10:16am 25 May 2026
NEWS
പയ്യന്നൂരിലെ ഒറ്റയാൾ സമരത്തിന്റെ വിജയശേഷിപ്പുകൾ
25/05/2026  06:29 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പയ്യന്നൂരിലെ ഒറ്റയാൾ സമരത്തിന്റെ വിജയശേഷിപ്പുകൾ

'രണ്ടാം ബർദോളി' എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ടു കേരളത്തിൽ. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇടം പിടിച്ച ഗുജറാത്തിലെ ബർദോളി ഗ്രാമത്തിന് കർഷകസമരത്തിന്റെ വീറുറ്റ കഥകളാണു പറയാനുള്ളത്. 1928 ലെ ബർദോളി കർഷകർ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ചതിനുശേഷമാണു ബർദോളി എന്ന കൊച്ചുഗ്രാമം അഖിലേന്ത്യ പ്രശസ്തിനേടിയത്. കേരളത്തിലെ ബർദോളിക്കും പറയാനുള്ളത് ചോരയിലെഴുതിയ സമരഗാഥകൾ തന്നെ. ഉത്തരകേരളത്തിലെ പയ്യന്നൂർ ആണ് കേരളത്തിലെ ബർദോളി എന്നറിയപ്പെടുന്ന സ്ഥലം. കർഷകസമരത്തിന്റെ ആവേശകരമായ നിരവധി സമരകഥകളാണ് പയ്യന്നൂരിനും പറയാനുള്ളത്. കയ്യൂർ, കരിവെള്ളൂർ, മൊറാഴ, പാവുമ്പ തുടങ്ങി പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്ന രക്തരൂക്ഷിത സമരങ്ങൾ എത്രയെത്ര. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രമെടുത്താലും അതിൽ പയ്യന്നൂരിനു നിർണ്ണായകമായ സ്ഥാനമുണ്ട്. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കേളപ്പൻ (കേളപ്പജി) ഉപ്പുകുറുക്കിയത് പയ്യന്നൂരിലെ ഉളിയത്ത് കടവിലാണ്. മഹാത്മാഗാന്ധി പയ്യന്നൂരിലെത്തിയതും ചരിത്രസംഭവമാണ്. പയ്യന്നൂരിലെ ആനന്ദാശ്രമത്തിൽ ഗാന്ധിജി നട്ട മാവ് ഇന്നും നിറഫലങ്ങൾ നൽകി കരുത്തോടെ നിൽക്കുന്നുണ്ട്. 'ഗാന്ധിമാവ്' എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഗാന്ധിമാവിനു സമീപത്തുതന്നെയുള്ള സ്മൃതി മണ്ഡപത്തിൽ ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗവും സൂക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു കാലത്ത് അഖിലേന്ത്യാ  പ്രശസ്തി നേടിയ ഒരു കൊച്ചുഗ്രാമമായിരുന്നു പയ്യന്നൂർ.
ഇന്നു പയ്യന്നൂർ കുഗ്രാമമല്ല. വികസനങ്ങൾ അതിദ്രുതം നടക്കുന്ന ഒരു ഭേദപ്പെട്ട നഗരമാണ്. ദക്ഷിണേന്ത്യയിലെ കേരളത്തിലെ ഒരു കൊച്ചുനഗരമായ പയ്യന്നൂർ ഒമ്പതുപതിറ്റാണ്ടിനു ശേഷം വീണ്ടും അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയ മാധ്യമപ്രതിനിധികൾ പയ്യന്നൂരെത്തുന്നു. വാർത്തകളിൽ പയ്യന്നൂർ നിറയുന്നു.

തൊണ്ണൂറാണ്ടുകൾക്കു മുമ്പ് പയ്യന്നൂർ ശ്രദ്ധാകേന്ദ്രമായത് വീറുറ്റ സമരപരമ്പരകളിലൂടെയാണെങ്കിൽ ഈ ആധുനിക കാലത്തു ശ്രദ്ധാകേന്ദ്രമാകുന്നത് ഒരു മനുഷ്യന്റെ നിശ്ശബ്ദ വിപ്ലവത്തിലൂടെയാണ്. ഒറ്റയാൾ സമരം എന്നൊക്കെ പറയുന്നത് വെറും ആലങ്കാരികമായല്ല. അക്ഷരാർത്ഥത്തിൽ തന്നെ അതൊരു ഒറ്റയാൻ പോരാട്ടമായിരുന്നു. വി.കുഞ്ഞികൃഷ്ണൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ അടിപതറാത്ത അചഞ്ചലമായ സമരം. അഴിമതിക്കെതിരെയാണ് വി.കുഞ്ഞികൃഷ്ണൻ ഒറ്റയാൾ സമരം നടത്തിയത്. അതും സ്വന്തം പാർട്ടിയിൽത്തന്നെ നടക്കുന്നതായി കണ്ടെത്തിയ നിരവധി അഴിമതികൾ, സാമ്പത്തിക ക്രമക്കേടുകൾ.

ആദ്യം ഒരു ഉത്തമ കമ്മ്യൂണിസ്റ്റുകാരനെപ്പോലെ പാർട്ടിക്കുള്ളിൽ തന്നെയാണ് സമരത്തിനു തുടക്കമിട്ടത്. പക്ഷെ ബധിരകർണ്ണങ്ങളിലാണു തന്റെ ആരോപണങ്ങൾ പതിക്കുന്നതെന്നു മനസ്സിലാക്കാൻ ഏറെ വൈകി. എങ്കിലും മനസ്സു മടുത്തില്ല, പോരാട്ടം നിർത്തിയുമില്ല. കേൾക്കേണ്ടവർ കേൾക്കാൻ സന്മനസ്സുകാണിക്കാതിരുന്നപ്പോൾ അതുവരെ ഇതൊന്നും കേൾക്കാതിരുന്നവരെ- പൊതുസമൂഹത്തെ കേൾപ്പിക്കാൻ അദ്ദേഹം നിർബന്ധിതനായി. കൃത്യമായ കണക്കുകൾ ഉദ്ധരിച്ച് പേരെടുത്തു പറഞ്ഞുകൊണ്ട് സ്വന്തം പുസ്തകത്തിലൂടെയാണ് അദ്ദേഹം വിമർശനങ്ങൾ തൊടുത്തുവിട്ടത്. അദ്ദേഹത്തിന്റെ ആരോപണം വെറും ആരോപണമല്ലെന്നും അടിസ്ഥാനമുള്ള പരമാർത്ഥങ്ങളാണെന്നും ജനങ്ങൾ മനസ്സിലാക്കി. അതിന്റെ പ്രത്യക്ഷോദാഹരണമാണ് പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ നേടിയ അത്യുജ്ജ്വല വിജയം. മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി സിപിഐ(എം) അല്ലാത്ത ഒരാൾ എംഎൽഎ ആയി. ഇടതുകോട്ട എന്നറിയപ്പെട്ടിരുന്ന കണ്ണൂർ ജില്ലയിലെ പയ്യന്നൂർ അങ്ങനെ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തു. പോരാട്ട വീര്യത്തിന്റെ കെടാക്കനലുകൾ ഉള്ളിൽ എരിയുമ്പോഴും പുറമെ ശാന്തനും സൗമ്യനുമാണ് വി.കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതിയ വി.കുഞ്ഞികൃഷ്ണൻ 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി നടത്തിയ അഭിമുഖസംഭാഷണം.

? പയ്യന്നൂരിന്റെ ചരിത്രത്തിൽ ആദ്യമായാണ് കമ്മ്യണിസ്റ്റു പാർട്ടി ടിക്കറ്റിൽ അല്ലാതെ ഒരു എം.എൽ.എ ഉണ്ടാകുന്നത്. ഉജ്ജ്വലമായ ഈ വിജയം തീർച്ചയായും ഏറെ സന്തോഷകരമല്ലേ.

= അതെ. വളരെ സന്തോഷമുളളവാക്കുന്നതുതന്നെയാണ്. ഒപ്പം ദുഃഖകരം എന്നുകൂടി പറയേണ്ടിവരും. ജനങ്ങൾ എന്റെ വാക്കുകൾ വിശ്വസിച്ചു, എന്റെ നിലപാടുകൾക്കു പിന്തുണ നൽകി, അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് എന്നോടൊപ്പം നിന്നു. പയ്യന്നൂർ മണ്ഡലത്തിൽ നിന്നും എന്നെ എം.എൽ.എ ആയി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതൊക്കെ ഏറെ സന്തോഷമുള്ള കാര്യങ്ങൾ തന്നെയാണ്. പക്ഷെ അരനൂറ്റാണ്ടുകാലത്തിലേറെ ഞാൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പാർട്ടിയുടെ അപചയം എന്നെ ദുഃഖിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇനി അതെക്കുറിച്ചു പറഞ്ഞിട്ടു ഫലമില്ലെങ്കിലും.

? വലിയ സമരപാരമ്പര്യവും രാഷ്ട്രീയ അടിത്തറയുമുള്ള നാടാണല്ലോ പയ്യന്നൂർ. ഇവിടെ പ്രസ്ഥാനത്തിൽ വിഭാഗീയത വളരാൻ കാരണമെന്താണ്.

= ആ കാരണങ്ങളിലേക്കു കടക്കും മുമ്പ് മറ്റു ചില കാര്യങ്ങൾ ഓർമ്മിക്കേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിത്തുകൾ മുളയ്ക്കും മുമ്പ് സാമ്രാജ്യത്വ വിരുദ്ധ ശക്തികളോടു സധൈര്യം പോരാടിയ ചരിത്രമാണ് പയ്യന്നൂരിനുള്ളത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ നിയമലംഘന സമരത്തിനു വേദിയായ നാടും കൂടിയാണിത്. ഉപ്പുസത്യാഗ്രഹം ഒക്കെ ഓർമ്മിക്കുക.
സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്കൊപ്പം ജാതി-ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളും ശക്തിപ്പെട്ടിരുന്നു. സഖാവ് എ.കെ.ജി. ഉൾപ്പെടെയുള്ളവർക്ക് ഇവിടെ വച്ച് ഭീകര മർദ്ദനങ്ങളും ഏൽക്കേണ്ടിവന്നിട്ടുണ്ട്. കേരളത്തിലെ മറ്റു പ്രദേശങ്ങളിലെപ്പോലെ തന്നെ കോൺഗ്രസ്സിനുള്ളിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പ് ഇവിടെയും ശക്തമായിരുന്നു. ക്രമേണ ആ സോഷ്യലിസ്റ്റ് വിഭാഗമാണ് കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് ആകൃഷ്ടരായത്. പിന്നീടു കർഷകസമരം ഉൾപ്പെടെയുള്ള ഒട്ടേറെ വീറുറ്റ സമരപരമ്പരകളിലൂടെയാണ് പയ്യന്നൂരിൽ പാർട്ടി ശക്തിപ്പെട്ടത്. അന്നൊക്കെ ജനകീയ പ്രശ്‌നങ്ങൾ എന്തും ഏറ്റെടുത്തു വിജയിപ്പിക്കാൻ പാർട്ടിക്കു കഴിഞ്ഞിരുന്നു. വിഭാഗീയത എന്നൊരു വാക്കു പോലും അന്നാരും കേട്ടിട്ടില്ല. അതൊക്കെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളാണ്. പാർട്ടിയുടെ പതനത്തിനു വഴിതെളിച്ച അത്തരം വിഷയങ്ങളെക്കുറിച്ചു വിശദമായിത്തന്നെ പറയേണ്ടതുണ്ട്.

? അരനൂറ്റാണ്ടിലേറെക്കാലമായി സജീവ രാഷ്ട്രീയത്തിലുണ്ടല്ലോ. എന്നുമുതലാണ് പ്രവർത്തനം തുടങ്ങിയത്. കമ്മ്യൂണിസ്റ്റു ആശയങ്ങളിൽ ആകൃഷ്ടനാകാൻ കാരണമെന്താണ്.

= വലിയ രാഷ്ട്രീയ പാരമ്പര്യമോ പശ്ചാത്തലമോ ഉള്ള കുടുംബം ആയിരുന്നില്ല ഞങ്ങളുടേത്. ഞാൻ താമസിക്കുന്ന വെള്ളൂർ എന്ന പ്രദേശത്ത് ആദ്യം ശക്തിപ്രാപിച്ചത് കോൺഗ്രസ്സും പിന്നീടു പിഎസ്പി (പ്രജാ  സോഷ്യലിസ്റ്റുപാർട്ടി)യുമാണ്. അച്ഛനും അമ്മയും നാലുമക്കളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. ദരിദ്രകർഷകകുടുംബം എന്നുതന്നെ പറയാം. അച്ഛൻ കർഷകനും കർഷകത്തൊഴിലാളിയും ഒക്കെയായിരുന്നു. പറയത്തക്ക രാഷ്ട്രീയ പ്രവർത്തനമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ദിവസേന കടയിൽ പോയി പത്രം വായിക്കുന്ന ശീലം അച്ഛനുണ്ടായിരുന്നു. അന്ന് അതിസമ്പന്നരും നല്ല വിദ്യാഭ്യാസം ഉള്ളവരും ഒക്കെ മാത്രമേ വീട്ടിൽ പത്രം വരുത്തിയിരുന്നുള്ളൂ. ദിവസേനയുള്ള പത്രവായന കൊണ്ട് നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ ഒരു ധാരണയുണ്ടായിരുന്നു.

മൂത്ത സഹോദരൻ പത്താംക്ലാസ്  പാസായശേഷം പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിൽ ജോലി കിട്ടിയെങ്കിലും പിന്നീടു നടന്ന പോലീസ് വെരിഫിക്കേഷനിൽ ചേട്ടനു കമ്മ്യൂണിസ്റ്റു ബന്ധം ഉണ്ടെന്നു പറഞ്ഞ് അവിടെ നിന്നും പറഞ്ഞുവിട്ടു. രണ്ടാമത്തെ സഹോദരൻ പഠനം നിർത്തി ബീഡിക്കമ്പനിയിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു. ആറാംക്ലാസിൽ വച്ചു പഠനം നിർത്തി ഞാനും ബീഡിപ്പണിക്കുപോയിത്തുടങ്ങിയിരുന്നു. പട്ടാളത്തിലെ ജോലി നഷ്ടപ്പെട്ടു വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഞാൻ വീണ്ടും പഠിക്കാൻ പോയി. ഒരു വർഷം നഷ്ടപ്പെട്ടെങ്കിലും പഠനം തുടർന്നു. എസ്.എസ്.എൽ.സി പാസ്സായി. സജീവ രാഷ്ട്രീയത്തിൽ പിന്നീടാണു വന്നതെങ്കിലും ബീഡിക്കമ്പനിയിലെ തൊഴിൽകാലത്താണ് കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ആകൃഷ്ടനാകുന്നത്. ബീഡിത്തൊഴിലാളികളെല്ലാം കമ്മ്യൂണിസ്റ്റുകാരായിരുന്നു. പിന്നെ ജ്യേഷ്ഠനെ കമ്മ്യൂണിസ്റ്റു എന്ന ലേബലിൽ പിരിച്ചുവിട്ടതും എന്നിൽ ധാർമ്മികരോഷം ഉണർത്തി. പാർട്ടിയോടു താൽപ്പര്യം തോന്നാൻ ഇതും ഒരു കാരണമായിട്ടുണ്ട്. മറ്റൊന്ന് കരിവെള്ളൂർ എന്ന പ്രദേശവുമായുള്ള ബന്ധമാണ്. ഈ വെള്ളൂരിന് തൊട്ടടുത്താണ് കരിവെള്ളൂർ. വലിയ രക്തരൂക്ഷിതമായ സമരം നടന്ന നാടാണ്. കരിവെള്ളൂരിലാണ് എന്റെ ഏക സഹോദരി പരേതയായ മാധവി  താമസിച്ചിരുന്നത്. എന്റെ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം കരിവെള്ളൂരിൽ ആയിരുന്നു. അവിടുത്തെ രാഷ്ട്രീയവും എന്നെ സ്വാധീനിച്ചിരിക്കാം.

? സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചുതുടങ്ങിയത് ഏതു കാലത്താണ്.

= സ്‌കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ തുടങ്ങി എന്നു പറയാം. അന്നത്തെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പേര് കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷൻ എന്നായിരുന്നു. ഇന്നത്തെ എസ്.എഫ്.ഐയുടെ ആദ്യ രൂപം. ഞാൻ കെ.എസ്.എഫിൽ സജീവ പ്രവർത്തനം നടത്തിയിരുന്നു. അതിന്റെ സമരങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തു.

ഭൂനയബില്ലു പാസ്സാക്കിയതിനെത്തുടർന്ന് കുടികിടപ്പവകാശം കിട്ടിയ  ഭൂമി അളന്നു തിട്ടപ്പെടുത്തുക എന്നത് അന്നത്തെ പാർട്ടിയുടെ ഉത്തരവാദിത്തത്തിൽപ്പെട്ട കാര്യമായിരുന്നു. കരിവെള്ളൂരിൽ സഖാവ് പയങ്ങപ്പാടൻ കുഞ്ഞിരാമേട്ടന്റെ നേതൃത്വത്തിലായിരുന്നു കുടികിടപ്പുഭൂമി അളന്നു തിട്ടപ്പെടുത്തി നൽകിയിരുന്നത്. 1970 ജനുവരി മാസത്തിലായിരുന്നു അത്. ഞാൻ സ്‌കൂളിൽ പോകാതെ അവരോടൊപ്പം ചേർന്ന് ഒട്ടേറെ കുടുംബങ്ങൾക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി കൊടുക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായി. അങ്ങനെയൊക്കെയാണു രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്.

? പിന്നീടു ബാങ്കിൽ ജോലി കിട്ടിയതിനുശേഷമല്ലേ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.

= അല്ല. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം തൊഴിലിനു വേണ്ടിയുള്ള ശ്രമം തുടങ്ങി. അതിന്റെ ഭാഗമായി നെയ്ത്തു പഠിച്ച് നെയ്ത്തുതൊഴിലാളിയായി. അപ്പോഴും രാഷ്ട്രീയപ്രവർത്തനം തുടർന്നു. 1972 ൽ പയ്യന്നൂർ മണ്ഡലം ഹാൻഡ്‌ലൂം വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജോയിന്റ് സെക്രട്ടറിയും വെള്ളൂർ ഡിവിഷൻ സെക്രട്ടറിയുമായിരുന്നു.

? പിന്നീട് ബാങ്ക് ജോലിയിലേക്കു പ്രവേശിച്ചത് എന്നാണ്. അതിനുവേണ്ടി പ്രത്യേക വിദ്യാഭ്യാസ യോഗ്യത നേടിയിരുന്നോ.

= 1973 ജൂലൈ മാസത്തിലാണ് പയ്യന്നൂർ കോ -ഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് ഇന്നത്തെപ്പോലുള്ള ബാങ്കിംഗ് നിയമങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ബാങ്കിന് സ്വന്തം നിലയിൽ ജോലിക്കാരെ നിയമിക്കാമായിരുന്നു. ബാങ്കിന് അന്ന് ചിട്ടി (കുറി) ഉണ്ടായിരുന്നു. അതിന്റെ പണം പിരിക്കാൻ (ബിൽ കളക്ടർ) ആയിട്ടായിരുന്നു എന്റെ നിയമനം. പിന്നീട് പടിപടിയായി പ്രമോഷൻ ലഭിച്ചു സെക്രട്ടറിയായിട്ടാണു പിരിയുന്നത്. ബാങ്കിൽ ഉള്ളപ്പോഴും സജീവ രാഷ്ട്രീയപ്രവർത്തനം ഉണ്ടായിരുന്നു. സഹകരണമേഖലയിലെ വിവിധ സ്ഥാനങ്ങളിൽ ഭാരവാഹിത്വം ഉണ്ടായിരുന്നു. ഇടയ്‌ക്കൊരു കാര്യം കൂടി പറയാം. പയ്യന്നൂർ റൂറൽ ബാങ്കിൽ ഉണ്ടായിരുന്ന മുഴുവൻ തസ്തികയിലും ജോലി ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ള ഏകവ്യക്തി ഞാനാണെന്ന് പറയാം. ബിൽ കളക്ടറിൽ തുടങ്ങി (ഇത് അറ്റന്ററിന്റേതു സമാനമാണ്) ക്ലർക്ക്, സീനിയർ ക്ലർക്ക്, ഓഡിറ്റർ, സെക്രട്ടറി എന്നിങ്ങനെ എല്ലാ മേഖലയിലും പ്രവർത്തിക്കാൻ സാധിച്ചു.

? ഓഡിറ്റർ ആയി പ്രവർത്തിച്ച പരിചയം ഒക്കെയായിരിക്കാം പിൽക്കാലത്ത് കണക്കുകളിലെ കൃത്രിമം കണ്ടുപിടിക്കാനും അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കാനും കാരണമായത് അല്ലേ.

= വഞ്ചനയും ചതിയും അഴിമതിയും എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. ബാങ്കിൽ ജോലി ചെയ്യുന്ന കാലത്തും തെറ്റു ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. അങ്ങനെയുള്ള എനിക്ക് എങ്ങനെയാണ് പാർട്ടിക്കുള്ളിൽ നടക്കുന്ന അഴിമതിയും ജനവഞ്ചനയും അംഗീകരിക്കാൻ കഴിയുന്നത്.

? മൂല്യാധിഷ്ഠിതരാഷ്ട്രീയ പ്രവർത്തനം ശീലിച്ചതുകൊണ്ടാണോ സമീപകാല രാഷ്ട്രീയ പ്രവർത്തന രീതിയുമായി പൊരുത്തപ്പെടാൻ കഴിയാത്ത്.

= തീർച്ചയായും. പൂർണ്ണമായും സേവനത്തിലൂന്നിയുള്ള രാഷ്ട്രീയപ്രവർത്തന ശൈലിയായിരുന്നു അന്നു പിന്തുടർന്നിരുന്നത്. അന്നത്തെ നേതൃത്വം മാതൃകാപരമായിട്ടാണു പ്രവർത്തിച്ചിരുന്നത്. പൊതു ലക്ഷ്യത്തിനു വേണ്ടി ഒന്നിച്ചു പോരാടുക എന്നതായിരുന്നു അന്നത്തെ ഞങ്ങളുടെ പാർട്ടിനയം.

? പാർട്ടിക്കുള്ളിലെ വിഭാഗീയത വലിയ വിഷയമാണല്ലോ. പയ്യന്നൂരെ പാർട്ടിക്കുള്ളിലും ഈ വിഭാഗീയത ഉണ്ടായിരുന്നില്ലേ.

= അതു ചിലരുടെ സൃഷ്ടിയായിരുന്നു. ആശയപരമായോ ആദർശപരമായോ ഉള്ള വിഭാഗീയതയൊന്നും പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നില്ല. പയ്യന്നൂരെ പ്രശ്‌നങ്ങൾ അഴിമതിയുമായി ബന്ധപ്പെട്ടതാണെന്നു പറയാം.

? സഖാവ് വി. ധനരാജ് രക്തസാക്ഷിഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണല്ലോ വലിയ വിവാദമായിത്തീർന്നത്. അതു മാധ്യമങ്ങൾ ഏറ്റെടുക്കുകയും കേരളരാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് അഴിച്ചു വിടുകയും ചെയ്തു. ജനമധ്യത്തിലേക്ക് അത് എത്തിക്കാനുള്ള കാരണമെന്താണ്.

= അതിനുള്ള മറുപടി പറയുമ്പോൾ കുറച്ചു കാര്യങ്ങൾ കൂടി വിശദമാക്കേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം ഞാൻ പുറത്തുകൊണ്ടുവന്ന ഒന്നാമത്തെ ക്രമക്കേട് ധനരാജ് രക്തസാക്ഷിഫണ്ട് അല്ല എന്നതാണ്. 2021 ലെ നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നഗ്നമായ അഴിമതിയും തട്ടിപ്പുമാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ടി.ഐ.മധുസൂദനനായിരുന്നു സ്ഥാനാർത്ഥി. ഇവിടെ ഒരുകാര്യം പ്രത്യേകം പറയേണ്ടതുണ്ട്. പൊതുവെ കമ്മ്യുണിസ്റ്റ് പാർട്ടികൾ ഫണ്ടു പിരിക്കുന്നത് ഒറ്റയ്ക്കല്ല. കൂട്ടായിട്ടാണ്. പക്ഷെ ഇവിടെ ആ കീഴ്‌വഴക്കം തെറ്റിച്ചു. ചില നേതാക്കൾ ഒറ്റയ്ക്കു ഫണ്ടു പിരിച്ചു. അത് വ്യാപകമായ ക്രമക്കേടിനു കാരണമാകുകയും ചെയ്തു.

? ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത് എങ്ങനെയാണ്.

= എന്നെയാണ് അതിന്റെ ഓഡിറ്റിംഗിനു ചുമതലപ്പെടുത്തിയത്. ബാങ്കിൽ ഓഡിറ്റ് ജോലി ചെയ്തിരുന്നതുകൊണ്ട് എനിക്ക് ഓഡിറ്റിംഗ് സംബന്ധിച്ച എല്ലാ സാങ്കേതിക വശങ്ങളും അറിയാമായിരുന്നു. വരവുചെലവു കണക്കുകളിൽ കൃത്രിമം ബോധ്യപ്പെട്ടു എന്നുമാത്രമല്ല പിരിവിൽ പോലും വലിയ അഴിമതി നടന്നു എന്നു വ്യക്തമായി.

ഓഡിറ്റിംഗിന്റെ ഭാഗമായി രസീതുകളും വൗച്ചറുകളും കണക്കും പരിശോധിച്ചപ്പോൾ തന്നെ ലക്ഷങ്ങളുടെ തിരിമറി നടന്നു എന്നതു വ്യക്തമായിരുന്നു. രസീതു ബുക്കുകൾ നോക്കിയപ്പോൾ കണ്ടെത്തിയ വസ്തുതകൾ ഞെട്ടിക്കുന്നതായിരുന്നു. അതായത് വ്യാജമായി രസീതുകൾ അച്ചടിച്ചിരിക്കുന്നു. ചില രസീതുബുക്കുകൾ അവർ ഓഡിറ്റിംഗിനു ഹാജരാക്കിയില്ല. ലഭിച്ച ആറു ബുക്കുകളിൽത്തന്നെ തട്ടിപ്പു നടത്തിയതായി മനസ്സിലായി. വ്യത്യസ്തമായ കട്ടിംഗ് രീതി കണ്ടപ്പോൾത്തന്നെ രസീതുബുക്കുകളെക്കുറിച്ച് എനിക്ക് സംശയം തോന്നി. അത് അച്ചടിച്ചതായി കാണിച്ചിരിക്കുന്നത് പയ്യന്നൂർ സൊസൈറ്റി പ്രസ്സിന്റെ പേരാണ്. ഞാൻ പ്രസ്സിൽ പോയി അന്വേഷിച്ചപ്പോൾ ഇതോടൊപ്പമുള്ള രണ്ടു ബുക്ക് ആ പ്രസ്സിൽ അച്ചടിച്ചതല്ല എന്നു പറഞ്ഞു. അതായത് മറ്റൊരു പ്രസ്സിൽ അച്ചടിച്ചിട്ട് സൊസൈറ്റി പ്രസ്സിന്റെ പേരു വച്ചതാണ്. സൊസൈറ്റി പ്രസ്സിൽ ചെയ്യുന്ന വർക്കുകൾ സുതാര്യമാണ്. പാർട്ടിക്ക് അറിയാൻ കഴിയും. മറ്റു സ്വകാര്യപ്രസിന്റെ കാര്യം അങ്ങനെയല്ലല്ലോ. അതുകൊണ്ടാകാം മറ്റൊരു പ്രസിൽ അച്ചടിച്ചിട്ട് സൊസൈറ്റി പ്രസിന്റെ പേരുവച്ചത്. എത്ര ബുക്കാണ് ഇങ്ങനെ വ്യാജമായി അടിച്ചതെന്നുപോലും അറിയില്ല.
ഇതുമാത്രമല്ല തെരഞ്ഞെടുപ്പുഫണ്ടിലേക്കു ലക്ഷങ്ങൾ സംഭാവന ചെയ്ത പലരുടെയും പേരു രേഖപ്പെടുത്തിയിരുന്നില്ല. ചിലരുടെ തുക കാണിച്ചിരുന്നെങ്കിലും അതു കിട്ടിയില്ല എന്നാണു പറഞ്ഞത്. ഞാൻ നേരിട്ട് അന്വേഷിച്ചപ്പോൾ പോളിംഗിന് മുമ്പുതന്നെ അവർ പണം നൽകിയിരുന്നതായി അറിഞ്ഞു. കൂടുതൽ വിശദീകരിക്കുന്നില്ല. അടിമുടി അഴിമതി നടന്നുവെന്നും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും എനിക്കു ബോധ്യമായി.

? ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ മേൽകമ്മിറ്റിക്കും മറ്റ് ഉത്തരവാദപ്പെട്ടവർക്കും നൽകിയിരുന്നില്ലേ.

= എല്ലാം ക്രമപ്രകാരം തന്നെ ഞാൻ ചെയ്തിരുന്നു. അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി സഖാവു കൊടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ടു സംസാരിക്കുകയും കത്തുനൽകുകയും ചെയ്തതാണ്. ഒരു നടപടിയും ഒരിടത്തും നിന്നും ഉണ്ടായില്ല.

? പിന്നീട് രണ്ട് ആരോപണം കൂടി ഉണ്ടായല്ലോ.

= ഉവ്വ്. അത് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ടതും സഖാവ് ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ടാണ്. ഈ കണക്കുകൾ പരിശോധിക്കാൻ കാരണം നേരത്തെ പറഞ്ഞ ഇലക്ഷൻഫണ്ടു തട്ടിപ്പു ബോധ്യപ്പെട്ടതുകൊണ്ടാണ്.
ശരിക്കും ഒരു കൊള്ള തന്നെയാണ് ഇതിലും നടന്നത്. കണക്കുകളുടെ വിശദാംശങ്ങളിലേക്കു പോകുന്നില്ല. അതു കൃത്യമായി വിശദീകരിക്കാൻ ഒരു ലേഖനം പോര. എന്റെ പുസ്തകത്തിൽ അതൊക്കെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കെട്ടിടനിർമ്മാണ ഫണ്ടിലേക്ക് സഹകരണജീവനക്കാരുടെ ഒരു മാസത്തെ വേതനം സംഭാവനയായി വാങ്ങിയിരുന്നു. ഇതു മാത്രം 70.5 ലക്ഷം രൂപ വരും. അത് കണക്കിൽ കാണിച്ചിരുന്നില്ല. ഇങ്ങനെ നിരവധി ഉണ്ട്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും ഇങ്ങനെ ലക്ഷങ്ങൾ വകമാറ്റുകയും പാർട്ടിക്കു നഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ രണ്ടു ഫണ്ടിലും കൂടി ഏതാണ്ട് ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് വ്യക്തമായത്. ഇത് ഒരു ഏകദേശകണക്കാണ്. മൊത്തം പിരിച്ച തുക ആർക്കുമറിയില്ല. വിദേശങ്ങളിൽ നിന്നുവരെ പിരിച്ചതായി അറിഞ്ഞിരുന്നു. അതുകൂടി കൂട്ടിയാൽ കോടികളുടെ അഴിമതിയാണു നടത്തിയിട്ടുള്ളത്. ഞാൻ അന്നു പാർട്ടിയുടെ ഏരിയ സെക്രട്ടറിയായിരുന്നതുകൊണ്ടാണ് കൂടുതൽ അന്വേഷിക്കാനും വസ്തുതകൾ കണ്ടെത്താനും കഴിഞ്ഞത്.

?  ഇക്കാര്യങ്ങളൊക്കെ പാർട്ടിക്കുള്ളിൽത്തന്നെ ചർച്ചാവിഷയമാക്കിയില്ലേ. പാർട്ടിയിൽ അതിനുള്ള സംവിധാനം ഇല്ലേ.

= ഉണ്ടായിരുന്നു. ഇപ്പോഴില്ല എന്നതാണ് എന്റെ അനുഭവം. ഞാൻ കൃത്യമായ രേഖകൾ സഹിതം പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ എല്ലാം പരാതി നൽകിയതാണ്. പ്രാദേശിക ഘടകങ്ങൾക്കു മാത്രമല്ല സംസ്ഥാന സെക്രട്ടറി സഖാവു കൊടിയേരി ബാലകൃഷ്ണനോടും സംസാരിച്ചതാണ്. രേഖാമൂലം പരാതി നൽകിയതുമാണ്. ആദ്യം കണ്ടത് കൂടാതെ ധനരാജ് ഫണ്ട്, കെട്ടിടനിർമ്മാണ ഫണ്ട് എന്നിവയിലെ അഴിമതി കൂടി ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ അന്നത്തെ പാർട്ടി സെക്രട്ടറി സഖാവു കൊടിയേരി ബാലകൃഷ്ണനെ വിളിച്ച് ഒരു കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു. നേരത്തെ പരാതി നൽകിയതല്ലേ ഇനിയെന്തിന് എന്നാണദ്ദേഹം ചോദിച്ചത്. പുതിയ രണ്ടെണ്ണം കൂടി ഉണ്ടെന്നു പറഞ്ഞപ്പോൾ നേരിൽ കാണാൻ അനുമതി നൽകി. ഞാൻ വിശദമായി പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പ്രകടമായ ഒട്ടേറെ തട്ടിപ്പുകൾ രേഖകൾ സഹിതം ഞാൻ ഹാജരാക്കിയിരുന്നു. ഓഡിറ്റിംഗിനു ചോദിക്കുമ്പോൾ രസീത് കാണാതാകുക, വൗച്ചറുകൾ നഷ്ടപ്പെട്ടു എന്നുപറയുക, മിനിട്‌സ് അപ്രത്യക്ഷമാകുക ഇതൊക്കെയാണ് അവിടെ നടന്നത്. പകൽകൊള്ള മറയ്ക്കാൻ ഇങ്ങനെ രേഖകൾ നഷ്ടപ്പെടുത്തുക എന്ന മാർഗ്ഗവും തൽപരകക്ഷികൾ സ്വീകരിച്ചു.

? ഇതിലൊന്നും ഒരു നടപടിയും ഉണ്ടായില്ലേ.

= ഉണ്ടായില്ല എന്നു പറഞ്ഞുകൂടാ. എന്നെ ഏരിയാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. ആ സ്ഥാനത്തിരിക്കുമ്പോൾ ആണല്ലോ രേഖകൾ അന്വേഷിക്കാനും ഫണ്ടുതിരിമറികൾ തിരിച്ചറിയാനും കഴിയുന്നത്.

? ഈ പകൽകൊള്ളയിൽ മുൻ എംഎൽഎ ടി.കെ. മധുസൂദനനു പങ്കുള്ളതായി പരസ്യമായി പറഞ്ഞിരുന്നല്ലോ. വേറെയും ചിലരെ പരാമർശിച്ചിരുന്നു. അവർക്കെതിരെയൊന്നും ഒരു നടപടിയും ഉണ്ടായില്ലല്ലോ.

= അതാണ് പഴയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പുതിയ പാർട്ടിയുമായുള്ള വ്യത്യാസം ഇപ്പോൾ പേരിൽ മാത്രമേ കമ്മ്യൂണിസം ഉള്ളൂ. പ്രവൃത്തിയിൽ ഒരു സാധാരണ സംഘടന മാത്രം.

? തെരഞ്ഞെടുപ്പിനു നിൽക്കുമ്പോൾ ഇത്ര മികച്ച ഒരു വിജയം പ്രതീക്ഷിച്ചിരുന്നോ. കഴിഞ്ഞ പ്രാവശ്യം അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടിയയാളെയാണല്ലോ പരാജയപ്പെടുത്തിയത്.

= അതെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടി.ഐ. മധുസൂദനന്റെ ഭൂരിപക്ഷം 49780 വോട്ടുകളായിരുന്നു. ഈ കനത്ത ഭൂരിപക്ഷം മറികടന്നു ജയിക്കുക എന്നത് സാധ്യമല്ല എന്നുതന്നെയാണു ഞാൻ കരുതിയിരുന്നത്.

? വിജയപ്രതീക്ഷ ഇല്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കാൻ കാരണമെന്താണ്.

= അതു തികച്ചും നയപരമാണ്. അല്ലെങ്കിൽ ആദർശപരം എന്നും വിളിക്കാം. ഞാൻ പുറത്തുകൊണ്ടുവന്ന അഴിമതിയുടെയും തട്ടിപ്പിന്റെയുമൊക്കെ പിന്നിലെ പ്രധാന സൂത്രധാരൻ ടി.എ.മധുസൂദനൻ ആണെന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഇയാൾക്കെതിരെ രേഖാമൂലം പരാതി നൽകിയതുമാണ്. അങ്ങനെയുള്ള ഒരാളെ വീണ്ടും സ്ഥാനാർത്ഥി ആക്കരുത് എന്നു ഞാൻ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നതാണ്. അവരതു ചെവിക്കൊണ്ടില്ല. അതിന്റെ പ്രതിഷേധമായിട്ടാണ് സ്വതന്ത്രനായി ഞാൻ തെരഞ്ഞെടുപ്പിനു നിൽക്കാൻ തീരുമാനിച്ചത്. എന്റെ തീരുമാനം പുറത്തുവന്ന ശേഷം കോൺഗ്രസ് എനിക്കു പിന്തുണ നൽകാൻ തയ്യാറാകുകയായിരുന്നു.

? ഇലക്ഷനു നിന്നപ്പോൾ സ്വാഭാവികമായും ഭീഷണിയും ഉണ്ടായിക്കാണുമല്ലോ.

= ഭീഷണി അതിനു മുമ്പുതന്നെ ഉണ്ടല്ലോ. എന്നെ അതൊന്നും ബാധിക്കില്ല. നമ്മൾ ഒരു നിലപാടു സ്വീകരിക്കുന്നത് വ്യക്തിപമായ കാര്യത്തിനല്ല. സംഘടനയുടെ സത്യസന്ധമായ നടത്തിപ്പിനുവേണ്ടിയാണ്. അതിൽ ഭീഷണിയോ പ്രീണനമോ ഒന്നും എന്നെ ബാധിക്കില്ല. എനിക്കെതിരെ ഉണ്ടായ അക്രമപ്രവർത്തനങ്ങൾ വലിയ വാർത്ത ആയതാണല്ലോ. എന്നോടൊപ്പം സഹകരിച്ചയാളുടെ സ്‌കൂട്ടർ കത്തിച്ചുകളഞ്ഞു. എന്റെ പേരെഴുതിയ മതിൽ പൊളിച്ചുകളഞ്ഞു എന്നിങ്ങനെ എത്രയെത്ര. ഇപ്പോൾ പോലീസ് പ്രൊട്ടക്ഷൻ തരുന്നുണ്ട്. ഒരു മണ്ഡലത്തിലും നടക്കാത്ത കാര്യങ്ങൾ ഇവിടെ നടന്നു. ചുവരെഴുത്തു മായ്ച്ചുകളഞ്ഞ് അവരുടെ പേരെഴുതി. തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിനു സ്ഥലം തന്നയാളെ വിലക്കി. ഇങ്ങനെ ഒട്ടേറെ.

? പയ്യന്നൂർ, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളിലെ തോൽവി നൽകുന്ന പാഠം വലുതല്ലേ. കമ്മ്യൂണിസ്റ്റ് ഉരുക്കുകോട്ട എന്നറിയപ്പെട്ടിരുന്ന കണ്ണൂരിന്റെ മണ്ണിൽ ഇത്ര ദയനീയമായ തോൽവി ഏറ്റുവാങ്ങാൻ കാരണം എന്തായിരിക്കും.

= ഞാൻ നേരത്തെ സൂചിപ്പിച്ച കാരണങ്ങൾ തന്നെയാണ്. കമ്മ്യൂണിസ്റ്റ് എന്നത് പേരിൽ മാത്രമേ ഉള്ളൂ പ്രവർത്തനത്തിൽ ഒരു സാധാരണ പാർട്ടി മാത്രം ആയിരിക്കുന്നു. അഴിമതി, സ്വജനപക്ഷപാതം ഇവരണ്ടുമാണ് പാർട്ടിയെ ഗ്രസിച്ചിരിക്കുന്ന വിപത്തുകൾ. അതു തിരിച്ചറിയാൻ പാർട്ടിക്കു കഴിഞ്ഞില്ല. അഥവാ നേതൃത്വം ബോധപൂർവം കണ്ണടച്ചു. അതിന്റെ പരിണിത ഫലമാണ് നാം ഇപ്പോൾ കാണുന്നത്.

? കുടുംബം.

ഭാര്യ-പി.പി. കോമളവല്ലി സജീവരാഷ്ട്രീയപ്രവർത്തകയായിരുന്നു. ലോക്കൽ കമ്മറ്റി അംഗമായിരുന്നു. പയ്യന്നൂർ മുൻസിപ്പൽ മുൻ കൗൺസിലറുമാണ്. മാറിവന്ന സാഹചര്യത്തിൽ സജീവപ്രവർത്തനമില്ല. പാർട്ടിമെമ്പർഷിപ്പ് പുതുക്കിയിട്ടുമില്ല.
മക്കൾ- കല (കോടതി സ്റ്റാഫ്), കാവ്യ (അധ്യാപിക).
മരുമക്കൾ- അജയകുമാർ (കൃഷി ഓഫീസർ) പ്രമോദ് (കൺസ്ട്രക്ഷൻ മേഖലയിൽ)
പേരക്കുട്ടികൾ- അനാമിക, അലോക്, ലക്ഷിത, അക്ഷിത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img