
ട്രംപും നെതന്യാഹുവും മുതൽ ഇങ്ങ് ഇന്ത്യയിൽ ബിജെപിയും കോൺഗ്രസും വരെ അസ്വസ്ഥരാണ്. ന്യൂയോർക്കിൽ മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നത് ഒരു ഇന്ത്യൻ വംശജനായ മുസ്ലീമാണ്. ട്രംപ് മുതൽ രാജീവ് ചന്ദ്രശേഖർ വരെയുള്ള വലതുപക്ഷ നേതാക്കളെ അസ്വസ്ഥരാക്കുന്നത് മറ്റൊരു കാര്യമാണ്. ഒരു തികഞ്ഞ ഇടതുപക്ഷക്കാരനാണ് ഈ മനുഷ്യൻ എന്നതാണ്. ലോകത്തെ വലതുപക്ഷം അപ്പാടെ വിമർശിക്കുന്ന, ഒരുപക്ഷേ അമേരിക്കയിൽ ചരിത്രം കുറിച്ച് ന്യൂയോർക്ക് മേയറായേക്കാവുന്ന ആ മനുഷ്യന്റെ പേര് സൊഹ്‌റാൻ മംദാനി എന്നാണ്. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ പാർട്ടിക്കുള്ളിൽ നടന്ന മത്സരത്തിൽ വിജയിച്ചതോടെയാണ് ഈ മനുഷ്യനെ ലോകം ഇത്രയേറെ ചർച്ച ചെയ്യുന്നത്. അതിന് മുമ്പും അമേരിക്കയിലെ അനീതി പൂക്കുന്ന തെരുവോരങ്ങളിലും ചൂഷണം കയർക്കുന്ന പണിയിടങ്ങളിലും വേട്ടയാടപ്പെടുന്നവന്റെ മാടങ്ങളിലും ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം നൽകാൻ ഈ ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. ആരാണ് സൊഹ്‌റാൻ മംദാനി? ഈ ചോദ്യത്തിന്റെ ഉത്തരം ഒരു ഇതിഹാസ കഥയോളം നമ്മെ ത്രസിപ്പിക്കുന്നതാണ്.
ഇത് സൊഹ്‌റാൻ മംദാനി. അമേരിക്കയിലെ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി. ഡെമോക്രാറ്റുകൾക്ക് വലിയ സ്വാധീനമുള്ള ന്യൂയോർക്കിൽ സൊഹ്‌റാൻ മംദാനിക്ക് വിജയം അനായാസമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യക്കാരിയായ മാതാവിനും ഉഗാണ്ടൻ പിതാവിനും ജനിച്ച സൊഹ്‌റാൻ മംദാനി പോരാട്ടങ്ങളിലൂടെയും ചെറുത്തുനിൽപ്പുകളിലൂടെയും വളർന്നു വന്ന നേതാവാണ്. അമേരിക്കൻ രാഷ്ട്രീയത്തിൽ നേതാക്കൾക്കായി കോർപ്പറേറ്റുകൾ കോടികൾ ചിലവഴിക്കുമ്പോൾ, സാധാരണക്കാരന്റെ പിന്തുണയാണ് സൊഹ്‌റാൻ മംദാനിയുടെ പ്രവർത്തന മൂലധനം
ദക്ഷിണേഷ്യൻ വംശജൻ, മുസ്ലീം തുടങ്ങിയ എന്തു വിശേഷണവും ഈ 33കാരന് ചേരും. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാൻ നടന്ന തെരഞ്ഞെടുപ്പിൽ ഈ യുവാവ് പരാജയപ്പെടുത്തിയത് നിസ്സാരക്കാരനെയല്ല. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയോട് മത്സരിച്ചാണ് സൊഹ്‌റാൻ മംദാനി ഡെമോക്രാറ്റിക് പാർട്ടിയുടെ മേയർ സ്ഥാനാർത്ഥിയാകാൻ യോഗ്യത നേടിയിരിക്കുന്നത്. നവംബറിൽ നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ സംസ്ഥാന അസംബ്ലി അംഗമായ മംദാനി വിജയിച്ചാൽ, ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലീം, ഇന്ത്യൻ വംശജനായ മേയറായി അദ്ദേഹം മാറും.
ഉഗാണ്ടൻ അക്കാദമിക് മഹ്മൂദ് മംദാനിയുടെയും ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീരാ നായരുടെയും മകനാണ് സൊഹ്‌റാൻ ക്വാമെ മംദാനി. ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ് ഈ 33കാരൻ സ്വയം വിശേഷിപ്പിക്കുന്നത്.
ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ 1991ഒക്ടോബർ പതിനെട്ടിനാണ് ജനനം. അമ്മ മീര നായരുടെ രണ്ടാം വിവാഹമായിരുന്നു മഹ്മൂദ് മംദാനിയുള്ളത്. മീര നായർ ആദ്യം വിവാഹം കഴിച്ച മൈക്ക് എപ്സറ്റീനിൽ നിന്നും ഇവർ വിവാഹമോചനം നേടിയിരുന്നു. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ മീര നായർ മലയാളിയോ മലയാളി വംശജയോ അല്ല. പേരിലെ "നായർ" എന്നത് കേരളത്തിലുള്ള നായർ സമുദായത്തെയല്ല ഉദ്ദേശിക്കുന്നത്. പഞ്ചാബിൽ നിന്നുള്ളവരാണ് മീര നായരുടെ മാതാപിതാക്കൾ. അതവിടെ നിൽക്കട്ടെ. മംദാനിയിലേക്ക് വരാം.
കമ്പാലയിൽ ജനിച്ച മംദാനി ഏഴാം വയസ്സിൽ ന്യൂയോർക്കിലേക്ക് താമസം മാറി. മെയ്‌നിലെ ബോഡോയിൻ കോളേജിൽ നിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, അദ്ദേഹം ഒരു ഭവന കൗൺസിലറായി ജോലി ചെയ്തു, കുടിയൊഴിപ്പിക്കൽ തടയുന്നതിൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ ഈ സമയത്ത് അദ്ദേഹം സഹായിച്ചു. 2020 ലെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി തിരഞ്ഞെടുപ്പിൽ, ക്വീൻസിലെ അസ്റ്റോറിയയെ പ്രതിനിധീകരിച്ച് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ഇതേ വർഷമായിരുന്നു മംദാനിയുടെ വിവാഹവും. ബ്രൂക്ലിനിൽ താമസിക്കുന്ന 27 വയസ്സുള്ള സിറിയൻ കലാകാരിയായ രാമ ദുവാജിയായിരുന്നു മംദാനിയുടെ വധു. ദി ന്യൂയോർക്കർ, ദി വാഷിംഗ്ടൺ പോസ്റ്റ്, വൈസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അവരുടെ കൃതികൾ അച്ചടിച്ചു വന്നിട്ടുണ്ട്. കൂടാതെ അവർ ആനിമേഷനിലും സെറാമിക്സിലും വിദഗ്ധയാണ്.
മംദാനി ഒരു തികഞ്ഞ ഇടതുപക്ഷക്കാരനാണ്. അതിനാലാണ് സാക്ഷാൽ ഡൊണാൾഡ് ട്രംപ് തന്നെ മംദാനിയെ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ എന്ന് വിളിച്ചത്. ഇസ്രയേൽ ഗാസയിൽ നടത്തുന്ന അധിനിവേശത്തെ ഉൾപ്പെടെ രൂക്ഷമായി വിമർശിക്കാൻ മംദാനി മടിച്ചിട്ടില്ല. ഇസ്രയേൽ കഴിഞ്ഞാൽ യഹൂദർ ഏറ്റവും കൂടുതൽ അധിവസിക്കുന്ന പ്രദേശമാണ് ന്യൂയോർക്ക് എന്നുകൂടി ഓർക്കണം. അവിടെയാണ് ഇസ്രയേൽ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടും മംദാനി സ്വീകാര്യനാകുന്നത്.
ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തെ ശക്തമായി വിമർശിക്കുന്ന അമേരിക്കയിലെ പ്രധാനപ്പെട്ട നേതാവാണ് മംദാനി. 2024 ഒക്ടോബർ 31-ന് എക്‌സിൽ എഴുതിയ ഒരു പോസ്റ്റിൽ മംദാനി ഇങ്ങനെ പറഞ്ഞു, “എന്റെ ഭാഷയിലും വസ്തുതകളുടെ അടിസ്ഥാനത്തിലും ഞാൻ എപ്പോഴും വ്യക്തത നൽകും: ഇസ്രായേൽ ഒരു വംശഹത്യ നടത്തുകയാണ്.” അഹിംസയാണ് തന്റെ രാഷ്ട്രീയമെന്ന് തുറന്നു പറയാനും ഈ നേതാവിന് മടിയില്ല.
2024 ഡിസംബറിൽ ഒരു അഭിമുഖത്തിനിടെ, ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്ക് സന്ദർശിച്ചാൽ എന്തുചെയ്യുമെന്ന ചോദ്യം ഉയർന്നു. മറുപടി പറയാൻ മംദാനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. “നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ മേയർ എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
115 ബില്യൺ ഡോളറിന്റെ വാർഷിക ബജറ്റാണ് ന്യൂയോർക്ക് നഗരത്തിന്റേത്, മൂന്ന് ലക്ഷം മുനിസിപ്പൽ ജീവനക്കാരുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ നഗരം. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനവും ഇവിടെയാണ്. ഇസ്രയേൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജൂതസമൂഹമുള്ള സ്ഥലം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതല‍്‍ ഇന്ത്യയിലെ കോൺഗ്രസ് പാർട്ടി വരെ വിമർശിക്കുന്ന ഈ ഇടതുപക്ഷക്കാരനായ മുസ്ലീം ന്യൂയോർക്കിന്റെ മേയറായാൽ അത് വലിയൊരു ചരിത്ര സംഭവം തന്നെയായിരിക്കും. ഡെമോക്രാറ്റുകൾക്ക് വലിയ ഭൂരിപക്ഷമുള്ള ന്യുയോർക്കിൽ ഈ നേതാവ് പരാജയപ്പെട്ടാലും അത് മറ്റൊരു ചരിത്രമാകും.











