03:59pm 16 September 2026
NEWS

ഈ നദിയിലെ ജലം തിളച്ചുമറിയുകയാണ്..

31/08/2025  06:29 PM IST
nila
 ഈ നദിയിലെ ജലം തിളച്ചുമറിയുകയാണ്..

നമ്മൾ മലയാളികൾക്ക് നദികൾ സുപരിചിതമാണ്. 15 കിലോമീറ്ററിലധികം ദൈർഘ്യമുളള പുഴകളെയാണ് നദികൾ എന്ന് വിളിക്കുന്നത് എന്നും നമുക്കറിയാം. 44 നദികളാൽ സമ്പന്നമായ കേരളത്തിൽ താമസിക്കുന്ന നമുക്ക് പുഴകളെ കുറിച്ച് എല്ലാ കാര്യങ്ങളും അറിയാം എന്നാണ് പൊതുവെ നാം അവകാശപ്പെടാറുള്ളത്. 41 നദികൾ കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഒഴുകുമ്പോൾ മൂന്ന് നദികൾ പടിഞ്ഞാറു നിന്നും കിഴക്കോട്ടാണ് ഒഴുകുന്നത് എന്നും നമുക്കറിയാം അല്ലേൽ കേരളത്തിലെ നദികളുടെ വിശേഷം അവിടെ നിൽക്കട്ടെ. തിളച്ചുമറിയുന്ന ഒരു നദിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അതെ, അങ്ങനെയൊരു നദിയുണ്ട്. ലോകത്തിൽ അങ്ങനെ തിളച്ചുമറിയുന്ന ഒരേയൊരു നദിയോയുള്ളൂ. ആ നദിയുടെ വിശേഷങ്ങളിലേക്കാണ് ഇന്ന് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. 

ഇത് ഷാനയ്-ടിംപിഷ്ക എന്ന നദി. പെറുവിലെ ആമസോൺ മേഖലയിലൂടെ ഒഴുകുന്ന ഈ നദി ആമസോൺ നദിയുടെ പ്രധാനപ്പെട്ട പോഷകനദികളിൽ ഒന്നാണ്.  ഏകദേശം 30 മീറ്റർ വീതിയും 4.5 മീറ്റർ ആഴവുമാണ് ഈ നദിക്കുള്ളത്.  6.4 കിലോമീറ്ററാണ് ഇതിന്റെ നീളം. ഇതിന്റെ വീതിയോ നീളമോ ആഴമോ ഒന്നുമല്ല ഇതിനെ ലോകത്ത് വ്യത്യസ്തമാക്കുന്നത്. മറിച്ച് ഈ നദിയിലെ വെള്ളം തിളച്ചുമറിയുന്നതാണ്. വെറുതെ പറയുന്നതല്ല. ഈ നദിയിലെ വെള്ളത്തിന് 45 ഡി​ഗ്രി സെൽഷ്യസ് മുതൽ 100ഡി​ഗ്രി സെൽഷ്യസ് വരെയാണ് ചൂട്. 

പെറുവിലെ ആമസോൺ മഴക്കാടുകളുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതി അത്ഭുതമാണിത്. ശാസ്ത്രജ്ഞരെയും പര്യവേക്ഷകരെയും സാധാരണ ജനങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുന്ന ജലപ്രവാഹം. ലാ ബോംബ എന്നും അറിയപ്പെടുന്ന ഷാനയ്-ടിമ്പിഷ്കനദിയിലെ വെള്ളം 45 ഡിഗ്രി സെൽഷ്യസ് മുതൽ 100 ​​ഡിഗ്രി സെൽഷ്യസ് വരെ ചുട്ടുപൊള്ളുന്ന താപനില നിലനിർത്തുന്നു.

' സൂര്യന്റെ ചൂടിൽ തിളച്ചുമറിയുക ' എന്നാണ് ഷാനയ്-ടിംപിഷ്ക എന്ന പേരിന്റെ അർത്ഥം. " ഷാനയ് ", " ടിംപു " എന്നീ വാക്കുകളിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത് . ഷാനായ് എന്നാൽ സൂര്യന്റെ ചൂട് എന്നാണർത്ഥം. ടിംപു എന്നാൽ തിളപ്പിക്കുക എന്നും.  പേരിൽ നദിയുടെ വെള്ളം തിളയ്ക്കാൻ കാരണക്കാരൻ സൂര്യനെന്നാണ് പറയുന്നത്. എന്നാൽ, സൗരോർജ്ജത്തേക്കാൾ ഭൂതാപമാണ് ഈ നദിയിങ്ങനെ തിളച്ചുമറിയാൻ കാരണം കേട്ടോ. ആ രഹസ്യത്തിലേക്ക് പിന്നാലെ വരാം. ഈ നദിയുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടി നമുക്ക് അറിഞ്ഞുവരാം.. 

പെറുവിലെ സമൃദ്ധമായ ഹുവാനുക്കോ വനത്തിന്റെ ഭാഗമായ മായന്റുയാകു സങ്കേതത്തിലാണ് ഈ നദി സ്ഥിതി ചെയ്യുന്നത്. നദിയുമായും അതിന്റെ ചുറ്റുപാടുകളുമായും ആഴത്തിലുള്ള ആത്മീയ ബന്ധങ്ങൾ പുലർത്തുന്ന ഒരു അഷാനിങ്ക സമൂഹമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. "ജലത്തിന്റെ മാതാവ്" എന്നറിയപ്പെടുന്ന ഒരു ഭീമാകാരമായ സർപ്പാത്മാവായ യകുമാമയാണ് തിളച്ച വെള്ളം ഉത്പാദിപ്പിക്കുന്നതെന്ന് പ്രാദേശിക ഷാമന്മാർ വിശ്വസിക്കുന്നത്. 

തിളച്ച വെള്ളമാണ് എന്ന് പറയുമ്പോൾ ഈ നദിയുടെ എല്ലാ ഭാ​ഗവും അങ്ങനെയാണ് എന്ന് കരുതരുത് കേട്ടോ. ചിലഭാ​ഗങ്ങളിൽ ചെറിയ ചൂട് മാത്രമാണുള്ളത്. ഇവിടെ മനുഷ്യർക്ക് ഇറങ്ങാൻ സാധിക്കും. എന്നാൽ, ഈ വെള്ളത്തിലിറങ്ങിയാൽ ചില അസ്വസ്ഥതകൾ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. ചിലയിടങ്ങളിൽ ഇറങ്ങാൻ പറ്റാത്തത്ര ചൂടും മറ്റു ചിലയിടങ്ങളിൽ വെട്ടിത്തിളച്ച് വെള്ളം നീരാവിയാകുന്ന ചൂടുമാണ്. ഈ നദിയിൽ ഒരു തരത്തിലുള്ള ജലജീവികളുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 100 ഡി​ഗ്രി സെൽഷ്യസിൽ തിളച്ചുമറിയുന്ന വെള്ളത്തെ ഏതു ജലജീവിയാണ് അതിജീവിക്കുക? 

എന്തുകൊണ്ടാണ് ഈ നദിയിലെ വെള്ളം ഇങ്ങനെ ചൂടാകുന്നത് എന്നതിന് ശാസ്ത്രലോകം ഇനിയും വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ടില്ല. ഈ നദി തിളച്ചുമറിയാൻ പല കാരണങ്ങളും ​ഗവേഷകർ അവതരിപ്പിക്കുന്നുണ്ട്. സജീവമായ അഗ്നിപർവ്വതങ്ങളുമായോ ഭൂതാപ വെന്റുകളുമായോ ഉള്ള സാമീപ്യമാണ് ഈ നദി തിളച്ചുമറിയാൻ കാരണമെന്നാണ് ചില ​ഗവേഷകർ പറയുന്നത്. എന്നാൽ, ഷാനയ്-ടിംപിഷ്ക സ്ഥിതി ചെയ്യുന്നത് അത്തരം അഗ്നിപർവ്വത പ്രവർത്തനങ്ങളിൽ നിന്ന് വളരെ അകലെയാണ്. 

നദിയുടെ താപത്തെ ഭൂമിയുടെ ഭൂതാപ ഗ്രേഡിയന്റുമായി ബന്ധിപ്പിക്കുന്ന സിദ്ധാന്തത്തിനാണ് കൂടുതൽ വിശ്വാസ്യതയുള്ളത് കേട്ടോ. മഴവെള്ളം ആമസോൺ മഴക്കാടുകളുടെ ഉപരിതലത്തിൽ നിന്ന് ചില വിള്ളലുകളിലൂടെ ഭൂമിയുടെ മാന്റിലിന് അടുത്ത് വരെ എത്തുമത്രെ. സ്വാഭാവികമായും മാന്റിലിന്റെ ചൂടിൽ വെള്ളവും ചൂടാകും. തുടർന്ന് ഈ ചൂടുവെള്ളം ഭൂതലത്തിലേക്ക് ഉറവയായി എത്തുന്നത് ഷാനയ്-ടിംപിഷ്ക നദിയുടെ ചില ഭാ​ഗങ്ങളിലേക്കാണ്. അതായത്, ഭൂതാപ ഗ്രേഡിയന്റ് കാരണമാണ് നദിയിലെ വെള്ളം ചൂടാകുന്നത് എന്നർത്ഥം. ലളിതമായി പറഞ്ഞാൽ - മഴവെള്ളം ഭൂമിയുടെ പുറംതോടിലേക്ക് ഇറങ്ങുമ്പോൾ ചൂടാക്കപ്പെടുന്നു, തുടർന്ന് അത് ചൂടുനീരുറവകളിലൂടെ ഉപരിതലത്തിലേക്ക് തിരികെ എത്തുന്നു. ഈ പ്രദേശത്തെ സന്ദർശകർ പലപ്പോഴും തിളയ്ക്കുന്ന നദിയെ കണ്ട് അത്ഭുതപ്പെടുന്നു, ഇത് ഭൂമിയുടെ ഭൂതാപ ശക്തിയുടെ തെളിവാണ് എന്നവർ തിരിച്ചറിയുന്നുണ്ട്. 

ശാസ്ത്രീയ ജിജ്ഞാസയും ഷാമനിക് ഇതിഹാസവും കൊണ്ട് നിറഞ്ഞ ഈ നദി ഇപ്പോഴും ചൂടായി തന്നെ ഒഴുകുകയാണ്. ഇവ രണ്ടും ഈ നദി സന്ദർശിക്കുന്നവരെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഹുവാനുക്കോ വനത്തിന്റെ ഉള്ളറകളിലേക്ക് എത്തുവരെയും കാത്ത് പ്രകൃതിയുടെ ശക്തിയും രഹസ്യവും പേറി ഈ നദിയിങ്ങനെ തിളച്ചുമറിയുകയാണ്.

‌ ഷാനയ് ടിമ്പിഷ്ക ഇക്കോലോഡ്ജ് ആണ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരേയൊരു ലോഡ്ജ്. അതിഥികൾക്ക് തിളയ്ക്കുന്ന നദിയിലേക്ക് സ്വകാര്യ പ്രവേശനം നൽകുന്നത് ഈ ഹോട്ടലാണ്. ആമസോൺ മഴക്കാടുകളാൽ ചുറ്റപ്പെട്ട താമസ സൗകര്യങ്ങൾ ലളിതമാണ്. നദി മുകളിലേക്ക് തിളച്ചുമറിയുമ്പോൾ, ഇക്കോലോഡ്ജിലെ വെള്ളം നീന്തലിന് അനുയോജ്യമാണ്. വനത്താൽ ചുറ്റപ്പെട്ട, നീരാവി ഒഴുകുന്ന നദിയിൽ നിർമ്മിച്ച ഒരു നീന്തൽക്കുളത്തിൽ അതിഥികൾക്ക് ഉല്ലാസത്തിനും അവസരമുണ്ട് എന്നാണ് ഹോട്ടൽ അധികൃതരുടെ വാ​ഗ്ദാനം. 

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും നദിയിങ്ങനെ തിളച്ചുമറിയാൻ എന്താണ് കാരണമെന്നതിൽ ശാസ്ത്രലോകത്തിന് പൂർണമായ ഒരുത്തരം നൽകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img