
എട്ടുപേരെ വിവാഹം കഴിച്ചു. എട്ടു ഭർത്താക്കന്മാരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടി. പക്ഷേ, ഒമ്പതാമത്തെ വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ പിടിവീണു. അധ്യാപികയായ സമീറ ഫാത്തിമ എന്ന യുവതിയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. വിദ്യാസമ്പന്നയും അധ്യാപികയുമായ യുവതി വിവാഹ തട്ടിപ്പിലൂടെ ലക്ഷങ്ങളാണ് സമ്പാദിച്ചത്. ഇതിനിടെ ഇരകളായതാവട്ടെ എട്ടു ചെറുപ്പക്കാരും. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും തട്ടിപ്പിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുകയും ഒടുവിൽ അറസ്റ്റിലാകുകയും ചെയ്ത യുവതിയുടെ കഥയാണിത്...
മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിനിയായ അധ്യാപികയാണ് സമീറ ഫാത്തിമ. തൊഴിൽ അധ്യാപനമാണെങ്കിലും ഈ യുവതി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് തന്റെ തൊഴിലിന്റെ എന്തെങ്കിലും മെച്ചം കൊണ്ടല്ല കേട്ടോ. മറിച്ച്, കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ഈ യുവതി വിവാഹം കഴിച്ചത് എട്ടു പേരെയാണ്. അതിലെന്താണ് ഇത്ര വലിയ കാര്യം എന്ന ചോദ്യം ആരിലും ഉയരാം. ഒരു വിവാഹം കഴിക്കുകയും അതുമായി പൊരുത്തപ്പെട്ട് പോകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ആ ബന്ധം വേർപെടുത്തി മറ്റൊരു വിവാഹത്തിന് തയ്യാറാകുന്നതൊക്കെ സാധാരണമാണുതാനും. എന്നാൽ, സമീറ ഫാത്തിമയുടെ കാര്യം അങ്ങനെയല്ല. എട്ടുപേരെ വിവാഹംചെയ്ത് തട്ടിപ്പിന് വേണ്ടിയായിരുന്നു. ഈ യുവതി വിവാഹം കഴിച്ച പുരുഷന്മാരിൽ നിന്നെല്ലാം ലക്ഷങ്ങളാണ് തട്ടിയെടുത്തത്. ഒമ്പതാമത്തെ വിവാഹത്തിനായി തയ്യാറെടുക്കവെയാണ് സമീറ ഫാത്തിമയെ പൊലീസ് അറസ്റ്റുചെയ്തത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
മുസ്ലിം വിഭാഗത്തിൽപെട്ട വിവാഹിതരും സമ്പന്നരുമായ വ്യക്തികളെയാണ് സമീറയും സംഘവും തട്ടിപ്പിനിരയാക്കിയിരുന്നത്. സമ്പന്നരായ മുസ്ലിം യുവാക്കളെ വലയിലാക്കുകയും വിവാഹ ശേഷം ഭർത്താവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു സമീറയുടെ രീതി. ഇതിനായി പ്രത്യേക സംഘത്തിനൊപ്പമായിരുന്നു സമീറയുടെ പ്രവർത്തനം.
വിവാഹ ശേഷം 50 ലക്ഷം രൂപ സമീറ തട്ടിയെടുത്തെന്നാണ് ഒരു ഭർത്താവിൻറെ പരാതി. 15 ലക്ഷം രൂപ തട്ടിയെന്നുള്ള പരാതിയും നിലവിലുണ്ട്. റിസർവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനെയും ഇത്തരത്തിൽ കബളിപ്പിച്ചതായാണ് വിവരം. വിവാഹ വെബ്സൈറ്റുകളും ഫെയ്സ്ബുക്കും ഉപയോഗിച്ചാണ് സമീറ ഇരകളെ കണ്ടെത്തിയതെന്നാണ് വിവരം. ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ബന്ധം സ്ഥാപിച്ച ശേഷം ദുരവസ്ഥ വിവരിച്ച് സഹതാപം വഴിയാണ് പല ബന്ധങ്ങളും വിവാഹത്തലെത്തിച്ചത്. ജീവിതത്തിലെ ദുഃഖ കഥകളും മറ്റും ഇവർ പുരുഷന്മാരുമായി പങ്കുവെക്കും.
വിവാഹമോചിതയും കുട്ടിയുള്ള അമ്മയുമാണെന്ന് പറഞ്ഞ് സഹതാപം നേടി വിശ്വാസം പിടിച്ചെടുക്കുകയായിരുന്നു സമീറയുടെ രീതി. ഇതിനു ശേഷം നിക്കാഹ് നടത്തും. വിവാഹം കഴിയുന്നതോടെ യുവതി ഭീഷണി ആരംഭിക്കും. വിശ്വാസ വഞ്ചന മുതൽ ഗാർഹിക പീഡനം വരെയുള്ള ആരോപണങ്ങളുന്നയിച്ച് കേസ് കൊടുക്കുമെന്നും പൊതുസമൂഹത്തിൽ നാണം കെടുത്തുമെന്നുമാകും യുവതി പുതുമണവാളനോട് പറയുക. ഇതോടെ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന നാണക്കേട് ഓർത്ത് പുരുഷന്മാർ ഒത്തുതീർപ്പിന് തയ്യാറാകും. യുവതി ലക്ഷങ്ങളാണ് ഇത്തരത്തിൽ പുരുഷന്മാരിൽ നിന്നും അടിച്ചുമാറ്റിയത് എന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ നൽകിയ കേസിൽ ഗർഭിണിയാണെന്ന് കള്ളം പറഞ്ഞ് സമീറ അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാഗ്പുരിലെ ഒരു കടയിൽനിന്നും സമീറ അറസ്റ്റിലായത്. പുതിയ ഒരു വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു അപ്പോൾ ഇവർ.











