11:59am 14 November 2026
NEWS
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം; ജാതിവ്യവസ്ഥയോട് പടവെട്ടിയ ജസ്റ്റിസ് സി.എസ്. കർണൻ
14/11/2026  11:09 AM IST
നിയമകാര്യലേഖകൻ
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം; ജാതിവ്യവസ്ഥയോട് പടവെട്ടിയ ജസ്റ്റിസ് സി.എസ്. കർണൻ

 

 

 

​ന്യൂ‌‌ഡൽഹി: ജസ്റ്റിസ് സി.എസ്.കർണന്റെ ജീവിതത്തിലുടനീളം ആളിക്കത്തിയത് അടിച്ചമർത്തപ്പെട്ടവന്റെ പോരാട്ടങ്ങളുടെ തീപ്പൊരി. താൻ ഡോ.ബി.ആർ.അംബേദ്കറുടെ ദത്തുപുത്രനാണെന്ന് പറഞ്ഞ് സ്വയം അഭിമാനിച്ച ന്യായാധിപനായിരുന്നു അദ്ദേഹം.
​2011ൽ സഹജ‌ഡ്‌ജിമാർക്കെതിരെ അദ്ദേഹം പൊട്ടിത്തെറിച്ചപ്പോൾ ജുഡീഷ്യറി ഞെട്ടി. സർവീസിൽ കയറിയപ്പോൾ മുതൽ ജാതിവിവേചനം നേരിടുന്നുവെന്ന് മദ്രാസ് ഹെെക്കോടതിയുടെ ചേംബറിൽ വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു.
​ഒരു ചടങ്ങിനിടെ, കാലിന്മേൽ കാൽ കയറ്റിവെച്ചിരുന്ന ജഡ്‌ജി ഷൂസ് കൊണ്ട് തന്നെ ചവിട്ടിയതും ഒന്നുമറിയാത്ത പോലെ ക്ഷമാപണം നടത്തിയതും രണ്ടു ജഡ്‌ജിമാർ അതുകണ്ട് ചിരിച്ചതുമെല്ലാം അദ്ദേഹം തുറന്നടിച്ചു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് സഹജഡ്‌ജിമാർക്കെതിരെ ദേശീയ പട്ടികജാതികമ്മിഷന് കത്തയച്ചത്. ജില്ലാജഡ്‌ജിമാരുടെ നിയമനങ്ങളിൽ വ്യാപകക്രമക്കേതെന്ന് ആരോപിച്ച് നിയമനപ്രക്രിയയുടെ വിവരങ്ങൾ ഹൈക്കോടതിയുടെ വിവരാവകാശ സെക്ഷനിൽ നിന്ന് ശേഖരിക്കാനും ശ്രമിച്ചു. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് നിവേദനം നൽകാനായിരുന്നു നീക്കം. എന്നാൽ മദ്രാസ് ഹൈക്കോടതിയിൽ ആഭ്യന്തര കലാപമുണ്ടായി. 20 ജഡ്‌ജിമാർ കർണന്റെ സ്ഥലംമാറ്റം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. 2016ൽ കൽക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി.
​ജാതീയമായ ഒറ്റപ്പെടുത്തൽ നേരിട്ടപ്പോൾ പലപ്പോഴും പൊട്ടിത്തെറിച്ചു.
​വിരമിച്ചശേഷവും അടങ്ങിയിരുന്നില്ല. 33 വീഡിയോകൾ ജുഡിഷ്യറിക്കെതിരെ പുറത്തിറക്കി. ഇതേതുടർന്നാണ് 2020 ഡിസംബറിൽ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്‌തത്. 2021 മാർച്ച് 23 വരെ വീണ്ടും ജയിലിൽ. മാപ്പെഴുതി കൊടുത്തതിനു ശേഷമാണ് മദ്രാസ് ഹൈക്കോടതി ജാമ്യമനുവദിച്ചത്.
​ജുഡിഷ്യറിയിലെ അഴിമതിക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് 2017 ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയത് അധികാരകേന്ദ്രങ്ങളെ ഞെട്ടിച്ചു. 20 ജഡ്‌ജിമാരുടെ ആദ്യഘട്ട പട്ടികയും ഇതോടൊപ്പമുണ്ടായിരുന്നു. മദ്രാസ് ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ നിലപാടെടുത്തതിന് ക‌ർണനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. 2017 മാർച്ച് 1ന് കർണന്റെ മാനസികനില പരിശോധിക്കാനും ഉത്തരവിട്ടു. കോടതിയിൽ വരാത്തതിന് അറസ്റ്റ് വാറന്റുമുണ്ടായി.
​2018ൽ അഴിമതി വിരുദ്ധ രാഷ്ട്രീയപാർട്ടി രൂപീകരിച്ച് തദ്ദേശ,ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മത്‌സരിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചെന്നൈ സെൻട്രൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും തോറ്റു.
​മദ്രാസ് ലാ കോളേജിൽ നിന്ന് 1983ലാണ് നിയമബിരുദം നേടിയത്. കരുണാനിധിയെന്ന ആദ്യപേര്, ഭാര്യ സരസ്വതിയുടെ പ്രേരണയെ തുട‌ർന്ന് 1991ൽ കർണനെന്ന് മാറ്റുകയായിരുന്നു.
​ആ പേരാണ് പിന്നീട് ജാതിവിരുദ്ധ പോരാട്ടത്തിന്റെ വിശേഷണമായി മാറിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img