
ആർ.എസ്. എസ്സ് കോട്ടയായ കർണാടകം തിരിച്ചുപിടിക്കാൻ ബിജെപി കച്ച മുറുക്കുന്നു
ദശകങ്ങൾക്ക് മുമ്പുതന്നെ രാഷ്ട്രീയ സ്വയം സേവക് എന്ന ആർ എസ് എസ് ആഴത്തിൽ വേരുപടർത്തിയിട്ടുള്ള സംസ്ഥാനമാണ് കർണാടകം. ബെളഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംസ്ഥാനത്ത് ആർ എസ് എസ്സിന്റെ ആദ്യ ശാഖ നിലവിൽ വന്നത്. 1935 ൽ ആയിരുന്നു അത്. പിന്നീട് സംസ്ഥാനത്തൊട്ടാകെ വേരുപടർത്താൻ ആ പ്രസ്ഥാനത്തിന് അധികകാലം വേണ്ടിവന്നില്ല. ആർ എസ് എസ്സാണ് ബിജെപിയുടെ ശക്തി സ്രോതസ്. ആർ എസ് എസ് പ്രവർത്തകനായിരുന്ന ബി എസ് യഡിയൂരപ്പയാണ് ദീർഘകാലത്തെ ചിട്ടയോടുകൂടിയ പ്രവർത്തനത്തിലൂടെ ബിജെപിയെ അധികാരത്തിലെത്തിച്ചത്. തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനം കർണാടകമാണ്. അതിന്റെ ക്രഡിറ്റ് യഡിയൂരപ്പയ്ക്ക് അവകാശപ്പെട്ടതാണ്. സംസ്ഥാനത്ത് ആദ്യത്തെ ആർ എസ് എസ് മുഖ്യമന്ത്രി യഡിയൂരപ്പയാണ്. കടുത്ത ഹിന്ദുത്വവാദിയായിരുന്നില്ല അദ്ദേഹം. ഇപ്പോഴും അല്ല. മൃദു ഹിന്ദുത്വ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. മറ്റു മതങ്ങളിലുള്ളവരെ കൂടെക്കൂട്ടാൻ അദ്ദേഹം മടിച്ചിരുന്നില്ല. ആ നിലപാടാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. ഇപ്പോഴും കർണാടകത്തിലെ ഏറ്റവും ജനപ്രീതിയുള്ള ബിജെപി നേതാവ് എൺപത്തിരണ്ടുകാരനായ യഡിയൂരപ്പയാണ്.
ദത്താത്രേയ ഹൊസബെളെയെപ്പോലുള്ള നേതാക്കൾ കർണാടകത്തിൽ നിന്ന് ആർ എസ് എസ്സിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയർന്നുവന്നവരാണ്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ആർ എസ്സ് എസ്സിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള, വിപുലമായ ബന്ധങ്ങളുള്ള കർണാടക നേതാവാണ്. യശശ്ശരീരനായ കേന്ദ്രമന്ത്രി എച്ച് എൻ അനന്തകുമാർ പ്രമുഖ ആർ എസ് എസ് നേതാവായിരുന്നു. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും ശോഭ കരന്ത്‌ലജെയും കർണാടകത്തിൽ നിന്ന് ആർ എസ് എസ്സിലൂടെ ഉയർന്നുവന്ന ബിജെപി നേതാക്കളാണ്. മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ ആർ എസ് എസ് പശ്ചാത്തലമുള്ള നേതാവാണ്. സി ടി രവി ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ആർ എസ് എസ്സുകാരനാണ്. മുൻ സംസ്ഥാനമന്ത്രിയും നിലവിൽ കാർക്കാല എം എൽ എയുമായ വി. സുനിൽകുമാർ ആർ എസ് എസ്സിൽ നിന്നും ബിജെപിയിലെത്തിയ തീവ്ര ഹിന്ദുത്വ കാഴ്ചപ്പാടുള്ള ദേശീയ വാദിയാണ്. ദേശീയതലത്തിൽ ശ്രദ്ധ നേടുന്ന, ബംഗളുരു സൗത്തിനെ ലോകസഭയിൽ പ്രതിനിധീകരിക്കുന്ന യുവനേതാവ് തേജസ്വി സൂര്യ ആർ എസ് എസ്സുകാരനാണ്. അതുപോലെ മറ്റനേകം ആർ എസ് എസ്സുകാരായ ബിജെപി നേതാക്കൾ കർണാടകത്തിലുണ്ട്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ആർ എസ് എസ് ശക്തമാണ്. തീരദേശ ജില്ലകളിൽ വളരെയേറെ ശക്തവും വിപുലവുമാണ്. ആർ എസ് എസ് പാരമ്പര്യമുള്ള സമുന്നത നേതാവായ യഡിയൂരപ്പയെ 2021 ൽ അമിത് ഷാ പരോക്ഷമായി ഇടപെട്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയില്ലായിരുന്നെങ്കിൽ കർണാടകം ഇപ്പോഴും ബിജെപി ഭരിക്കുമായിരുന്നു. ആ പിഴവിൽ അമിത് ഷായ്ക്ക് പശ്ചാത്താപമുണ്ട്. ഭരിക്കുന്ന കോൺഗ്രസ്സ് ബിജെപിയേക്കാളേറെ ഭയപ്പെടുന്നത് ആർ എസ്എസിനെയാണ്. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ആർ എസ് എസ് ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഈയിടെയായി പ്രവർത്തനവും ജനകീയ മുന്നേറ്റവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ആ നീക്കം വെല്ലുവിളി ഉയർത്തുന്നത് അധികാര വടംവലി രൂക്ഷമായിട്ടുള്ള കോൺഗ്രസ്സിനെയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള ശീതസമരം ഊർജ്ജം പകരുന്നത് ബിജെപിക്കും ആർ എസ് എസ്സിനുമാണ്.
ആർ എസ് എസ്സും ഖാർഗെ കുടുംബവും
ആർ എസ് എസ്സിന്റെയും ബിജെപിയുടെയും തേരോട്ടത്തിനിടയിൽ കല്യാൺ കർണാടകയിലെ ചില പ്രദേശങ്ങൾ കയ്യടക്കി വെച്ച് പ്രതിരോധിക്കുന്നത് എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും അദ്ദേഹത്തിന്റെ മകനും സിദ്ധരാമയ്യ മന്ത്രിസഭയിലെ കരുത്തനായ മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയുമാണ്. കോൺഗ്രസ്സിലെ ദളിത് വിഭാഗത്തെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. അവരുടെ തട്ടകങ്ങളിലും ആർ എസ് എസ് നടത്തുന്ന കടന്നുകയറ്റം ഖാർഗെ കുടുംബത്തെ രോഷാകുലരാക്കിയിട്ടുണ്ട്. ആർ എസ് എസ്സിന് കള്ളപ്പണം വെളുപ്പിക്കുന്ന ഇടപാടുണ്ടെന്നും അതുവഴിയാണ് ആർ എസ് എസ്സും ബിജെപിയും സാമ്പത്തികമായി തടിച്ചു വീർക്കുന്നതെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചത് വൻ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ആർ എസ് എസ്സിന്റെ കീഴിൽ രണ്ടായിരത്തി അഞ്ഞൂറോളം സംഘടനകളുണ്ടെന്നും അവരിലൂടെയാണ് ആർ എസ് എസ്സും ധനസമ്പാദനം നടത്തുന്നതെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചിരുന്നു.
ആർ എസ് എസ് ഇതുവരെയും രജിസ്റ്റർ ചെയ്യാത്തതിന്റെയും ഭരണഘടനയ്ക്ക് അതീതമായ ശക്തിയാണെന്ന പ്രതീതിയോടെ പ്രവർത്തിക്കുന്നതിന്റെയും പിന്നിൽ നിഗൂഢതകളുണ്ടെന്ന് ഖാർഗെ ജൂനിയർ ചൂണ്ടിക്കാട്ടിയിരുന്നു. അതിരൂക്ഷമായ വിമർശനമാണ് അതിന്റെ പേരിൽ ബിജെപിയിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അവസാനിച്ചിട്ടില്ല. പിതാവ് കോൺഗ്രസ്സിന്റെ ദേശീയ അധ്യക്ഷനാവുകയും തനിക്ക് സംസ്ഥാന മന്ത്രിസഭയിൽ പ്രമുഖ സ്ഥാനം ലഭിക്കുകയും ചെയ്തതോടെയാണ് പ്രിയങ്ക് ഖാർഗെ കർണാടക രാഷ്ട്രീയത്തിൽ കരുത്തനായി മാറിയത്. ആർ എസ് എസ്സിന്റെയും ബിജെപിയുടെയും പ്രധാന നോട്ടപ്പുള്ളിയാണ് അദ്ദേഹം.
യഡിയൂരപ്പയെ മുന്നിൽ നിർത്തി പോരാടാൻ ദേശീയ നേതൃത്വം
സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സിൽ അധികാരത്തർക്കം ശക്തിപ്പെട്ടതോടെ മുഖ്യപ്രതിപക്ഷമായ ബിജെപി സട കുടഞ്ഞെഴുന്നേൽക്കാനുള്ള ശ്രമത്തിലാണ്. കുറേക്കാലമായി ആ പാർട്ടി തളർന്നു കിടക്കുകയായിരുന്നു. ബിജെപിയെ ശക്തിപ്പെടുത്തി ദക്ഷിണേന്ത്യയിൽ ആദ്യമായി കർണാടകത്തിൽ താമര വിരിയിച്ച ആർ എസ് എസ്സുകാരനായ ബി എസ് യഡിയൂരപ്പയെ മുന്നിൽ നിർത്തിയാണ് ബിജെപി ദേശീയ നേതൃത്വം പുതിയ അടവുനയം മെനയുന്നത്. പൊതുരംഗത്ത് യഡിയൂരപ്പ അരനൂറ്റാണ്ട് പൂർത്തിയാക്കുന്നത് ആഘോഷമാക്കാൻ ദേശീയ നേതാക്കൾ ബംഗളുരുവിലെത്തിയിരുന്നു. അദ്ദേഹത്തെ സമുചിതമായി ആദരിക്കുകയും ചെയ്തു. കർണാടകത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മോഹൻ ദാസ് അഗർവാൾ, കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പ്രഹ്ലാദ് ജോഷി, വി. സോമണ്ണ എന്നിവർ എത്തിയിരുന്നു. സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക് തുടങ്ങിയവരും അവരോടൊപ്പം ചേർന്നപ്പോൾ ഭരണം തിരിച്ചുപിടിക്കാൻ ബിജെപി കച്ച മുറുക്കുന്നു എന്ന സന്ദേശമാണ് പ്രചരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടുവർഷമുണ്ട്. ഈ നേതൃത്വം തന്നെയാണ് പാർട്ടിയെ നയിക്കുക എന്ന സൂചനയാണ് രാംമോഹൻദാസ് അഗർവാൾ നൽകിയത്. ബിജെപിക്ക് തനിച്ച് അധികാരം പിടിക്കാനാകുമെന്ന് യഡിയൂരപ്പ പ്രഖ്യാപിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മൂന്നാം കക്ഷിയായ ജെഡിഎസ് ബിജെപിയുടെ കൂടെയാണ്. ജെഡിഎസ്സിനെ എൻഡിഎയുടെ ഭാഗമാക്കാൻ മുൻകൈയെടുത്തത് യഡിയൂരപ്പയാണ്. ജെഡിഎസ് നേതാവ് കുമാരസ്വാമി കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമാണ്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രിയും അമിത് ഷായും ആലോചിക്കുന്നതായി വാർത്തയുണ്ടായിരുന്നു.
മകന്റെ അവസരം ഇല്ലാതാക്കുന്ന ആ നീക്കം യഡിയൂരപ്പയ്ക്ക് രസിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാനാവുക. യഡിയൂരപ്പയെ കാലാവധി പൂർത്തിയാകും മുമ്പ് മാറ്റിയതാണ് 2023 ലെ തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയാൻ ഇടയാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടുവർഷമുണ്ട്. അപ്പോഴേക്കും യഡിയൂരപ്പയ്ക്ക് വയസ് 84 കഴിയും. പാർലിമെന്ററി ബോർഡ് അംഗമായ അദ്ദേഹം തന്നെ 2028 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കട്ടെ എന്നാണത്രെ ദേശീയ നേതൃത്വം അന്തിമമായി തീരുമാനിച്ചിട്ടുള്ളത്.











