
പ്രകൃതിദുരന്ത അതിജീവന പുനരധിവാസ പദ്ധതിയിലും കേരളപ്പെരുമയുടെ യശസ് ലോകത്തിന്റെ നെറുകയിലേക്ക് ഉയരുന്നു. വയനാട് ജില്ലയിലെ മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയായ ടൗൺഷിപ്പ് നിർമ്മാണമാണ് ചരിത്രത്തിൽ ഇടം നേടുന്നത്. ദുരന്തബാധിതരായവരിൽപ്പെട്ടവരായ 410 പേർക്ക് വീടുകളും, അനുബന്ധ സൗകര്യങ്ങളുമടക്കം നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ ഭാഗിക ഉദ്ഘാടനം കഴിഞ്ഞു. ടൗൺ ഷിപ്പിൽ 178 ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ കൈമാറുകയും, ഉടമസ്ഥാവകാശപ്പട്ടയവും അനുബന്ധരേഖകളും കൈമാറുകയും ചെയ്തതിന് പുറമെ കൽപ്പറ്റ സർക്കാർ ആശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്ന 5 നില കെട്ടിടത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെ നിർമ്മാണ ഉദ്ഘാടനം, കൽപറ്റ ഗവ. എൽ.പി സ്ക്കൂളിന്റെ മാറ്റി സ്ഥാപിക്കൽ തുടങ്ങിയവയുടെ പ്രഖ്യാപനവും വയനാടൻ ജനതയുടെ ദീർഘകാല ആവശ്യത്തിനും പരിഹാരമായി. വയനാടൻ ജനതയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വയനാടൻ ചുരത്തിന് ബദൽ പാത നിർമ്മാണത്തിന്റെ പ്രവൃത്തിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും കഴിഞ്ഞിരിക്കുകയാണ്.
2024 ജൂൺ 30 ന് അർദ്ധരാത്രി പിന്നിട്ടതോടെ പുഞ്ചിരിമറ്റം മലനിരകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മുണ്ടക്കൈ, അട്ടമല, ചൂരൽമല പ്രദേശങ്ങളിലാണ് പ്രകൃതിയുടെ താണ്ഡവം ഉണ്ടായത്. അർദ്ധരാത്രി കഴിഞ്ഞും, പുലർച്ചെയും ഉണ്ടായ രണ്ട് ഭീകര ഉരുൾപൊട്ടലിന്റെ ആഘാതം ഇനിയും അക്ഷരങ്ങൾ കൊണ്ട് വിവരിക്കാനാവില്ല. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലൂടെ ഒഴുകുന്ന പുന്നപ്പുഴയുടെ ഉദ്ഭവസ്ഥാനത്തിന് സമീപത്ത് നിന്നുണ്ടായ ഉരുൾപൊട്ടലുകൾ വയനാടും, മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയും കടന്ന് അറബിക്കടലിൽ സമാപിക്കുമ്പോൾ ഒരു പ്രദേശം തന്നെ ഇല്ലാതാക്കുകയും, മരണത്തിലേക്ക് തള്ളിവിടുകയും, ജീവിതോപാധികൾ തകർത്തെറിയുകയും ചെയ്തത് മൂലം നൂറുകണക്കിന് മനുഷ്യരുടെ ജീവിതദുരന്തകഥകൾ ആരംഭിക്കുകയായിരുന്നു.
ചൂരൽമല- മുണ്ടക്കൈ ഗ്രാമങ്ങളെ പൂർണ്ണമായും ഇല്ലാതാക്കിയ ഉരുൾപൊട്ടലിൽ 298 പേർ മരണപ്പെട്ടതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 44 പേരെ കണ്ടെത്താനായില്ല. മരണസംഖ്യ സംബന്ധിച്ച സംശയങ്ങളും തുടരുന്നുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികൾ കൂട്ടമായി താമസിച്ചിരുന്ന എസ്റ്റേറ്റ് പാടികൾ അടക്കം പൂർണ്ണമായും ദുരന്തത്തിൽ ഇല്ലാതായി. തമിഴ്നാട്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെ സംബന്ധിച്ചുള്ള കണക്കുകളും, വിവരങ്ങളും അപൂർണ്ണമായി തുടരുന്നു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ അതാത് സംസ്ഥാനങ്ങൾ മുൻകൈ എടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ അതാത് സംസ്ഥാനങ്ങളിലേക്ക് ആളെ കൊണ്ടുപോയത് ഇന്നും ദുരൂഹത ഉയർത്തുന്നു. നാല് കി.മീറ്ററോളം ദൂരത്തിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ശരീരങ്ങളും ശരീരഭാഗങ്ങളും വയനാടിന് പുറമെ മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കണ്ടെടുത്തത്.
ദുരന്തം ഉണ്ടായ വാർത്ത പുറംലോകമറിഞ്ഞതോടെ ലോകം തന്നെ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്കാണ് കേരളജനത സാക്ഷ്യം വഹിച്ചത്. ദുരന്തബാധിതരെ സഹായിക്കാനായി കേരളജനത ഒന്നിച്ച് രംഗത്തിറങ്ങിയപ്പോൾ കേന്ദ്ര സർക്കാരിന്റെ നിസഹകരണ സൂചന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നു. ദുരന്തസ്ഥലം സന്ദർശിക്കാനെത്തിയ സുരേഷ്ഗോപിക്ക് ദുരിതാശ്വാസക്യാമ്പ് പ്രതിഷേധമുന്നറിയിപ്പിനെ തുടർന്ന് സന്ദർശിക്കാതെ മടങ്ങേണ്ടി വന്നു. ദുരന്തത്തെ രാഷ്ട്രീയലാക്കോടെ കാണാനുള്ള കേന്ദ്ര സർക്കാർ സമീപനവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സംഭരണ ആഹ്വാനവും വന്നതോടെ ദുരന്തത്തെ രാഷ്ട്രീയവിവാദങ്ങൾക്കുള്ള ഉപാധിയാക്കി മാറ്റുന്ന കാഴ്ചയാണ് കേരളജനത കണ്ടത്.
ജാതി- മതഭേദമില്ലാതെ രക്ഷാപ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തിയിരുന്ന മലയാളികളുടെ മനസ്സിലേക്ക് ചില രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നത് ഒരു മനസ്സോടെ രക്ഷാപ്രവർത്തനം നടത്തിയിരുന്നവരിൽ ഭിന്നത ഉണ്ടാക്കി. ചില ജാതി-മതസംഘടനകളും ഇത്തരത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ ക്ഷുദ്ര പ്രവർത്തനം നടത്താൻ ആരംഭിച്ചതോടെ സംസ്ഥാന സർക്കാർ ഇച്ഛാശക്തിയോടെ ഇത്തരം സംഘടനകളെയും, പ്രവർത്തകരെയും സംഭവസ്ഥലത്ത് നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും പൂർണ്ണമായും മാറ്റിനിർത്തി രാഷ്ട്രീയ-മതമുതലെടുപ്പിനുള്ള സാഹചര്യം തന്നെ ഇല്ലാതാക്കി. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശരീരങ്ങളും, ശരീരഭാഗങ്ങളും പോസ്റ്റ്മോർട്ടത്തിനായി മേപ്പാടി ഗവ. പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ തുടങ്ങിയ താൽക്കാലിക തിയേറ്ററ് ലോകചരിത്രത്തിൽതന്നെ ഇടം നേടി.
ദുരന്തം ഉണ്ടായ നിമിഷം മുതൽ ഇതെഴുതുന്ന നിമിഷംവരെ സമാനതകളില്ലാത്ത വിധമാണ് സർക്കാർ ദുരന്തബാധിതരെ സംരക്ഷിക്കുന്നത്. ഉരുൾപൊട്ടൽ കഴിഞ്ഞ് 26 ദിവസത്തിനുള്ളിൽ 728 കുടുംബങ്ങളെ താൽക്കാലിക താമസമൊരുക്കി ക്യാമ്പുകൾ പിരിച്ചുവിട്ടു. 6000 രൂപ മാസവാടകയും കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ വീതം പ്രതിമാസം 9000 രൂപ വീതവും, 1000 രൂപയുടെ ഭക്ഷണകൂപ്പണും നൽകി വരുന്നു. ഇതിനുപുറമെ ചികിത്സയും തുടർചികിത്സയും ഉരുൾപൊട്ടലിൽ തകർന്നുപോയ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് മേപ്പാടി ഗവ. ഹൈസ്ക്കൂളിൽ പഠനസൗകര്യം. യുദ്ധകാല അടിസ്ഥാനത്തിൽ ഒരു സംഘടനയുടെ നേതൃത്വത്തിൽ 3 നില കെട്ടിടം. കൂടാതെ ദുരന്തമേഖലയിലെ ജീവിതങ്ങൾ കരുപ്പിടിപ്പിക്കാനും, ഭൗതിക സാഹചര്യങ്ങൾ തിരിച്ചുപിടിക്കാനും പദ്ധതികൾ. സർക്കാർ ടൗൺഷിപ്പിൽ താമസസൗകര്യം ആവശ്യമില്ലെന്നറിയിച്ച 130 ഓളം പേർക്ക് 15 ലക്ഷം രൂപയും വിതരണം ചെയ്തു.
ഇവരിൽ പലരും വീണ്ടും ടൗൺഷിപ്പിൽ വീട് കിട്ടാൻ 15 ലക്ഷം രൂപ തിരികെ നൽകാൻ തയ്യാറായിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾക്ക് പുറകിൽ റിയൽ എസ്റ്റേറ്റ് ലോബിയുടെ പ്രവർത്തനം ഉള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്. ടൗൺഷിപ്പിലെ വീടുകൾക്ക് ഇപ്പോൾതന്നെ ഒരു കോടിയിലധികം രൂപയുടെ മാർക്കറ്റ് വില കണക്കാക്കുന്നു. 15 ലക്ഷം രൂപ തിരികെ നൽകി ലഭിക്കുന്ന വീടുകൾ ലീസിന് നൽകുകയും, 12 വർഷങ്ങൾക്കുശേഷം വിൽപ്പന സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യുമെന്നതാണ് പുതിയ തന്ത്രം പ്രയോഗിക്കാൻ പ്രചോദനം.
മുഖ്യമന്ത്രി പിണറായി വിജൻ, റവന്യുവകുപ്പ് മന്ത്രി പി. രാജൻ, വയനാടിന്റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവരുടെ കൃത്യമായ ഇടപെടലുകളും, നേതൃത്വവും വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ആഫീസർ എസ്. സുഹാസ്, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
178 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറിയെങ്കിലും അവകാശികൾക്ക് താമസിക്കാറായിട്ടില്ല. സെൻട്രലൈസ്ഡ് മാലിന്യസംഭരണ- സംസ്ക്കരണ രീതി പ്രാവർത്തികമാക്കുന്നത് മൂലം ചെറിയ കാലതാമസം ഉണ്ടാകും.











