
അധികാരമേറ്റ് നൂറാം നാൾ പൂർത്തിയാക്കിയ അവസരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത് 'ഞാൻ അമേരിക്ക ഭരിക്കുന്നു; ഈ ലോകവും.' ട്രംപിന്റെ വാക്കുകൾ ഭ്രാന്തമായ ജൽപനങ്ങളായി വ്യാഖ്യാനിക്കുന്നവർ ഏറെയുണ്ട്. എന്നാൽ അമേരിക്കയെയും ലോകത്തെയും കടുത്ത സാമ്പത്തികമാന്ദ്യത്തിലേയ്ക്ക് തള്ളിവിടാനും, പല രാജ്യങ്ങളിലേയും സർക്കാരുകളെ വീഴ്ത്താനും വാഴിക്കാനും ട്രംപിന്റെ തീരുമാനങ്ങൾക്ക് സാധ്യതയുണ്ടെന്ന് തെളിഞ്ഞുകഴിഞ്ഞു. അങ്ങനെയാണ് ക്യാനഡയിലും ആസ്ട്രേലിയയിലും സിംഗപ്പൂരിലുമൊക്കെ അത് സംഭവിച്ചത്. ക്യാനഡയ്ക്കെതിരെ ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളിൽ പെട്ടുലഞ്ഞാണ് ലിബറൽ പാർട്ടി നേതാവ് ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ ഇക്കഴിഞ്ഞ മാർച്ചിൽ രാജിവച്ചൊഴിയുന്നത്. അന്ന് ലിബറൽ പാർട്ടിയുടെ ജനസമ്മതി താഴേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ ഏതാണ്ട് ഒരു മാസത്തിനിപ്പുറം ആ കടമ്പകളെ അത്ഭുകരമായി മറികടന്ന് ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. ട്രംപ് തന്നെ വിതയ്ക്കുകയും കൊയ്തെടുത്ത് മെതിച്ച് ലിബറൽ പാർട്ടിക്ക് കാഴ്ചവയ്ക്കുകയും ചെയ്തതാണ് ക്യാനഡയിലെ ഈ ആധികാരിക തെരഞ്ഞെടുപ്പ് ജയം. ട്രംപിന്റെ ജൽപനങ്ങളുടെ ആഘാതം തന്നെയാണ് ആസ്ട്രേലിയയിലും സിംഗപ്പൂരിലും നടന്ന പൊതുതെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുന്നത്.
ട്രംപിന്റെ വലിയ അട്ടിമറി
ക്യാനഡയിലെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങൾ അത്ഭുതകരമായ ഒരു അട്ടിമറിയാണെന്നതിൽ സംശയമില്ല. അതിന്റെ പിന്നിലെ ചാലകശക്തി ഡൊണാൾഡ് ട്രംപ് അല്ലാതെ മറ്റാരുമല്ല. അധികാരത്തിലിരുന്ന ലിബറൽ പാർട്ടിയുടെ ജസ്റ്റിൻ ട്രൂഡോ തകർന്നടിഞ്ഞ ജനസമ്മതിയുടെ സമ്മർദ്ദത്തിൽ നാണം കെട്ടാണ് മാർച്ചിൽ അധികാരം വിട്ടൊഴിഞ്ഞത്. അന്ന് പ്രധാന പ്രതിപക്ഷമായിരുന്ന കൺസർവേറ്റീവ് കക്ഷി അഭിപ്രായവോട്ടെടുപ്പുകളിൽ ലിബറൽ പാർട്ടിയെക്കാൾ 25 ശതമാനം മുന്നിലായിരുന്നു. ആ സന്നിഗ്ദ്ധ ഘട്ടത്തിലാണ് ലിബറൽ പാർട്ടിയുടെ പുതിയ നേതാവായ മാർക് കാർണി പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ 25 ശതമാനം മുൻതൂക്കം മറികടക്കാൻ കാർണിക്ക് ആവുമെന്ന് അന്നാരും കരുതിയില്ല. പക്ഷേ ഒരു മാസത്തിനിപ്പുറം നടന്ന പൊതുതെരഞ്ഞെടുപ്പിൽ കാർണിയും, ലിബറൽ പാർട്ടിയും വീണ്ടും അത്ഭുതകരമായി അധികാരത്തിൽ തിരിച്ചെത്തി. ഇതിന് വഴിയൊരുക്കിയത് ട്രംപിന്റെ പ്രകോപനപരമായ വാചകമടികൾ തന്നെ. ക്യാനഡയെ 51-ാമത്തെ സംസ്ഥാനമായി അമേരിക്കയിൽ ലയിപ്പിക്കാമെന്ന ട്രംപിന്റെ വെല്ലുവിളി ആളിക്കത്തിച്ചത് ക്യാനഡയുടെ ദേശീയ വികാരമായിരുന്നു. അമേരിക്കയുടെ ഏറ്റവും മുന്തിയ വ്യാപാര പങ്കാളിയായ ക്യാനഡയ്ക്കെതിരെ വലിയ ഇറക്കുമതിച്ചുങ്ക ഭീഷണികളാണ് ട്രംപ് നടത്തിയത്. അതുപോലെ കാനഡയിലെ നദികളിൽ നിന്നുള്ള വെള്ളം വരൾച്ച സാധ്യതയുള്ള അമേരിക്കൻ സ്റ്റേറ്റുകളിലേക്ക് തിരിച്ച് വിടണമെന്നും ട്രംപ് നിർദ്ദേശിച്ചു. പിന്നീട് നടന്നത് ലിബറൽ പാർട്ടിയുടെ തലവര മാറ്റിമറിച്ച തെരഞ്ഞെടുപ്പു ഫലമാണ്.
343 പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കാർണിയുടെ ലിബറൽ പാർട്ടി അപ്രതീക്ഷിതമായ മുന്നേറ്റമാണ് നടത്തിയത്. 169 സീറ്റുകൾ അവർ സ്വന്തമാക്കി. കേവല ഭൂരിപക്ഷത്തിന് വെറും മൂന്ന് സീറ്റുകൾകലെ. ജയിച്ച് കയറുമെന്ന് പൂർണ്ണമായും വിശ്വസിച്ചിരുന്ന കൺസർവേറ്റീവ് കക്ഷി 144 സീറ്റുകളിൽ ഒതുങ്ങി. പാർട്ടി നേതാവായ പീയെ പൊയ്ലിവ്ര സ്വന്തം മണ്ഡലത്തിൽ തോറ്റടിഞ്ഞു. അതിനെക്കാൾ കനത്ത തിരിച്ചടി നേരിട്ടത് ഇന്ത്യൻ വംശജനും, ഖാലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്ന നേതാവുമായ ജഗ്മത് സിംഗ് നയിക്കുന്ന ന്യു. ഡെമോക്രാറ്റിക് പാർട്ടിയാണ് കഴിഞ്ഞ പാർലമെന്റിൽ 24 സീറ്റുകളുണ്ടായിരുന്ന എൻ.ഡി.പിയുടെ സീറ്റുകളുടെ എണ്ണം ഏഴിലേക്ക് വീണു. വോട്ട് വിഹിതത്തിൽ 11 ശതമാനം ഇടിവുണ്ടായി.
അതിലും വലിയ ഗതികേട് സംഭവിച്ചത് സ്വന്തം മണ്ഡലത്തിലെ ജഗ്മത് സിംഗിന്റെ പരാജയമായിരുന്നു. തുടർച്ചയായി ജയിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് കൊളംബിയായിലെ ബുർനബി സെൻട്രൽ മണ്ഡലത്തിലാണ് സിംഗ് അടിപതറിയത്. ലിബറൽ പാർട്ടിയുടെ വെയ്സ് ചാംഗ് ഈ മണ്ഡലം പിടിച്ചെടുത്തു. വെറും 19 ശതമാനം വോട്ടാണ് ജഗ്മത് സിംഗിന് ലഭിച്ചത് എന്നതാണ് ദയനീയം.
ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് കിംഗ്മേക്കറായിരുന്നു ജഗ്മത് സിംഗ്. പാർലമെന്റിൽ ഭരിപക്ഷമില്ലാതിരുന്ന ട്രൂഡോയുടെ ലിബറൽ പാർട്ടിയെ അധികാരത്തിൽ താങ്ങിനിർത്തിയത് സിംഗിന്റെ എൻ.ഡി.പിയായിരുന്നു. ക്യാനഡ-ഇന്ത്യാ ബന്ധത്തെ ട്രൂഡോയുടെ കാലത്ത് തകർച്ചയിലേക്ക് എത്തിച്ചതിന്റെ പ്രധാന ഉത്തരവാദി സിംഗ് ആണെന്ന് പറയാം. ഇടതുപക്ഷ സ്വഭാവമുള്ള കക്ഷിയാണ് എൻ.ഡി.പി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഖാലിസ്ഥാൻ വിഘടനവാദത്തെ പിന്തുണയ്ക്കാൻ സിംഗ് പരസ്യമായിത്തന്നെ രംഗത്ത് വന്നു. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം ഇന്ത്യൻ 'ഏജന്റ്'മാർ നടത്തിച്ചതെന്ന ഗുരുതര ആരോപണവും സിംഗ് നടത്തി. സ്വന്തം കസേര സംരക്ഷിക്കാൻ ജസ്റ്റിൻ ട്രൂഡോയ്ക്ക് സിംഗിനോടൊപ്പം തുള്ളേണ്ടി വന്നത് ഇന്ത്യാ -ക്യാനഡ ബന്ധം ചരിത്രപരമായ വിള്ളലിലേക്കാണ് നയിച്ചത്.
ക്യാനഡയുടെ ഇലക്ഷൻ ചരിത്രത്തിലെ അവിസ്മരണീയമായ വിജയം കൊയ്ത മാർക് കാർണിക്ക് വലിയ കടമ്പകളാണ് മുന്നിലുള്ളത്. അയൽരാജ്യമായ അമേരിക്കയുമായുള്ള പഴയ ഊഷ്മള സൗഹൃദബന്ധം പുനഃസ്ഥാപിക്കുക ദുർഘട പ്രതിസന്ധി തന്നെയാണ്. പ്രത്യേകിച്ച് ട്രംപിനെപ്പോലെ ഒരാൾ അവിടെ അധികാരത്തിലിരിക്കുമ്പോൾ.
ട്രംപിന്റെ താരിഫ് ഭീഷണികൾ യാഥാർത്ഥ്യമായാൽ ക്യാനഡയുടെ ഉൽപ്പാദനമേഖല തന്നെ അടി തെറ്റും. ഈ സ്ഥിതിയെ എങ്ങനെ നേരിടും എന്നതുതന്നെയാണ് കാർണിയുടെ വലിയ വെല്ലുവിളി. ട്രംപിന്റെ നീക്കങ്ങളിൽ അസംതൃപ്തരായ യൂറോപ്യൻ രാജ്യങ്ങളുമായി പുതിയ വ്യാപാരബന്ധങ്ങൾ തുറക്കുക എന്നത് ഒരു പരീക്ഷണമാണ്. കൂടാതെ ഇന്ത്യയെപ്പോലുള്ള ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും തെരഞ്ഞെടുക്കാവുന്ന ഒരു മാർഗ്ഗമാണ്. ലോകസാമ്പത്തിക ഭീമനായ ചൈന ഇതിനകം ക്യാനഡയെ പുണരാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ പാരമ്പര്യ രീതികൾ അനുസരിച്ച് ഏഷ്യയിൽ ഇൻഡ്യയും ജപ്പാനുമായുള്ള വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്താനെ കാർണി ശ്രമിക്കൂ എന്നാണ് കരുതപ്പെടുന്നത്.
ഞെട്ടിച്ച ആസ്ട്രേലിയൻ വിജയം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ അധികാരത്തിലിരിക്കുന്ന ഒരു സർക്കാർ രണ്ടാം തവണ അധികാരത്തിൽ തിരിച്ചുവന്ന ഒരു ചരിത്രം ആസ്ട്രേലിയയ്ക്കില്ല. എന്നാൽ മെയ് ആദ്യവാരം നടന്ന ആസ്ട്രേലിയൻ പൊതുതെരഞ്ഞടുപ്പിൽ അധികാരത്തിലിരുന്ന ലേബർ പാർട്ടി വർദ്ധിത ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. ഇവിടെയും കാരണമായത് ട്രംപ് ഫാക്ടർ തന്നെ. ട്രംപിന്റെ സാമ്രാജ്യത്വ ശൈലിയിലുള്ള വെല്ലുവിളികൾ ആസ്ട്രേലിയൻ തെരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെത്തന്നെ തിരിച്ചുവിട്ടു. ലേബർ പാർട്ടിയുടെ ആന്റണി അൽബനീസ് തുടർഭരണം കരസ്ഥമാക്കി. പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവുകൾ അപ്രതീക്ഷിതമായ തോൽവിയാണ് ഏറ്റുവാങ്ങയത്. ഇവിടെയും കൺസർവേറ്റീവ് കക്ഷി നേതാവ് പീറ്റർ ഡട്ടൻ സ്വന്തം മണ്ഡലത്തിൽ അടിതെറ്റി വീണു. 24 വർഷം ഡട്ടൻ കൈവശം വച്ചിരുന്ന സീറ്റാണ് നഷ്ടമായത്.
ആസ്ട്രേലിയൻ തെരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങളായ ജീവിതച്ചെലവ്, ഹെൽത്ത് കെയർ, ആവാസലഭ്യത എന്നിവയൊന്നും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ച് കണ്ടില്ല. ഏറ്റവും വലിയ അന്തർദേശീയ വിഷയമായ ട്രംപിനെ എങ്ങനെ നേരിടണം എന്നുതന്നെയാണ് ആസ്ട്രേലിയൻ സമ്മതിദായകർക്ക് വിഷയമായത്. പ്രതിപക്ഷ കൺസർവേറ്റീവ് നേതാവായ പീറ്റർ ഡട്ടന് ഒരു ട്രംപ് പ്രതിച്ഛായ ഉണ്ടെന്ന തോന്നലും കൂടി അന്തരീക്ഷത്തിലുണ്ടായിരുന്നു. ട്രംപിനെ പോലെതന്നെ കുടിയേറ്റം, പൊതുചെലവ്, വെട്ടിക്കുറയ്ക്കൽ, ചൈന ഭീഷണി തുടങ്ങിയവയെല്ലാംതന്നെ ഡട്ടൻ തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കിയിരുന്നു. അത് ഡട്ടന് കനത്ത തിരിച്ചടിയായെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. കൺസർവേറ്റീവ് മുന്നണി 40 സീറ്റുകളിലൊതുങ്ങി. 86 സീറ്റുകൾ നേടി ലേബർ പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി.
ട്രംപിനെ പിന്തുടർന്ന് സിംഗപ്പൂർ തെരഞ്ഞെടുപ്പ്
'ലോകക്രമം തന്നെ ചാഞ്ചാട്ട ഭീഷണി നേരിടുന്നു' എന്ന് ഈയിടെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗ് രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസ്താവിച്ചിരുന്നു. ട്രംപിന്റെ ധിക്കാരപരമായ തീരുമാനങ്ങളെ അവലോകനം ചെയ്തായിരുന്നു വോംഗിന്റെ വാക്കുകൾ. മെയ് ആദ്യവാരം സിംഗപ്പൂരിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വോംഗിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ സിംഗപ്പൂർ ജനത ചെവിക്കൊണ്ടെന്ന് തന്നെയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചതെന്ന് നിസ്സംശയം പറയാം.
1959 മുതൽ സിംഗപ്പൂർ ഭരിക്കുന്ന പിപ്പീൾസ് ആക്ഷൻ പാർട്ടി(പി.എ.പി) അധികാരം നിലനിർത്തിയപ്പോൾ പുനഃസമ്മതി മെച്ചപ്പെടുത്താനും അവർക്ക് കഴിഞ്ഞു. ആഗോളവ്യാപാരമേഖലയിൽ ട്രംപ് സൃഷ്ടിച്ച അനിശ്ചിതത്വം മറികടക്കാൻ പി.എ.പി തന്നെ അധികാരത്തിൽ തുടരണം എന്നൊരു പ്രതീതി സിംഗപ്പൂർ ജനതയിൽ ഉടലെടുത്തിരുന്നു. അതുകൊണ്ടാണ് 2020 ൽ നേടിയതിനെക്കാൾ ഭൂരിപക്ഷവും വോട്ടിംഗ് ശതമാനവും വർദ്ധിപ്പിക്കാൻ പി.എ.പിയ്ക്കായത്. 65.6 ശതമാനം വോട്ടും 97 സീറ്റുകളും അവർ പാർലമെന്റിൽ നേടി. നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ, മരവിച്ച ശമ്പള പരിഷ്ക്കരണങ്ങൾ എന്നിവയിലൂന്നി പ്രതിപക്ഷം നടത്തിയ പ്രചാരണങ്ങൾ ട്രംപിൽ തട്ടി ഉടഞ്ഞുവീണു. പ്രധാന പ്രതിപക്ഷമായ വർക്കേഴ്സ് പാർട്ടി(ഡബ്ല്യു.പി) കഴിഞ്ഞ പാർലമെന്റിൽ നേടിയ 10 സീറ്റിൽ തന്നെ ഇത്തവണയും ഒതുങ്ങി.
വർക്കേഴ്സ് പാർട്ടി നേതാവ് പ്രീതംസിംഗ് പാർലമെന്റ് കമ്മിറ്റിക്ക് മുന്നിൽ കള്ളം പറഞ്ഞു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് അപ്പീലിന് നിൽക്കവേയാണ് പുതിയ പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രീതംസിംഗിന് നേരെയുള്ള ആരോപണങ്ങളിൽ രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ അവർ ഭരണകക്ഷിയോടൊപ്പം നിന്നു. 2020 ലെ തെരഞ്ഞടുപ്പിൽ നില മെച്ചപ്പെടുത്തിയ വർക്കേഴ്സ് പാർട്ടി മറ്റൊരന്തരീക്ഷത്തിൽ ആയിരുന്നെങ്കിൽ ഇത്തവണയും പി.എ.പിക്ക് കനത്ത വെല്ലുവിളി ഉയർത്തിയേനെ. അവിടെയും ട്രംപ് ഫാക്റ്റർ മറ്റൊരു ചരിത്രമെഴുതി.











