05:46am 18 November 2026
NEWS
അന്വേഷണങ്ങൾക്ക് കുറവില്ല; പ്രോസിക്യൂഷൻ നടപടികളിൽ ഒളിച്ചുകളിയോ?
16/11/2026  08:02 PM IST
ചെറുകര സണ്ണീലൂക്കോസ്
അന്വേഷണങ്ങൾക്ക് കുറവില്ല; പ്രോസിക്യൂഷൻ നടപടികളിൽ ഒളിച്ചുകളിയോ?

വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റെടുത്ത് ആറ് മാസത്തിനുള്ളിൽ സർക്കാർ ഉത്തരവിട്ടത് മുൻസർക്കാരിന്റെ കാലത്തെ ഒരു ഡസനിലേറെ അഴിമതിയാരോപണങ്ങളിലും നിയമവിരുദ്ധ നടപടികളിലും. ഭരണമൊഴിഞ്ഞ ഒരു സർക്കാരിനെതിരെ സംസ്ഥാന ചരിത്രത്തിലൊരിക്കലും ഉയരാത്തത്ര ആരോപണങ്ങളും പരാതികളുമാണ് മുൻ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഉയർന്നുവരികയുണ്ടായത്.

പോയ സർക്കാരിന് വൻപരാജയം വാങ്ങിക്കൊടുത്ത ജനരോഷത്തിന് കാരണമായ വിഷയങ്ങളിൽ അന്വേഷണവും നടപടിയും ഉണ്ടാകണം എന്നത് പുതിയ സർക്കാരിനെ അധികാരത്തിലേറ്റിയവരുടെ ശക്തമായ വികാരമാണെന്നത് കണക്കിലെടുത്താവണം ഇതുവരെ ഒരു യു.ഡി.എഫ് സർക്കാരും മുതിരാത്ത അന്വേഷണ പരമ്പരകൾക്ക് തുടക്കത്തിൽ സതീശൻ സർക്കാർ തയ്യാറായത്.
എന്നാൽ അന്വേഷണം പ്രഖ്യാപിച്ച് വാർത്തകൾ സൃഷ്ടിച്ച് അണികളെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം, കുറ്റവാളികൾക്ക് പിഴവില്ലാത്ത പ്രോസിക്യൂഷൻ നടപടികളിലൂടെ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ സർക്കാരിനോ ആഭ്യന്തര വകുപ്പിനോ ഇല്ലെന്ന വിമർശനം ഇത്തരം വിഷയങ്ങളിൽ ശ്രദ്ധിക്കുന്ന നിരീക്ഷകർ സംശയിക്കുന്നുണ്ട്.

പിണറായി സർക്കാരിനെതിരായി ജനവികാരം തിരിയുന്നതിൽ ശബരിമല സ്വർണ്ണക്കൊള്ള എത്രമാത്രം പങ്കുവഹിച്ചു എന്നത് എല്ലാവർക്കും അറിയുന്നതാണ്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മറ്റുപ്രതികളും ചേർന്ന് ഗൂഢാലോചന നടത്തി അറ്റകുറ്റപ്പണിയുടെ പേരിൽ ദ്വാരപാലക ശിൽപ്പം, സ്വർണ്ണപാളി എന്നിവയിൽ നിന്നും സ്വർണ്ണകൊള്ള നടത്തിയെന്നതാണ് കേസ്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചിട്ടും കുറ്റപത്രം വൈകുകയാണ്.

എന്നാൽ ഈ രക്തത്തിൽ തങ്ങൾക്ക് പങ്കില്ല എന്നുപറഞ്ഞ് കൈകഴുകി മാറി നിൽക്കുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എന്നാണിതിന് പറയുന്ന ന്യായം. എന്നാൽ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി ഏതെങ്കിലും കേന്ദ്ര ഏജൻസിയിലുള്ളവർ അല്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ്. നടപടികൾ വേഗത്തിലാക്കണം എന്നുപറയാനുള്ള അധികാരവും ഉത്തരവാദിത്തവും സംസ്ഥാന പോലീസ് മേധാവിക്കുണ്ട്. അത് ഒരിക്കലും കോടതിയലക്ഷ്യമാവില്ല.

കേരളാഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ തന്നെയാണ് ശബരിമലയിലെ അരവണപ്പായസ നിർമ്മാണത്തിനായി മിൽമയിൽ നിന്ന് നെയ് വാങ്ങിയതിലും വിതരണം ചെയ്തിലും ഉണ്ടായ വലിയ സാമ്പത്തികത്തട്ടിപ്പും ക്രമക്കേടുകളും അന്വേഷിക്കുന്നത്. സന്നിധാനത്തേയ്ക്ക് എത്തിക്കേണ്ട ആയിരക്കണക്കിന് കിലോഗ്രാം മിൽമ നെയ്യ് വഴിയിൽ വെച്ച് തമിഴ്‌നാട്ടിലെ വിവിധ കമ്പനികൾക്ക് മറിച്ചുവിറ്റു. എന്നാൽ നെയ്യ് പൂർണ്ണമായും ലഭിച്ചതായി ദേവസ്വംരേഖകളിൽ വ്യാജമായി എഴുതിച്ചേർക്കുകയായിരുന്നു. ഈ ക്രമക്കേടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ട് കോടിയിലധികം നഷ്ടമുണ്ടായി. എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (ടകഠ) ആണ് ഈ കേസ് അന്വേഷിക്കുന്നത്. നെയ്യ് മറിച്ചു വിറ്റു കിട്ടിയ പണത്തിൽ നിന്ന് കരാറുകാരൻ 20 ലക്ഷം രൂപാ ദേവസ്വം ജീവനക്കാർക്ക് വീതിച്ചുനൽകിയതായി വിജിലൻസ് കണ്ടെത്തി. വ്യാജ എൻട്രികൾ ഉണ്ടാക്കാൻ കൂട്ടുനിന്ന ദേവസ്വം ജീവനക്കാരൻ ജയലാൽ ഉൾപ്പെടെയുള്ളവരെ എസ്.ഐ.റ്റി അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ കേസിലുള്ള വേഗത പോലും സ്വർണ്ണക്കൊള്ള അന്വേഷണ സംഘത്തിന്റെ നടപടികളിലില്ലെന്നാണ് വിമർശനം.

പുതിയ സർക്കാർ വന്ന് ആദ്യം പ്രഖ്യാപിച്ച അന്വേഷണങ്ങളിലൊന്ന് ലോക്‌സഭ തിരഞ്ഞെടുപ്പുകാലത്ത് വടകരയിൽ പ്രചരിച്ച കാഫിർ സ്‌ക്രീൻ ഷോട്ട് സംഭവം സംബന്ധിച്ചായിരുന്നു. കോഴിക്കോട് റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം (ടകഠ) ആണ് അന്വേഷണം നടത്തിയത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റേയും വടക്കൻ കേലളത്തിലെ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവ് ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് സി.പി.എം തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പും തൊട്ടടുത്ത ദിവസങ്ങളിലും അതിവിപുലമായ പ്രചാരണമാണ് നടത്തുകയുണ്ടായത്. ഷാഫി പറമ്പിൽ കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കൽ പോയിസൺ ആണെന്ന രാഷ്ട്രീയവിശദീകരണയോഗത്തിലെ ഡി.വൈ.എഫ്.ഐ ദേശീയാധ്യക്ഷൻ എ.എ. റഹിം എം.പിയുടെ പരാമർശം വിവാദമായിരുന്നു.

എന്നാൽ എസ്.ഐ.റ്റി നടത്തിയ അന്വേഷണത്തിൽ വടകരയിലെ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി സ്‌ക്രീൻ ഷോട്ട് പ്രചാരണത്തിന് തുടക്കമിട്ടത് ഡി.വൈ.എഫ്. ഐ മുൻ ബ്ലോക്ക് കമ്മിറ്റിയംഗവും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ ജിതിൻദാസ് ആണെന്നു ശാസ്ത്രീയത്തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുകയുണ്ടായി. വിവാദസന്ദേശം പുറത്തുവന്ന 2024 ഏപ്രിൽ 25 ന് രാത്രി അമ്പാടിമുക്ക് സഖാക്കൾ, റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടർ, പോരാളിഷാജി എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് സന്ദേശം ആദ്യം പ്രചരിപ്പിച്ചത്. സ്‌ക്രീൻഷോട്ട് പങ്കുവച്ചതിന്, ഡി.വൈ.എഫ്.ഐക്കാരായ റിബേഷ്, വഹാബ്, അതുൽ, അതുൽപ്രസാദ് എന്നിവരേയും കേസിൽ പ്രതിചേർക്കുകയുണ്ടായി. മെറ്റയിൽ നിന്ന് വിവരം ലഭിക്കാൻ താമസിക്കുന്നു എന്നുപറഞ്ഞ് ഈ കേസിന്റെ പ്രോസിക്യൂഷൻ നടപടികൾ വൈകുന്നത് കോൺഗ്രസ് പ്രവർത്തകരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

മുൻസർക്കാരിന്റെ 2023 ഡിസംബറിലെ നവകേരളസഭ സദസിനിടെ യൂത്ത് കോൺഗ്രസ്- കെ.എസ്.യു നേതാക്കളെ ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിൽ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എസ്.പി എ.പി. ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ഡി.വൈ.എസ്.പി ബൈജു പൗലോസായിരുന്നു പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ.

ഇപ്പോഴത്തെ ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ്, അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ പ്രാദേശിക പോലീസ് തടഞ്ഞുവച്ചിരുന്ന സമയത്താണ് മുൻമുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.  സന്ദീപ് തുടങ്ങിയവർ നിയമവിരുദ്ധവും ചട്ടങ്ങൾക്ക് വിരുദ്ധവുമായി മർദ്ദിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. അഞ്ച് പോലീസുകാരാണ് ഈ കേസിലെ പ്രതികൾ.

കേസിന്റെ ആദ്യഘട്ടത്തിൽ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഇല്ലെന്ന് വരുത്തിത്തീർക്കാനും കേസ് ഡയറിയിൽ കൃത്രിമം കാണിക്കാനും അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാർ ഇടപെട്ടതായി എസ്.ഐ.ടി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എം.ആർ. അജിത്കുമാറിനെ സസ്‌പെൻഡ് ചെയ്തത്. പ്രതിചേർക്കപ്പെട്ട അഞ്ച് പോലീസുകാരും സസ്‌പെൻഷനിലാണ്. പ്രതികൾക്കെതിരെ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സി.ബി.ഐയ്ക്ക് വിടാനുള്ള സതീശൻ സർക്കാരിന്റെ തീരുമാനവും രാഷ്ട്രീയപ്രാധാന്യമുള്ള നടപടിയായിരുന്നു. 

അതേസമയം നവീൻബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ പേരിൽ, പ്രസിഡന്റായിരിക്കെ ടെൻഡർ ഇല്ലാതെ 'കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്ക് കരാർ നൽകിയതിൽ അഴിമതിയാരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഭർത്താവിന്റെയും സ്വത്തിനെക്കുറിച്ചന്വേഷിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിയായിരിക്കെ വീണാജോർജ്ജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എം.എൽ.എ നൽകിയ പരാതിയിൽ എസ്.ഐ.ടി രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തലവൻ കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് യു.പ്രേമൻ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കരിങ്കൊടി പ്രതിഷേധം മാത്രമാണുണ്ടായതെന്നും പറയുന്നുണ്ട്. സംഭവത്തിൽ ആദ്യം പരാതി നൽകിയ മന്ത്രിയുടെ ഗൺമാൻ ആക്രമിച്ചത് താൻ കണ്ടില്ലെന്ന് പരാതി നൽകിയത് വീണാജോർജ്ജ് പറഞ്ഞിട്ടാണെന്നും എസ്.ഐ.റ്റിക്ക് മൊഴി നൽകിയത് മുൻമന്ത്രിക്ക് തിരിച്ചടിയായി.

ലയണൽ മെസ്സിയേയും അർജന്റീന ഫുട്‌ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിലും ക്രമക്കേടുകളിലും റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കുമെതിരെ (ഞആഇ) കേരളാ പോലീസ്(കളമശ്ശേരി പോലീസ്) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. കൊച്ചി കലൂർ ജവഹർലാൽ  നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതും പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്.

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളിലെ കുറ്റപത്ര സമർപ്പണത്തിന് ഭരണമാറ്റമുണ്ടായതോടെ വേഗതവെച്ചു. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ പ്രധാന പ്രതികളായുള്ള 36 കേസുകളുടേയും ഇതര ഭൂഉടമകൾ പ്രതികളായുള്ള 5 കേസുകളുടെയും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. പുതിയ സർക്കാർ വന്നിട്ടും അഡ്വക്കേറ്റ് ജനറൽ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ അഡ്വക്കേറ്റ് ജനറലിന് നൽകാതെ ഉഴപ്പിച്ചതുമൂലം മുറിച്ച മരങ്ങൾ കണ്ടുകെട്ടിയ കേസിൽ ഹൈക്കോടതിയിൽ സർക്കാർ തിരിച്ചടി നേരിട്ടിരുന്നു. 2020 ൽ നിയമവിരുദ്ധമായ ഉത്തരവ് പുറപ്പെടുവിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന പരാതികളിൽ കഴിഞ്ഞ സർക്കാർ അന്വേഷിക്കാതെ വിട്ട 'ഗൂഢാലോചന' സംബന്ധിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വനം മന്ത്രി ഷിബു ബേബിജോൺ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് 2026 നവംബർ 3 ന് കത്ത് നൽകിയിട്ടുണ്ട്.

ഓപ്പറേഷൻ കളിക്കളം എന്ന പേരിൽ കേരളത്തിലെ സ്‌പോർട്‌സ് കൗൺസിൽ ആസ്ഥാനത്തും 14 ജില്ലാ ഓഫീസുകളിലും വിജിലൻസ് 2026 സെപ്റ്റംബർ 23 നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കായികതാരങ്ങൾക്ക് നൽകാൻ വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ സ്‌പോട്‌സ് സ്‌കിറ്റുകൾ പൂഴ്ത്തിവെച്ചതും ധനവിനിയോഗത്തിലെ വമ്പൻ ക്രമക്കേടുകളാണ്.

കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ നിർമ്മാണത്തിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ട വിജിലൻസിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്. കൊച്ചിക്ക് പിന്നാലെ കോഴിക്കോട്ടു നിന്നും കോട്ടയത്തുനിന്നും എല്ലാം ലൈഫ് മിഷൻ പ്രധാന സമുച്ചയങ്ങളിലെ ചോർച്ച, ഭിത്തികളിലെ വിള്ളലുകൾ സെപ്റ്റിക് ടാങ്കുകളുടെ അപാകത സംബന്ധിച്ചെല്ലാം പരാതികൾ ഉയർന്നിട്ടുണ്ട്. വടക്കാഞ്ചേരി ചരൽപ്പറമ്പിലെ ഒരു സൗകര്യവുമില്ലാത്ത കുന്നിൻചെരുവിൽ കാടുകയറിയൊരു പ്രേതഭവനം പോലെ നിൽക്കുകയാണ് ലൈഫ് മിഷന്റെ വർഷങ്ങളായി നിർമ്മാണം പൂർത്തിയാകാത്ത ഫ്‌ളാറ്റ് സമുച്ചയം.

കിഫ്ബി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് ഡി.ഐ.ജി തോംസൺ ജോസഫിന്റെ മേൽനോട്ടത്തിൽ വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റ് എസ്.പി ഇ.എൻ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. കണ്ണൂരിലെ ഭൂമി എറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനാണ് സർക്കാർ വിജിലൻസിനെ നിയോഗിച്ചത്.

ധനവകുപ്പിനോ സർക്കാരിനോ നിയന്ത്രണമില്ലാത്ത കിഫ്ബിയിൽ കഴിഞ്ഞ 10 വർഷം വൻക്രമക്കേടുകളാണ് നടന്നതെന്നാണ് മുൻ ചീഫ് സെക്രട്ടറി സുധാപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇക്കാലത്ത് കിഫ്ബിയിൽ നടന്ന ബന്ധുനിയമനങ്ങൾ സംബന്ധിച്ചും മറ്റൊരന്വേഷണം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. വ്യാപകമായി ബന്ധുനിയമനം നടന്നതായി തെളിവുകൾ സഹിതം സർക്കാരിന് പരാതികൾ ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ ബന്ധുക്കൾക്ക് പുറമെ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളേയും ബന്ധുക്കളേയുമാണ് കിഫ്ബിയിൽ തിരുകിക്കയറ്റിയത്. ഇവർക്ക് ഉയർന്ന ശമ്പളവും എല്ലാവർഷവും ശമ്പളവർദ്ധനയും(10% വീതം) ഉറപ്പാക്കിയിരുന്നു.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ച 6000 കോടിയോളം രൂപയുടെ പദ്ധതികളെക്കുറിച്ചും വിജിലൻസ് അന്വേഷിക്കും. പദ്ധതികൾ ടെണ്ടറില്ലാതെയാണ് കൈമാറിയതെന്നും വിശദപദ്ധതിരേഖ (ഉജഞ) പോലും ഊരാളുങ്കലാണ് തയ്യാറാക്കിയതെന്നും അടക്കമുള്ള വിവരങ്ങളെല്ലാം സർക്കാരിന് ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അടക്കം വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും വിവിധ ജില്ലകളിൽ നിർമ്മിച്ച കെട്ടിടങ്ങളെക്കുറിച്ചും വലിയ ആക്ഷേപവും പരാതിയും ഉയർന്നിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് കോട്ടയം മെഡിക്കൽ കോളേജിനായി പണിത 8 നിലകളിലുള്ള പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടം.
2026 ഫെബ്രുവരി 16 ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടം കിഫ്ബി ഫണ്ടിൽ നിന്ന് 275 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ചതാണ്. നിർമ്മാണ വീഴ്ചകൾ മാത്രമുള്ളതാണ് ഈ കെട്ടിടം. ഹൈറ്റ്‌സ് എന്ന ഏജൻസിയാണ് കരാർ എടുത്തത്. ഇടയ്ക്കിടെ സീലിംഗുകൾ തകർന്നുവീഴുന്നു. ഫാനിന്റെ ലീഫുകൾ ഒടിഞ്ഞുവീഴുന്നു. ശുചിമുറികൾ പലതും ഉപയോഗശൂന്യമായി. ടൈലുകൾ ഇടയ്ക്കിടെ പൊട്ടുന്നു. വൈദ്യുതി തകരാർ നിത്യസംഭവം. വീഴ്ചകൾ കരാറുകാരുടെയാണെങ്കിലും കിഫ്ബി ഫണ്ടിന്റെ ദുരുപയോഗം കൂടിയായി ഈ കെട്ടിടനിർമ്മാണം.

ആരോഗ്യവകുപ്പിൽ മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ മരുന്നുവാങ്ങൽ അടക്കം പല വിഷയങ്ങളിലും വകുപ്പുമന്ത്രി കെ. മുരളീധരനും മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും വിജിലൻസ് അന്വേഷണം ഉണ്ടാകണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ടൂറിസം ഡയറക്ടറേറ്റ്, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട്, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവ നടപ്പാക്കിയ പദ്ധതികളിൽ ഗുരുതരക്രമക്കേടുകൾ നടന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സി.എ.ജി) റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. നിർബന്ധമായും നടത്തേണ്ടിയിരുന്ന സാധ്യതാ- സാങ്കേതിക പഠനങ്ങളില്ലാതെ 187.06 കോടി രൂപ അടങ്കൽ തുകയ്ക്കുള്ള 33 പദ്ധതികൾക്ക് അനുമതി നൽകി. ഇതിൽ പലരും പിന്നീട് ഉപേക്ഷിക്കുകയോ മുടങ്ങുകയോ ചെയ്തു. ഇത്തരം 31 പദ്ധതികൾക്കായി 21.12 കോടി രൂപ മുൻകൂർ നൽകി. കണ്ണൂർ പയ്യാമ്പലം അഡ്വഞ്ചർ പാർക്ക് സാധ്യതാപഠനമില്ലാതെ നിർമ്മിച്ചു. 51 ലക്ഷം ചെലവിട്ട പദ്ധതി പിന്നെ ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ ധന ദുർവിനിയോഗത്തിന്റെ വിശദമായ വിവരങ്ങൾ സി.എ.ജി അക്കമിട്ട് നിരത്തുന്നുണ്ട്.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അഴിമതി അന്വേഷണങ്ങൾക്കും അപ്പുറം ഏതെല്ലാം ഇടപാടുകളിൽ കുറ്റവാളികൾ നിയമത്തിന്റെ പിടിയിൽ അകപ്പെടും, അന്വേഷണ ഉത്തരവ് പ്രഖ്യാപിക്കുന്നതിൽ കാണിക്കുന്ന ആവേശം പ്രോസിക്യൂഷൻ നടപടികളിൽ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകുമോ എന്നാണ് ജനങ്ങൾക്കറിയേണ്ടത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img