
ഭാരതാംബയുടെ ചിത്രം സംബന്ധിച്ച് വലിയ വിവാദമാണല്ലോ ഇപ്പോൾ ഉയരുന്നത്. ആരാണ് ഭാരതാംബ? എന്താണ് ബാരതാംബയുടെ ചരിത്രം. വർത്തമാനകാലത്തിൽ കേരളത്തിൽ വലിയ പ്രസക്തിയുള്ള രണ്ട് ചോദ്യങ്ങളാണിവ. ഭാരതാംബ ആരെന്നും ഭാരതാംബയുടെ ചരിത്രം എന്തെന്നും നമുക്കൊന്ന് അറിഞ്ഞുവരാം.
അബനീന്ദ്രനാഥ് ടഗോറാണ് ഭാരതമാവിൻറെ മൂല ചിത്രം വരച്ചത്. ആരാണ് ഈ അബനീന്ദ്രനാഥ് ടാഗോർ എന്നും നമ്മൾ അറിഞ്ഞിരിക്കണം. സാക്ഷാൽ രവീന്ദ്രനാഥ ടാഗോറിൻറെ അനന്തിരവനാണ് അബനീന്ദ്രനാഥ് ടാഗോർ. സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി ജനങ്ങളിൽ സ്വദേശി ബോധം ഉണർത്താനാണ് അബനീന്ദ്രനാഥ് ടാഗോർ ഈ ചിത്രം വരച്ചത്. നാല് കൈയുള്ള, കാവി വസ്ത്രധാരിയായ സ്ത്രീ, പുസ്തകവും വെള്ളതുണിയും നെൽക്കതിരും രുദ്രാക്ഷമാലയും പേറി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം വരച്ചത്. കാൽചുവട്ടിൽ താമര കാണാം. പ്രഭാവലയത്തിന് പിന്നിൽ അമൂർത്തമായ പശ്ചാത്തലം. ഇതായിരുന്നു അബനീന്ദ്രനാഥിന്റെ ഭാരതാംബ.
'മാതൃമൂർത്തി' എന്ന പേരാണ് അബനീന്ദ്രനാഥ് ടാഗോർ അന്ന് ചിത്രത്തിന് നൽകിയത്. ബംഗാളി സ്ത്രീ ശാക്തീകരണത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു പേരും ചിത്രവും എന്നത് എടുത്ത് പറയേണ്ടതാണ്. പിന്നീടാണ് ഈ ചിത്രത്തിന് ഭാരതാംബ എന്ന പേരിടുന്നത്. അതും ഒരു വിദേശി! ബ്രിട്ടനിൽ നിന്ന് വന്ന്, സ്വാമി വിവേകാനന്ദൻറെ ശിഷ്യത്വം സ്വീകരിച്ച സിസ്റ്റർ നിവേദിതയാണ് ചിത്രത്തിന് 'ഭാരതമാതാ'വെന്ന പേരിട്ട് വ്യാപക പ്രചാരണം നൽകിയത്. ഇന്ത്യൻ ദേശീയത പടത്തുയർത്തി ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനവികാരം പടർത്താനായിരുന്നു അവർ അന്ന് അങ്ങനെ ചെയ്തതെന്ന് ചരിത്രകാരൻമാർ പറയുന്നു.
ഭാരതത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും ശക്തി പകരാൻ ഉണ്ടാക്കിയ നിരവധി പ്രതീകങ്ങളിലൊന്നാണ് ഈ ഭാരതാംബ. കൃത്യമായി പറയുകയാണെങ്കിൽ അബനീന്ദ്രനാഥ് ടാഗോർ മാതൃമൂർത്തിയായി വരച്ച് പിന്നീട് ഭരതാംബയായി പരിണമിച്ച ഈ ചിത്രം. അമ്മയുടെ മക്കളിലൂടെ രാജ്യത്തിൻറെ മോചനം എന്നതാണ് ചിത്രകാരൻ ലക്ഷ്യമിട്ടതെന്ന് കലാനിരൂപകർ പറയുന്നു. വസ്ത്രം, വിദ്യ, ഭക്ഷണം, മോക്ഷം എന്നീ പ്രതീകങ്ങൾ ഹിന്ദുകൾക്കൊപ്പം മുസ്ലീങ്ങൾക്കും സ്വീകാര്യമായ ബിംബങ്ങളാണ്.
ബംഗ്ലാ കലാ സാംസ്കാരിക പ്രസിദ്ധീകരണമായ പ്രഭാസിയിലാണ് അബനീന്ദ്രനാഥ് ടാഗോർ വരച്ച ചിത്രം ആദ്യം അച്ചടിച്ച് വന്നത്. ഈ ചിത്രം 2016 മുതൽ കൊൽക്കത്തയിലെ വിക്ടോറിയ സ്മാരകത്തിലാണ് പ്രദർശിപ്പിക്കുന്നത്. ഈ ചിത്രവും രാജ്ഭവനിൽ ഉപയോഗിച്ച ചിത്രവും വളരെ വ്യത്യസ്തമാണ്. അവിടെ ഉപയോഗിച്ചത് കാവിധ്വജം പിടിക്കുന്ന, ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ്. അതായാത്, ഇന്ന് രാജ്യത്ത് പലതരം രൂപത്തിലുള്ള ഭരതാംബയുടെ ചിത്രങ്ങളുണ്ട് എന്നർത്ഥം.
കന്യാകുമാരി പ്രതിമയിലെ ഭാരതാംബ, പട്ടണിഞ്ഞ് ദേശീയ പതാക കൈയിലേന്തുന്നു. ലഡാക്കിലെ ബേസ് ക്യാമ്പിലും ഒരു ഭാരതാംബയുടെ ശില്പമുണ്ട്. ആ ശില്പവും ത്രിവർണപതാക കയ്യിലേന്തിയാണ് നിൽക്കുന്നത്. ദേശീയ പതാകയുടെ നിറമുള്ള സാറി ധരിച്ച ഈ ഭരാതാംബ സിംഹത്തിനൊപ്പമാണ് നിൽക്കുന്നത്. സാങ്കൽപ്പിക വിശാല ഭാരത ഭൂപടത്തിൻറെ പശ്ചാത്തലത്തിൽ കാവികൊടി ഏന്തി നിൽക്കുന്ന ഭാരതമാതയുടെ ചിത്രം ആഎസ്എസ് ശാഖകളിലാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ കേരള രാജ്ഭവനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രവും ഇതിന് സമാനമാണ്. അതാണ് വിവാദമായിരിക്കുന്നതും.
ഇനി എന്താണ് കേരളത്തിലെ വിവാദമെന്ന് നമുക്കൊന്ന് പരിശോധിക്കാം..
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മന്ത്രി പി പ്രസാദ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് മാറ്റിയത്. രാജ്ഭവനിൽ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രമാണ് വിവാദമായത്. ആർഎസ്എസുകാർ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് അവിടെ സ്ഥാപിച്ചിരുന്നത്. ഈ ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യുന്നതും പരിപാടിയുടെ ഭാഗമായിരുന്നു. എന്നാൽ, അതിന് തയ്യാറല്ലെന്ന് മന്ത്രി പി പ്രസാദ് നിലപാടെടുത്തു. ചിത്രവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയെ തുടർന്ന് കൃഷി വകുപ്പിന്റെ രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ഉപേക്ഷിക്കുകയായിരുന്നു. സെക്രട്ടറിയറ്റിലേക്കാണ് പരിപാടി മാറ്റിയത്. ഇതോടെ സംഗതി വിവാദമായി മാറി. സംഘപരിവാർ കേന്ദ്രങ്ങൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയപ്പോൾ ഇടത് നേതാക്കളും പ്രവർത്തകരും മന്ത്രി പി പ്രസാദിന് പിന്തുണയുമായി എത്തുകയും ചെയ്തു.
പരിപാടി മാറ്റിയ കൃഷി വകുപ്പ് തീരുമാനത്തെ പിന്തുണച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും റവന്യു മന്ത്രി കെ രാജനും ഉൾപ്പെടെ രംഗത്തെത്തി.ഏതെങ്കിലും മതത്തിന്റെയോ ചിഹ്നത്തിന്റെയോ മുന്നിൽ കുനിഞ്ഞ് നിൽക്കാൻ എൽഡിഎഫ് മന്ത്രിമാരെ കിട്ടില്ല. അതാണ് കൃഷിവകുപ്പ് നടപടിയിലൂടെ വ്യക്തമാക്കിയതെന്ന് കെ രാജൻ പറഞ്ഞു.
ഏത് ഭാരതാംബയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചോദ്യം. ഭാരതാംബ എന്ന് പറയുന്ന ഒരു ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ആർഎസ്എസിന്റെ കൃത്യമായ അജണ്ട അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന ഫോട്ടോ മാത്രമാണതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇത് കാവിവൽക്കരണത്തിനുള്ള ശ്രമമാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യയുടെ ഫോട്ടോ കൂടിയല്ല ഇത്, വളരെ ബോധപൂർവം തന്നെയാണിത് പറയുന്നത്. സർക്കാർ സംവിധാനത്തിന്റെ ഭാഗമായി അത് ഉപയോഗിക്കണമെന്ന് വാശിപിടിക്കേണ്ട ഒരു കാര്യവുമില്ല. മന്ത്രിയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഒരു മതനിരപേക്ഷ സമൂഹത്തിന്റെ ഭാഗമായിട്ടുള്ള അന്തസുറ്റ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. മതനിരപേക്ഷ ഉള്ളടക്കമാണ് സർക്കാരിന്റെ സന്ദേശം. ഒരു വർഗീയതക്കും കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ നിലപാട് കടുപ്പിക്കുകയാണ് ഗവർണർ രാജേന്ദ്ര അർലേക്കർ. ചിത്രം രാജ്ഭവനിൽനിന്ന് മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ഗവർണർ വ്യക്തമാക്കി. മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കാത്തതിൽ ഗവർണർ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.











