07:50pm 16 May 2026
NEWS
ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു
16/05/2026  03:54 PM IST
nila
ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു

ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാൻ അമേരിക്കൻ നീക്കമെന്ന് റിപ്പോർട്ട്. ഇറാനെതിരെ പുതിയ വ്യോമാക്രമണ പദ്ധതികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആസൂത്രണം ചെയ്യുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ചർച്ചകളിൽ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ അമേരിക്ക തള്ളിയതോടെയാണ് നയതന്ത്ര ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായത്.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനുമായി വിവിധ രാജ്യങ്ങൾ ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുന്നതിനിടെ, അമേരിക്ക ആക്രമണപരമായ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് “ഓപ്പറേഷൻ ഫ്യൂറി” എന്ന പേരിൽ നടന്ന സൈനിക നീക്കത്തിന്റെ തുടർച്ചയായിരിക്കുമെങ്കിലും പുതിയ ആക്രമണത്തിന് വേറൊരു പേരായിരിക്കും നൽകുകയെന്നാണ് സൂചന.

ട്രംപ് നടത്തിയ ചൈനീസ് സന്ദർശനത്തിന് പിന്നാലെയാണ് പുതിയ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇറാന്റെ പ്രധാന തന്ത്രപരമായ പങ്കാളിയായ ചൈന, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ-വാതക ഗതാഗതത്തെ ഏറെ ആശ്രയിക്കുന്ന രാജ്യമാണ്. ഇറാൻ വിഷയത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായുള്ള ചർച്ചകൾ ട്രംപ് സ്ഥിരീകരിച്ചെങ്കിലും, ഇറാനെ സമ്മർദത്തിലാക്കാൻ പ്രത്യേക അഭ്യർഥന നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പശ്ചിമേഷ്യയിൽ പുതിയ സൈനിക നടപടി ഉടൻ ഉണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയും ഇസ്രയേലും ചേർന്ന് വൻതോതിലുള്ള സംയുക്ത വ്യോമാക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് പേരുവെളിപ്പെടുത്താത്ത മേഖലാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ ആക്രമണങ്ങൾ ആരംഭിക്കാമെന്ന സൂചനയും അവരിലൂടെ പുറത്തുവന്നു.

ഇറാന്റെ ആണവപരിപാടി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിൽ അമേരിക്കക്കും ചൈനക്കും തമ്മിൽ ധാരണയുണ്ടായതായി ട്രംപ് അവകാശപ്പെട്ടു. മറുപടിയായി, തായ്വാൻ വിഷയത്തിൽ ചൈനയുടെ താൽപര്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പും അമേരിക്ക നൽകിയതായും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img