05:34pm 29 July 2026
NEWS
പൊലീസിൽ ഇനി രണ്ട് സംഘടനകൾ മാത്രം; ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി, ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി
28/07/2026  11:05 AM IST
ന്യൂസ് ബ്യൂറോ
പൊലീസിൽ ഇനി രണ്ട് സംഘടനകൾ മാത്രം; ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി, ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി

തിരുവനന്തപുരം: കേരള പൊലീസിൽ ഇനി രണ്ടുസംഘടനകൾ മാത്രം—പൊലീസ് അസോസിയേഷനും പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും. നിലവിലുണ്ടായിരുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി. സംഘടനകളുടെ നിയമാവലിയിൽ ഭേദഗതി വരുത്തി ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി മിൻഹാജ് അലം ഉത്തരവിറക്കി.
​അംഗത്വത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന പൊലീസുദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണിതെന്ന് ഉത്തരവിലുണ്ട്. നിലവിൽ ഇടതുപക്ഷ അനുഭാവികളാണ് സംഘടനകളുടെ തലപ്പത്തുള്ളത്. പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതോടെ സംഘടനകളുടെ നിയന്ത്രണം കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥർ പിടിക്കുമെന്നാണ് വിലയിരുത്തൽ.

​ പുതിയ അംഗത്വ ഘടന
​പൊലീസ് അസോസിയേഷൻ:

 സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, ഗ്രേഡ് എ.എസ്.ഐ, അസി.സബ് ഇൻസ്പെക്ടർ, ഗ്രേഡ് സബ്ഇൻസ്പെക്ടർ റാങ്കിലുള്ളവർക്കാണ് അംഗത്വം നൽകുക.

​സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ:

 സബ് ഇൻസ്പെക്ടർ മുതൽ നോൺ ഐ.പി.എസ് എസ്.പിമാർ വരെയുള്ളവരാവും ഇതിലുണ്ടാവുക.
​(ഇല്ലാതായ ഓഫീസേഴ്സ് അസോസിയേഷനിൽ ഗ്രേഡ് എ.എസ്.ഐ മുതൽ സി.ഐ വരെയുള്ളവരായിരുന്നു അംഗങ്ങൾ.)

​ ആസ്തികളുടെ വിഭജനം
​ഇല്ലാതായ ഓഫീസേഴ്സ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, രേഖകൾ, നിക്ഷേപങ്ങൾ, ബാദ്ധ്യതകൾ എന്നിവ:
​60%  പൊലീസ് അസോസിയേഷനിലേക്ക്
​40%  സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്ക്

​ഏകോപനത്തിന് അഡ്‌ഹോക്ക് കമ്മിറ്റികൾ
​അസോസിയേഷനുകളുടെ അംഗത്വവും പുന:സംഘടനയും ഏകോപിപ്പിക്കാൻ പൊലീസ് മേധാവി അഡ്‌ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്.
​യൂണിറ്റ്, ജില്ലാ, സംസ്ഥാനതല തിരഞ്ഞെടുപ്പുകൾ സെപ്തംബർ 30-നകം പൂർത്തിയാക്കണം.
​പുതിയ കമ്മിറ്റികളുടെ കാലാവധി രണ്ടു വർഷമായിരിക്കും.
​ഏഴ് ഉദ്യോഗസ്ഥർക്ക് ഒരുപ്രതിനിധിയെന്ന കണക്കിലായിരിക്കണം സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. പൊലീസ് അസോസിയേഷനിൽ നിലവിലെ മാനദണ്ഡം തുടരാം.
​തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി തലത്തിൽ പരിഹരിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img