറിയിക്കാതെ വളർത്തി ഒരു കരയെത്തിക്കാനുള്ള അവിശ്രമമായ പരിശ്രമം. അതുകൊണ്ടുതന്നെ ജോലിയിൽ നിന്ന് വിരമിച്ചുകഴിഞ്ഞപ്പോൾ പിന്നെയൊരു സ്വസ്ഥജീവിതമാണ് ബീന ആഗ്രഹിച്ചത്. വീടും കുടുംബവും ഈശ്വരാരാധനയുമൊക്കെയായുള്ള സ്വസ്ഥമായ ഒരു കുടുംബജീവിതം.

പക്ഷേ വിധി അതിനനുവദിക്കുന്നില്ല. വർഷങ്ങൾക്ക് മുൻപ് കിളിമാനൂർ ചൂട്ടയിൽ നിന്ന്, അടൂർ മുണ്ടപ്പള്ളി മാങ്കൂട്ടത്തിൽ രാജേന്ദ്രക്കുറുപ്പിന്റെ ഭാര്യയായി വന്ന് മുണ്ടപ്പള്ളിക്കാരിയായി മാറിയ ബീനയ്ക്ക് ഇനി ഭാഗികമായെങ്കിലും ഒരു പാലക്കാട്ടുകാരികൂടിയാകാനാണ് നിയോഗം. കാരണം, പറക്കമുറ്റാത്ത പ്രായത്തിൽ ഭർത്താവ് തന്നെ ഏൽപ്പിച്ചിട്ടുപോയ മകൻ രാഹുൽ ഇന്ന് പാലക്കാടിന്റെ പ്രിയംകരനായ ജനപ്രതിനിധിയാണ്. സ്റ്റാർ ഹോട്ടലിലെ മുന്തിയയിനം ഭക്ഷണത്തെക്കാൾ അമ്മയുണ്ടാക്കുന്ന ചക്കപ്പുഴുക്കും ചക്കക്കുരുവും മാങ്ങയുമിട്ട കറിയുമൊക്കെ ഇഷ്ടപ്പെടുന്ന മകന്, അതൊക്കെ ഉണ്ടാക്കിക്കൊടുക്കുവാനായി അമ്മയും പാലക്കാട്ടേയ്ക്ക് പോവുകയാണ്.

'നോമിനേഷൻ കൊടുക്കുന്നതിന്റെ തലേന്ന് വിളിച്ച് അമ്മയുമൊക്കെ വരണം എന്നുപറഞ്ഞു. അങ്ങനെ ഞാനും മോളുമൊക്കെ ചെന്നു. അപ്പോഴൊന്നും പ്രത്യേക താമസസൗകര്യമൊന്നും ശരിയായിരുന്നില്ല. ഞങ്ങൾ ചെന്ന അന്ന് രാത്രിയിലാണ് ഒരാൾ വിളിച്ചുപറഞ്ഞത്, രാഹുലെ ഇവിടെയൊരു ഫ്‌ളാറ്റ് ശരിയായിട്ടുണ്ട് എന്ന്. നോമിനേഷൻ കൊടുക്കുന്നതിന്റെ അടുത്ത ദിവസം നാട്ടിലേക്ക് തിരികെപ്പോരാനിരിക്കുവായിരുന്നു ഞങ്ങൾ. ഫ്‌ളാറ്റ് കിട്ടിയെന്നറിഞ്ഞപ്പോൾ പിന്നെ ഒരു ചെറിയ ചടങ്ങുപോലെ പാലുകാച്ചൊക്കെ നടത്തി, ഒരാഴ്ച അവിടെ താമസിച്ചിട്ടാണ് പോന്നത്. അതുകഴിഞ്ഞ് പിന്നെ പോയത് റിസൾട്ടിനാണ്. അപ്പഴും ഒരാഴ്ച നിന്നിട്ടാണ് പോന്നത്. ഇടയ്ക്ക് പിന്നെയും ഒന്നുപോയി നിന്നു. അതിനിടെ ഇവിടെ അമ്പലത്തിലെ വിശേഷങ്ങളും ചിറപ്പുമൊക്കെയായതുകൊണ്ടുവന്നതാണ്. അങ്ങനെ മൂന്നുനാല് പ്രാവശ്യത്തെ പോക്കും വരവുമായി. ഇനി വീണ്ടും പോകണം.

ചുരുക്കിപ്പറഞ്ഞാൽ ഞാനൊരു പകുതി പാലക്കാട്ടുകാരിയായി മാറി. ഇനി അങ്ങനെയൊക്കെയങ്ങ് പോകും. ഏതായാലും സ്ഥിരമായി പറ്റില്ലല്ലോ. പിന്നെ പോയും വന്നും നിൽക്കണം.' 

നാലാമത്തെ വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട ഒരു കുട്ടിയെ പഠിപ്പിച്ച് ഏതെങ്കിലും നല്ലൊരു ജോലിയിൽ പ്രവേശിപ്പിക്കുവാനാണല്ലോ ഏതൊരമ്മയും ശ്രമിക്കുക. പക്ഷേ രാഹുലിന്റമ്മ അതിനൊരപവാദമാണ്. പ്രത്യേകിച്ചും അക്രമപ്രവണതകൾ ആവോളമുള്ള വർത്തമാനകാല രാഷ്ട്രീയ പ്രവർത്തനരംഗത്തേക്ക് വലിയ എതിർപ്പൊന്നും കൂടാതെയാണ് ഈ അമ്മ തന്റെ ഏക ആൺതരിയെ പോകാനനുവദിച്ചത്. അങ്ങനെ അനുവദിക്കുമ്പോൾ അവൻ നാളെ എം.എൽ.എയാകുമെന്നൊന്നുമുള്ള ഒരു പ്രതീക്ഷയും ബീനയ്ക്കുണ്ടായിരുന്നില്ല.

'ഇഃ് രാഹുലിന്റച്ഛന്റെ(രാജേന്ദ്രക്കുറുപ്പ്) കുടുംബമാണ്. ഈ ചുറ്റുപാടുമുള്ള മിക്കവാറും വീടുകളൊക്കെ അദ്ദേഹത്തിന്റെ ബന്ധുക്കളാണ്. അവരെല്ലാവരും കറതീർന്ന കോൺഗ്രസുകാരാണ് എന്നതാണ് വലിയൊരു പ്രത്യേകത. രാഹുലിന്റച്ഛൻ, എന്നെ കല്യാണം കഴിക്കുമ്പോൾ പട്ടാളത്തിലായിരുന്നു. അവിടുന്ന് ഓഫീസറായി റിട്ടയറായശേഷമാണ് എൽ.ഐ.സിയിൽ കയറുന്നത്. പട്ടാളത്തിൽ ജോലി കിട്ടിപ്പോകുന്നതിന് മുൻപും ശേഷവും രാഹുലിന്റച്ഛനും കോൺഗ്രസിന്റെ സജീവപ്രവർത്തകനായിരുന്നു. മണ്ഡലം പ്രസിഡന്റായും മറ്റും പ്രവർത്തിച്ചിട്ടുണ്ട്. അന്നൊക്കെ കോൺഗ്രസിന്റെ സർവ്വകമ്മിറ്റികളും ഇവിടെ വച്ചാണ് കൂടിയിരുന്നത്.

അതൊക്കെ കണ്ടും കേട്ടുമാണ് രാഹുൽ വളർന്നത്. അങ്ങനുള്ള ഒരു കുട്ടിയെ പ്രത്യേകിച്ചാരെങ്കിലും രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ടുവരേണ്ടതുണ്ടോ. എങ്കിലും അടൂർ തപോവനിൽ പത്താംതരം വരെ പഠിക്കുമ്പോഴൊന്നും രാഹുലിന് രാഷ്ട്രീയമില്ലായിരുന്നു. പിന്നീട് തുമ്പമൺ സെന്റ് സ്റ്റീഫൻസിലും പത്തനംതിട്ട കോളേജിലുമൊക്കെ പഠിക്കാൻ ചേർന്നശേഷമാണ് രാഷ്ട്രീയ പാരമ്പര്യം രാഹുലിനേയും പിടികൂടിയത്. എങ്കിലും ഞാനെതിർത്തില്ല. കാരണം പഠിക്കാൻ മിടുക്കനായിരുന്നു.'

നന്നായി പഠിക്കുന്ന കുട്ടി എന്ന നിലയിൽ അദ്ധ്യാപകർക്കും, നാട്ടിലെ എന്തുകാര്യത്തിനും ഇറങ്ങിത്തിരിക്കുന്ന യുവാവ് എന്ന  നിലയിൽ നാട്ടുകാർക്കുമൊക്കെ രാഹുൽ പ്രിയംകരനായിരുന്നു. എങ്കിലും മകനെ ഒരു സിവിൽ സർവ്വീസുകാരനാക്കണം എന്നതായിരുന്നു  അമ്മ ബീനയുടെ ഏറ്റവും വലിയ ആഗ്രഹം. ആ ഒരു ലക്ഷ്യത്തോടെയാണ് പി.ജിക്ക് ദൽഹിയിലേക്കയച്ചത്. ദൽഹി സെന്റ് സ്റ്റീഫൻസിലും ജെ.എൻ.യുവിലുമൊക്കെ എൻട്രൻസിൽ റാങ്ക് നേടിയാണ് പ്രവേശനം തരപ്പെടുത്തിയത്.

ഏതായാലും ദൽഹിയിലെ പഠിത്തം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം പിന്നെ രാഹുലിനെ വീട്ടിൽ കിട്ടിയിട്ടില്ല എന്നാണ് അമ്മ പറയുന്നത്.
കൊച്ചുവെളുപ്പാൻ കാലത്ത് വീടുവളഞ്ഞ്, ഒരു കൊടുംഭീകരനെയെന്നപോലെ മകനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതും ഈ അമ്മ കണ്ടു. മുൻപും അറസ്റ്റും ജയിൽവാസവുമൊക്കെയുണ്ടായിട്ടുണ്ടെങ്കിലും സ്വന്തം കൺമുന്നിൽ നിന്ന് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് ആദ്യമായിട്ടാണ് ബീന കാണുന്നത്.

'വെളുപ്പിന് ഒരു 5.30 ആയിക്കാണും. ഞാൻ രാവിലെ എഴുന്നേറ്റ് വന്നപ്പോൾ മുറ്റം നിറയെ പോലീസ്. ഇടവഴിയിലുമൊക്കെ പോലീസ് വണ്ടികൾ. ഒരു പിടുത്തവും കിട്ടിയില്ല. എന്തിനാണ് ഇവരിത്ര സന്നാഹവുമായി വന്നിരിക്കുന്നത്. അതിനുംവേണ്ടി എന്ത് കുറ്റമാണ് രാഹുൽ ചെയ്തത്. ഇനി അഥവാ അറസ്റ്റ് ചെയ്യാനാണെങ്കിൽ തലേന്ന് രാത്രി 10 മണി വരെ കൊല്ലത്തുണ്ടായിരുന്നല്ലോ. അപ്പോഴൊന്നും ഒരു സൂചനയുമില്ലായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചുപോയി. അടുത്തുതന്നെ താമസിക്കുന്ന, എന്റെ ചേച്ചിയുടെ മകൻ ഷിബുവും മുറ്റത്ത് നിൽക്കുന്നുണ്ട്. ഞാനാണെങ്കിൽ ഒരു സർജറി കഴിഞ്ഞിരിക്കുന്ന സമയവും.

ആദ്യം ഒന്ന് പേടിച്ചു. കാരണം രാവിലെ നമ്മൾ എഴുന്നേറ്റ് പുറത്തേക്ക് വരുമ്പോൾ വീടിന്റെ നാലുവശത്തും പോലീസ് നിന്നാൽ ആരായാലും പേടിച്ചുപോകില്ലെ. അപ്പോൾ പോലീസുകാർ ചോദിച്ചു, രാഹുലില്ലെ. ഉണ്ടല്ലോ, എന്താണ് കാരണം എന്ന് ഞാൻ ചോദിച്ചു. അതിന് മറുപടി പറയാതെ രാഹുൽ എവിടെയാണ് കിടക്കുന്നതെന്ന് ചോദിച്ചു. മുകളിലാണ് എന്ന് ഞാൻ പറഞ്ഞതും അവർ മുകളിലേക്ക് പോയി.
ആരെയെങ്കിലും വിളിക്കാമെന്നുവച്ചാൽ എന്റെ കയ്യിൽ ഫോണില്ല. ഉറക്കമെഴുന്നേറ്റ് വന്നതല്ലെ. പെട്ടെന്ന് അടുത്തുനിന്ന പോലീസ് മാഡത്തോട് ചോദിച്ചു മാഡം എന്താണ് കാര്യം? എനിക്കറിയില്ല എന്ന് അവർ പറഞ്ഞു. അതുകഴിഞ്ഞ് വേറൊരു പോലീസുകാരനോട് ചോദിച്ചു- എന്താണ് സാർ കാര്യം. അവർക്കും അറിയില്ല.

ഞാൻ പെട്ടെന്ന് മുകളിലേക്ക് ചെന്നു. അപ്പോൾ ഒരു ഓഫീസർ അവന്റെ മുറിയുടെ കതകിനിട്ട് കൊട്ടുകയാണ്. അയാളോടും കാര്യം ചോദിച്ചു. അപ്പോഴാണ്, തലേന്ന് സെക്രട്ടറിയേറ്റ് പിക്കറ്റിംഗുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നുപറഞ്ഞത്.
അപ്പോഴേക്കും രാഹുൽ എഴുന്നേറ്റ് വന്നു. വന്നതും ഏതോ ഭീകരനെ പിടികൂടാനെന്നവിധം പോലീസ് അവനെ വലയം ചെയ്യുന്നതാണ് കണ്ടത്. അപ്പോഴേക്കും മകളുമൊക്കെ എഴുന്നേറ്റുവന്നു.

പിന്നെ കണ്ടത് ഇവിടമാകെ അവന്റെ പാർട്ടിക്കാരും മറ്റും വന്നുനിറയുന്നതാണ്. ഞങ്ങളുടെ മെംബറുമൊക്കെ വന്നു. തുടർന്ന് ഒരു മണിക്കൂറോളം സംസാരമായിരുന്നു. രാഹുലിനെ കൊണ്ടുപോകാൻ പറ്റില്ലെന്ന് അവർ പറഞ്ഞപ്പോൾ ആകെ വിഷയമായി. ഒടുവിൽ കൊണ്ടുപോയി.'
പക്ഷേ ബീന എന്ന അമ്മയ്ക്ക് അതൊരു പുത്തരിയായി തോന്നിയില്ല. കാരണം അതിന് മുൻപും രാഹുലിന്റെ അറസ്റ്റും ജയിൽവാസവുമൊക്കെ നേരിട്ട അമ്മയാണവർ. അതിൽ പത്തനംതിട്ട കോളേജിലെ ഏതോ വിഷയവുമായി ബന്ധപ്പെട്ട അറസ്റ്റും ജയിൽവാസവും ഓർക്കുമ്പോൾ രാഹുലിന്റമ്മയ്ക്ക് ഇന്നും ചിരി സഹിക്കാനാവുന്നില്ല.

'എനിക്കന്ന് കൊട്ടാരക്കരയിലാണ് ജോലി. അതുകഴിഞ്ഞ് വീട്ടിൽ വരുമ്പോൾ സന്ധ്യയാകും. 7.30 ഉം 8 ഉം ഒക്കെയാകും. ഒരു ദിവസം ഞാൻ വന്നപ്പോൾ രാഹുൽ വന്നിട്ടില്ല. രാത്രിയായിട്ടും കണ്ടില്ല. അപ്പോൾ ഞാൻ മോളോട് ചോദിച്ചു, കണ്ണൻകുഞ്ഞ് വന്നില്ലല്ലോ എന്ന്(രാഹുലിനെ വീട്ടിൽ വിളിക്കുന്ന പേര് കണ്ണൻ എന്നാണ്) അപ്പോൾ മോള് പറഞ്ഞു 'അവൻ ടൂറ് പോയി' എന്ന്. 'രാവിലെ പോയപ്പം പറഞ്ഞില്ലല്ലോ' എന്ന് ചോദിച്ചു. 'ഇടയ്ക്ക് ഇവിടെ വന്നിരുന്നു. വന്നിട്ടാണ് പോയത്' എന്നുപറഞ്ഞു. 'ശരി' എന്ന് ഞാനും പറഞ്ഞു.

മോളന്ന് കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയാണ്. ഇതിനിടെ മറ്റൊരു സംഭവം നടന്നു. പിറ്റേന്ന് മുതൽ കുറച്ചുദിവസം അടുപ്പിച്ച് വീട്ടിൽ പേപ്പർ വന്നില്ല. വരാത്തതല്ല, വരുന്നത് കാത്തുനിന്ന് ഇവർ എടുത്തുമാറ്റിയതാണ്. അതൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. ഒരു ദിവസം വൈകിട്ട് ഞാൻ ഓഫീസിൽ നിന്ന് വന്നപ്പോൾ വീട്ടിൽ രാഹുലിന്റെ അച്ഛന്റെ അമ്മയുണ്ട്. 

'അമ്മേ... ഇന്ന് പത്രം വന്നിരുന്നോ...' എന്നുചോദിച്ചപ്പോൾ അമ്മയും പറഞ്ഞു, കുറച്ചുദിവസമായി പത്രം വരുന്നില്ലെന്ന്.
കല്ലുകുഴി സ്‌ക്കൂളിലെ ഒരു സാറിനാണ് പത്രത്തിന്റെ ഏജൻസി. വൈകിട്ട് വന്നിട്ട് വിളിച്ചുചോദിക്കാം എന്ന് ചിന്തിച്ചുകൊണ്ടാണ് പിറ്റേന്ന് ഓഫീസിലേക്ക് പോയത്. അപ്പോഴേക്കും രാഹുൽ 'ടൂർ പോയിട്ട്' ഒരാഴ്ച കഴിഞ്ഞിരുന്നു. അന്ന് ഞാൻ ഓഫീസിലിരിക്കുമ്പോ മോള് വിളിച്ചുചോദിച്ചു 'അമ്മേ, റേഷൻകാർഡ് എവിടിരിക്കുവാ.'
ഞാൻ ചോദിച്ചു. കോളേജിൽ പഠിപ്പിക്കാൻ പോയ നിനക്കിപ്പോൾ റേഷൻകാർഡിന്റെ ആവശ്യം എന്തുവാ. അപ്പോഴാണ് പറഞ്ഞത്, അമ്മേടെ മോനെ ഇറക്കണമെങ്കിൽ റേഷൻകാർഡ് വേണമെന്ന്.' 'മോനെ ഇറക്കാനോ. എവിടുന്ന്.'
'അമ്മേടെ മോൻ പത്തനംതിട്ട ജയിലിൽ കിടപ്പുണ്ട്. ഇറക്കണമെങ്കിൽ കാർഡ് വേണം. ആരെങ്കിലും ബന്ധപ്പെട്ടവർ ചെല്ലുകേം വേണം.'
'ജയിലിലോ...? പത്തനംതിട്ട ജയിലിലോ...?' അപ്പോഴാണ്, രാഹുൽ ടൂറ് പോയതല്ലെന്നും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരിക്കുവാണെന്നും, വിവരങ്ങൾ ഞാനറിയാതിരിക്കാൻ മനഃപൂർവ്വം പേപ്പർ മാറ്റിവച്ചതാണെന്നുമൊക്കെ പറഞ്ഞത്.
ഏതായാലും വൈകിട്ട് ഞാൻ വന്നപ്പോൾ ആളിവിടുണ്ട്. മുറ്റം നിറയെ പാർട്ടിക്കാരുമുണ്ട്. ഞാൻ പറഞ്ഞു 'ഈ ടൂറ് കൊള്ളാം മോനെ. അടി വല്ലതും കിട്ടിയോ?' ചിരിച്ചുകൊണ്ട് ഇല്ല എന്നുപറഞ്ഞു. അതങ്ങനങ്ങ് കഴിഞ്ഞു.

പിന്നെ മിക്കവാറും അറസ്റ്റും ലോക്കപ്പുമൊക്കെയായിരുന്നു. അവന് അതൊരു രസമായിരുന്നു. നമുക്ക് ടെൻഷനില്ലാതെയുമായി. ഒരിക്കൽ 17 ദിവസം കൊട്ടാരക്കര ജയിലിലായിരുന്നു. എനിക്ക് ജോലിയും കൊട്ടാരക്കരയിൽ. ഒരു ദിവസം ഞാൻ വിളിച്ചുചോദിച്ചു. മോനെ ഉച്ചയ്ക്ക് ഞാനവിടെവരെ ഒന്നുവരട്ടെ.' 'അമ്മയ്ക്ക് നാണമില്ലെ ഓഫീസിൽ നിന്നിറങ്ങി ജയിൽപ്പുള്ളിയെ കാണാൻ വരാൻ' എന്ന മറുചോദ്യമായിരുന്നു മറുപടി. പിന്നെ അതൊരു ശീലമായി.

സ്ഥാനാർത്ഥിയായി കഴിഞ്ഞപ്പോൾ ജയിക്കുമെന്നുറപ്പുണ്ടായിരുന്നു. അത്രയ്ക്ക് ആത്മാർത്ഥമായിട്ടല്ലെ പാർട്ടിക്കാർ അവനെ കൊണ്ടുനടന്നത്. ഷാഫിയെയൊക്കെ ജയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നല്ലോ. അതുകൊണ്ട് ജയിക്കുമെന്നുറപ്പുണ്ടായിരുന്നു. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമാണ് സംശയമുണ്ടായിരുന്നത്.'

ഇനി രാഹുലിന് കല്യാണമൊക്കെ വേണ്ടെ?

'അത് ഞങ്ങൾ പറഞ്ഞ് പറഞ്ഞ് മടുത്തു. അതിനോട് യോജിക്കുന്നില്ലെന്നല്ല. സമയമില്ല സമയമില്ല എന്നാണ് പറയുന്നത്. ഇനിയിപ്പോൾ അതും ഷാഫിയെ ഏൽപ്പിക്കണം. ഷാഫി വേണം അതുകൂടി ശരിയാക്കാനെന്ന് ഞാൻ തന്നെ ഷാഫിയോട് പറഞ്ഞിട്ടുണ്ട്. എം.പി. ശ്രീകണ്ഠൻ സാറിനോടും പറഞ്ഞിട്ടുണ്ട്. സാറിനും രാഹുലിനോടു വലിയ കാര്യമാണ്. അവർക്ക് മാത്രമല്ല, പാർട്ടിക്കാർക്കൊക്കെ വലിയ കാര്യമാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img