01:18am 12 November 2026
NEWS
ചേർച്ചയുടെ ആഘോഷമാക്കി ഈദിനം
03/06/2026  10:25 AM IST
nila
ചേർച്ചയുടെ ആഘോഷമാക്കി ഈദിനം

ദോഹ: തനിമ ഖത്തർ ആഭിമുഖ്യത്തിൽ മെഷാഫിലെ പൊഡാർ പേൾ സ്‌കൂളിൽ സംഘടിപ്പിച്ച ബലിപെരുന്നാളാഘോഷം ‘ഈദിനം’ ചേർച്ചയുടെയും കൂട്ടായ്മയുടെയും കുടുംബോത്സവമായി.
മലർവാടി ബാലസംഘം, സ്റ്റുഡന്റ്‌സ് ഇന്ത്യ, ഗേൾസ് ഇന്ത്യ, വിമൻ ഇന്ത്യ, യൂത്ത്‌ഫോറം തുടങ്ങി സിഐസി പോഷകസംഘടനകളുടെ സഹകരണത്തോടെ അരങ്ങേറിയ കലാപരിപാടികൾ പ്രതീക്ഷാപൂർവം ആത്മാഭിമാനത്തോടെ മുന്നോട്ടുപോകാനുള്ള ആഹ്വാനം കൂടിയായി.
സ്വാഗതനൃത്തം, ഒപ്പന, മ്യൂസിക്കൽ ഡ്രാമ, മെഡ്‌ലി, ഖവാലി, വട്ടപ്പാട്ട്, സ്‌കിറ്റ് തുടങ്ങി കലാവൈവിധ്യങ്ങളുടെ സമ്പന്നത ആഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി.
സ്ത്രീ നവോത്ഥാനത്തിന്റെ ചാലകശക്തികളാവാൻ ശേഷിയുള്ള ആധുനിക സ്ത്രീ മുന്നേറ്റത്തിന്റെ കഥപറഞ്ഞ് ഡോ. സയ്യിദ പാഷ രചനയും സംവിധാനവും നിർവഹിച്ച രംഗാവിഷ്‌കാരം ‘കിതാബിലെ പെണ്ണ്’,
ദുരന്തങ്ങൾക്കപ്പുറത്തെ ജീവിതപ്രാരാബ്ധങ്ങളിലും അക്ഷരങ്ങളെ പ്രണയിച്ച് ആത്മശാന്തി നേടുകയും ചുറ്റുമുള്ള ജീവിതങ്ങൾക്ക് പ്രതീക്ഷയുടെ നിറം നല്‍കുകയും ചുറ്റുവട്ടങ്ങളിൽ വെളിച്ചം പ്രസരിപ്പിക്കുകയും ചെയ്യുന്ന നന്മജീവിതങ്ങളെ ആവിഷ്‌കരിച്ച് ലത്തീഫ് വടക്കേക്കാട് സംവിധാനം ചെയ്ത രംഗാവിഷ്കാരം ‘നൂർ’, സംഗീതപ്രേമികളുടെ മനം കവർന്ന ഖവാലി, മെഡ്ലി തുടങ്ങിയ ഇനങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. എ. ഐ സാങ്കേതികവിദ്യയിൽ പുനരാവിഷ്‌കൃതമായ മലബാർ സമരചരിത്രത്തിൻ്റെ വേറിട്ട ഏടുകളിലൂടെ തുടങ്ങി കേരളീയ മുസ്‌ലിം സാംസ്കാരികതയിലൂടെ വികസിക്കുന്ന തീം ഷോ ആയാണ് പരിപാടികൾ രൂപകല്പന ചെയ്തത്.
ഡോ. സൽമാൻ (കൺസപ്റ്റ്), അമീൻ ഹസൻ (എ. ഐ വിശ്വൽസ് ) എന്നിവർ ചേർന്നൊരുക്കിയ ഷോ വേറിട്ടതും ആകർഷകവുമായി.
തനിമ രക്ഷാധികാരിയും സിഐസി പ്രസിഡണ്ടുമായ ആർ. എസ് അബ്ദുൽജലീൽ       
സ്‌കൂൾ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിന് ഈദ് സന്ദേശം കൈമാറി. നൂറിലധികം കലാകാരന്മാർ അണിനിരന്ന കലാപരിപാടികൾക്ക് ജസീം സികെ & ഡോ. സൽമാൻ (പ്രോഗ്രാം ഡയറക്ഷൻ ) സിദ്ദീഖ് കെ.പി, നബീൽ (വളണ്ടിയർ), മുനീഷ്, സാലിം വേളം, ജസീം ലക്കി  (മീഡിയ), ഗഫൂർ എ.ആർ, നൂറുദ്ദീന്‍ കെ.വി (ഫെസിലിറ്റീസ്), ബിലാൽ, സലീം (ഫുഡ് ആൻ്റ് റിഫ്രഷ്‌മെന്റ്‌സ്), നൗഫൽ പാലേരി, ബഷീർ അഹ്‌മദ് (സാമ്പത്തികം), സുഹൈൽ ശാന്തപുരം (കൺവീനർ ), മുഹമ്മദ് റാഫി (സിഐസി) , സൗദ ( വിമൻ ഇന്ത്യ), ബബീന ( മലർവാടി), നസീഹ ( ഗേൾസ് ഇന്ത്യ ) തുടങ്ങിയവർ നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img