10:13pm 27 October 2026
NEWS
കണ്ടെയ്നർ റോഡിലെ തെരുവുവിളക്കുകൾ,ഹൈബി ഈഡൻ എം.പി. സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
27/10/2026  08:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കണ്ടെയ്നർ റോഡിലെ തെരുവുവിളക്കുകൾ,ഹൈബി ഈഡൻ എം.പി. സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
HIGHLIGHTS

കണ്ടെയ്നർ റോഡിലെ തെരുവുവിളക്കുകളുടെ ഔദ്യോഗിക ഉദ്ഘാടനം  നിർവ്വഹിച്ച ശേഷം ഹൈബി ഈഡൻ എം.പി. ജനപ്രതിനിധികളോടൊപ്പം.കണ്ടെയ്നർ റോഡിലെ തെരുവുവിളക്കുകളുടെ 
ഔദ്യോഗിക ഉദ്ഘാടനം  നിർവ്വഹിച്ച ശേഷം ഹൈബി ഈഡൻ എം.പി വൃക്ഷ തൈകൾ നടുന്നു

ദേശീയ പാതാ അതോറിറ്റി ഏകദേശം പത്തു കോടി രൂപ ചെലവിട്ടാണ്, 1100 തെരുവുവിളക്കുകൾ,  17 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയപാത   966A ൽ സ്ഥാപിച്ചിട്ടുള്ളത്.നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ഇവ പ്രവർത്തിപ്പിച്ചു നോക്കിയ ശേഷമാണ് ഇന്ന് ഔദ്യോഗിക ഉദ്ഘാടനമായി സ്വിച്ച് ഓൺ കർമം നടത്തിയത്.

എറണാകുളം എം.പി. ഹൈബി ഈഡന്റെ നിർദ്ദേശത്തെത്തുടർന്നാണ്  റോഡ് സുരക്ഷയും പൊതുജന സൗകര്യവും മുൻനിർത്തി ഈ പദ്ധതി NHAI കൊച്ചി-II പ്രോജക്ട് ഡയറക്ടർ, പി പ്രദീപിൻറെ നേതൃത്വത്തിൽ പൂർത്തീകരണത്തിലെത്തിച്ചത്.

റോഡുകളിൽ ഒരു ജീവൻ പോലും അനാവശ്യമായി നഷ്ടപ്പെടാതിരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും, അപകടങ്ങൾ  പൂർണമായി ഒഴിവാക്കാമെന്ന് ഉറപ്പുനൽകാനാകില്ലെങ്കിലും, ശക്തമായ മുൻകരുതലുകളിലൂടെയും കാര്യക്ഷമമായ നടപടികളിലൂടെയും മരണങ്ങളും ഗുരുതരമായ പരിക്കുകളും പരമാവധി കുറയ്ക്കാൻ കഴിയുമെന്നും, ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നത് സർക്കാരുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണെന്നും, അതിനു വേണ്ട കൂടുതൽ ശ്രമങ്ങൾ നമുക്ക് ആവശ്യമാണെന്നും ഉദ്ഘാടന വേളയിൽ ഹൈബി ഈഡൻ എം പി പറഞ്ഞു.

എം പി യായി പ്രവർത്തനം ആരംഭിച്ച 2019 കാലത്ത്, രാത്രി കാലങ്ങളിൽ വെളിച്ചക്കുറവ് മൂലം കണ്ടെയ്നർ റോഡിൽ  അപകടങ്ങളും, അപകട മരണങ്ങളും ഉണ്ടാവുകയും, സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും മറ്റും ഈ പ്രദേശത്ത് കൂടി വരുന്ന സ്ഥിതിയുമുണ്ടായിരുന്നു.  2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പു വേളയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള പ്രദേശവാസികളും, യാത്രികരും, ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളും  പ്രധാനമായി മുന്നോട്ട് വച്ച ഒരാവശ്യമായിരുന്നു ഇത്. 

ഇതേത്തുടർന്ന്,  ഈ  ആവശ്യം ഉന്നയിച്ചു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും നാഷണൽ ഹൈവേ അതോറിറ്റിയുടെ വിവിധ തലങ്ങളിലെ അധികൃതരുമായും നിരന്തരമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്നു ഹൈബി പറഞ്ഞു. പല പ്രാവശ്യം ഈ ആവശ്യം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ഡൽഹിയിലെ ബന്ധപ്പെട്ട മന്ത്രാലയത്തിൽ നിരന്തരം സമ്മർദം ചെലുത്തുകയും ചെയ്തു. തുടർന്നാണ് തെരുവ് വിളക്കുകൾ സ്ഥാപിക്കൽ പദ്ധതിക്കായി ദേശീയപാത അതോറിറ്റി ഏകദേശം പത്തുകോടി രൂപ സ്വന്തം ഫണ്ട് വകയിരുത്താൻ സന്നദ്ധമായതെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.

ഇതിനു പുറമെ, ആറു വർഷങ്ങളിൽ കണ്ടെയ്‌നർ റോഡിലെ വിവിധ പ്രവൃത്തികൾക്കായി ചെലവിട്ടത് 90.02 കോടി രൂപയാണെന്ന് ലോക്സഭയിൽ (Thu, Jul 24, 2025) മന്ത്രി നിതിൻ ഗഡ്കരി ഹൈബി ഈഡൻ എം പി ക്ക് മറുപടി നൽകിയിരുന്നു.

കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹായത്തോടെ, കണ്ടെയ്‌നർ റോഡിന്റെ സൗന്ദര്യവൽക്കരണത്തിനു പദ്ധതി തയാറാക്കി നടപ്പാക്കാൻ ദേശീയ പാതാ അധികൃതർ തയാറാകണമെന്നും, അനുമതി ലഭിച്ചാൽ ആയതിനു വേണ്ട ഇടപെടൽ നടത്താനുദ്ദേശമുണ്ടെന്നും, കാലതാമസം കൂടാതെ അനുമതി നൽകണമെന്നും,  ഹൈബി ഈഡൻ എം പി ഉദ്‌ഘാടന സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പങ്കെടുത്തവർ:  NHAI കൊച്ചി-II പ്രോജക്ട് ഡയറക്ടർ, പി പ്രദീപുൾപ്പെടെ ദേശീയ പാതാ അധികൃതരും സാങ്കേതിക വിദഗ്ദ്ധരും, എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്ക, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ്  അക്വിലിന്‍ ലോപ്പസ്, വൈസ്പ്രസിഡന്റ് ഷൈസൺ ആൽബർട്ട്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം എസ് ആന്റണി, വൈസ്പ്രസിഡന്റ് ഷൈജ, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ലിസി വാര്യത്ത്, വൈസ് പ്രസിഡണ്ട് ഷിമ്മി ഫ്രാൻസിസ്, ജില്ലാ പഞ്ചായത്തംഗം വിവേക് ഹരിദാസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ക്ളീറ്റസ്, തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img