10:23pm 07 November 2026
NEWS
പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ മൂന്നാം ഊഴത്തിന് കളമൊരുങ്ങുന്നു
25/09/2025  08:21 PM IST
nila
പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ മൂന്നാം ഊഴത്തിന് കളമൊരുങ്ങുന്നു

മൂന്നാം പിണറായി സർക്കാരിനെ കുറിച്ചാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ച. ഇടത് സർക്കാരുമായി ഇടഞ്ഞുനിന്ന എൻസ്എസ് സംസ്ഥാന സർക്കാരിനോട് അടുക്കുന്നതാണ് ഇടതു പക്ഷത്തിന് ആശ്വാസമാകുന്നത്. പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നതും അതുതന്നെയാണ്. അയ്യപ്പസംഗമത്തിനുപിന്നാലെയാണ് സംസ്ഥന സർക്കാരും എൻ.എസ്.എസും തമ്മിലുള്ള അകൽച്ച ഇല്ലാതായത്. ആചാരസംരക്ഷണത്തിൽ സർക്കാരിനെ വിശ്വാസമെന്ന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിലേക്ക് നമുക്ക് പിന്നാലെ വരാം. സുകുമാരൻ നായരുടെ നിലപാടിലേക്ക് ആദ്യം നോക്കാം.

 ഒന്നും ചെയ്യാത്ത കോൺഗ്രസിനെയും ബി.ജെ.പിയെയും വിശ്വാസമില്ല എന്നാണ് സുകുമാരൻ നായർ പറയുന്നത്. 2018 ഒക്ടോബർ രണ്ടിലെ നാമജപഘോഷയാത്ര വിജയം കണ്ടാണ് ആർഎസ്എസും ബിജെപിയും ചാടിവീണതെന്നാണ് എൻഎസ്എസ് പറയുന്നത്. കേന്ദ്രത്തിൽ അധികാരം കയ്യിലുള്ള ബിജെപിയോ പ്രതിപക്ഷമായ കോൺഗ്രസോ ആചാര സംരക്ഷണത്തിന് ഒന്നും ചെയ്തില്ലെന്നും എൻഎസ്എസ് കുറ്റപ്പെടുത്തുന്നു. പന്തളം കൊട്ടാരവും പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ട് വലിഞ്ഞു. വലിയ പണം ചെലവിട്ട് എൻഎസ്എസ് മുതിർന്ന അഭിഭാഷകൻ കെ.പരാശരനെ എത്തിച്ച് കേസ് നടത്തി എന്നും എൻഎസ്എസ് പറയുന്നു. 

2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വലിയ പരാജയം ഏറ്റുവാങ്ങാൻ ഉലയൂതിയത് എൻഎസ്എസായിരുന്നു. എൻഎസ്എസ് നേതൃത്വം നൽകിയ ശബരിമല പ്രക്ഷോഭത്തിൽ ഇടത് വോട്ടുകൾ പോലും ചോർന്നു പോയി. ശബരിമല പ്രക്ഷോഭം സുവർണാവസരമായി ബിജെപി കണ്ടിരുന്നെങ്കിലും ​ഗുണം ലഭിച്ചത് കോൺ​ഗ്രസിനും യുഡിഎഫിനുമായിരുന്നു. 

അതവിടെ നിൽക്കട്ടെ,

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് സിപിഎമ്മും ഇടതു മുന്നണിയും നടത്തിയ രാഷ്ട്രീയ നീക്കങ്ങളുടെ ഫലമായിരുന്നു 2021ലെ രണ്ടാം പിണറായി സർക്കാർ. ഇന്നു കാണുന്ന മുന്നണി സംവിധാനം നിലവിൽ വന്ന ശേഷം ആദ്യമായി ഒരു മുന്നണി അധികാര തുടർച്ച നേടി. ആ ഉജ്ജ്വല വിജയം നേടുമ്പോഴും എൻഎസ്എസോ എസ്എൻഡിപിയോ ഇടതു മുന്നണിക്കൊപ്പം ഉണ്ടായിരുന്നില്ല. യുഡിഎഫിൽ നിന്നും കേരള കോൺ​ഗ്രസ് എമ്മിനെ ഇടതു പാളയത്തിലെത്തിച്ചാണ് സിപിഎം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചത്. പല ക്രിസ്ത്യൻ സഭകളുടെയും പിന്തുണയും ഉറപ്പാക്കാൻ അന്ന് സിപിഎമ്മിന് കഴിഞ്ഞിരുന്നു. 

2021ലെ രാഷ്ട്രീയ കാലാവസ്ഥയല്ല 2026ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉണ്ടാകുക എന്ന് മറ്റാരെക്കാളും നന്നായി ഇടത് നേതാക്കൾക്കറിയാം. തുടർച്ചയായി പത്തുവർഷം ഭരണത്തിലിരുന്നതിന്റെ സകല നെ​ഗറ്റീവികളും വർക്കൗട്ടാകുന്ന തെരഞ്ഞെടുപ്പാണ്. പക്ഷേ, സിപിഎമ്മിനും ഇടതുപക്ഷത്തിനും ഇന്ത്യാ മഹാരാജ്യത്തിൽ കേരളത്തിലെ ഭരണം നിർണായകമാണ്. രാജ്യത്ത് ഇടതു പക്ഷം ഭരണത്തിലുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഭരണം നിലനിർത്തിയേ പറ്റൂ. പാർട്ടി സെക്രട്ടറിയായും മുഖ്യമന്ത്രിയായും കഴിവു തെളിയിച്ച പിണറായി വിജയൻ എന്ന ക്രൈസിസ് മാനേജർ കളത്തിലിറങ്ങി കളിച്ചതോടെ മൂന്നാം ഇടതു സർക്കാരും ഉറപ്പായി എന്ന ആത്മവിശ്വാസത്തിലാണ് ഇടത് കേന്ദ്രങ്ങൾ.

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന പിണറായി വിജയൻ തന്ത്രമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. എൻഎസ്എസിനെ സംബന്ധിച്ച് ശബരിമല വൈകാരിക വിഷയമാണെന്ന് പിണറായി വിജയൻ തിരിച്ചറിഞ്ഞു. മന്ത്രിസഭയിലെ എൻഎസ്എസ് ഡയറക്ടർ ബോർഡം​ഗം കെ ബി ​ഗണേഷ് കുമാർ എകെജി സെന്ററിനും പെരുന്നയ്ക്കുമിടയിലെ പാലമായി മാറി. എൻഎസ്എസിന് വലിയ ഡിമാൻഡുകളൊന്നുമില്ല. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് പൂപറിക്കുന്ന ലാഘവത്തോടെ ചെയ്യാൻ കഴിയുന്ന ആവശ്യങ്ങൾ മാത്രം. അങ്ങനെ ശബരിമലയുടെ പേരിൽ ഇനിയൊരു തർക്കമില്ലെന്ന് പിണറായി വിജയൻ നിലപാടെടുത്തു. ആ​ഗോള അയ്യപ്പ സം​ഗമം എന്ന ആശയം ഇടത് കേന്ദ്രങ്ങളിൽ നിന്നു തന്നെ ഉയർന്നു വന്നു.

ആ​ഗോള അയ്യപ്പ സം​ഗമം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടത്തുന്നു എന്ന വാർത്ത പുറത്തു വന്നപ്പോൾ തന്നെ ബിജെപിക്കും കോൺ​ഗ്രസിനും അപകടം മണത്തു. ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും ഹിന്ദു വിരുദ്ധരാണെന്നും വിശ്വാസങ്ങളെ തകർക്കുന്നവരാണ് എന്നുമായിരുന്നു ബിജെപിയുടെ പ്രചാരണം. ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് ഹിന്ദുക്കളെ നശിപ്പിക്കുകയാണെന്നും പ്രചാരണമുണ്ടായി. ഇത്തരം പ്രചരണങ്ങളാണ് ഇടതുപക്ഷത്തിന്റെ വോട്ടുബാങ്കായ ഹിന്ദുക്കളെ അടർത്തിയെടുക്കാൻ ബിജെപി ഉപയോ​ഗിച്ചതും. അത് വലിയ പരാജയമല്ലാതെ മുന്നോട്ട് പോകുന്നതിനിടെയാണ് സാക്ഷാൽ പിണറായി വിജയൻ തന്നെ ആ​ഗോള അയ്യപ്പ സം​ഗമത്തിനെത്തിയത്. സം​ഗമം മുടക്കാൻ ചില ശ്രമങ്ങൾ നടന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. പിന്നെ സം​ഗമം പൊളിഞ്ഞെന്ന പ്രചാരണം. ഈ പ്രചാരണം അത്യാവശ്യം നല്ലരീതിയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് കോൺ​ഗ്രസിന്റെയും ബിജെപിയുടെയും സകല പ്രതീക്ഷകളെയും തകർത്ത് സുകുമാരൻ നായർ നിലപാട് പ്രഖ്യാപിച്ചത്. ഇടതു മുന്നണിയിലാണ് പ്രതീക്ഷയെന്ന് എൻഎസ്എസ് വ്യക്തമാക്കി കഴിഞ്ഞു. ആ​ഗോള അയ്യപ്പ സം​ഗമത്തിന് മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വാഹനത്തിൽ തന്നെ എത്തിയതോടെ വെള്ളാപ്പള്ളിയും ഫ്ലാറ്റ്! കേരളത്തിലെ ഹിന്ദു വിഭാ​ഗത്തിലെ രണ്ട് പ്രബല ജാതികൾ അങ്ങനെ പിണറായി വിജയന് ഇടവും വലവും നിലയുറപ്പിച്ചിരിക്കുകയാണ്. 

എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും പിന്തുണയുടെ ആഹ്ലാദത്തിലാണ് സർക്കാരും ദേവസ്വം ബോർഡും. പമ്പയിൽ ആളുകുറഞ്ഞെന്ന വിമർശനം അംഗീകരിക്കുന്നു എന്നും പന്തളത്തെ പന്തൽ പമ്പയിലേക്കാൾ ചെറുതായിരുന്നു എന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് പറഞ്ഞു. വാവരെ പുറത്താക്കി വാപുരനെ കൊണ്ടുവരാനുള്ള ആർഎസ്എസ് നീക്കം ചെറുക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. വാവർ തീവ്രവാദിയെന്നാണ് പന്തളം സംഗമത്തിൽ പ്രസംഗിച്ച ശതാനന്ദ മഹർഷി പറഞ്ഞത്. ഇതോടെ ആ​ഗോള അയ്യപ്പ സം​ഗമത്തിന് ബദലായി സംഘപരിവാർ ആശിർവാദത്തോടെ നടന്ന പന്തളം സം​ഗമം സംഘപരിവാറിന് തന്നെ വിനയായ അവസ്ഥയിലായി.

ആചാരസംരക്ഷണത്തിൽ എസ്.എൻ.ഡി.പിയും എൻ.എസ്.എസും സർക്കാരിനെ ശരിവച്ചതോടെ കോൺഗ്രസും ബി.ജെ.പിയും ഏതാണ്ട് വെട്ടിലായ അവസ്ഥയിലാണ്. യുവതീപ്രവേശത്തിൽ ഉൾപ്പെടെ എൽ.ഡി.എഫ് സർക്കാരിൻറെ നിലപാട് മാറ്റത്തിൽ ആത്മാർഥതയുണ്ടെന്നാണ് സാമുദായിക നേതാക്കളുടെ പ്രതികരണം. 

ഒഴിഞ്ഞ കസേരയുടെ ദൃശ്യങ്ങൾ പ്രചരിക്കുകയും പമ്പയിലെ അയ്യപ്പസംഗമത്തിന് ആള് കുറവെന്ന പ്രചരണവും വ്യാപകമായതോടെ ആദ്യഘട്ടത്തിൽ കടുത്ത പ്രതിസന്ധിയിലായത് എൽ.ഡി.എഫ് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡുമായിരുന്നു. വിമർശനങ്ങൾ ഒന്നിന് പുറകെ ഒന്നായി തുടരുമ്പോഴാണ് ആശ്വാസ വഴിയൊരുക്കി എൻ.എസ്.എസും, എസ്.എൻ.ഡി.പിയും സർക്കാരിനെ പിന്തുണച്ച് രം​ഗത്തെത്തിയത്. കോൺഗ്രസും, ബി.ജെ.പിയും ഒരുപോലെ പ്രതിസന്ധിയിലാവുന്ന സാഹചര്യം നേതാക്കൾ എങ്ങനെ മറികടക്കുമെന്നതിലാണ് ആകാംഷ. പമ്പയിലെ അയ്യപ്പ സംഗമം എൽ.ഡി.എഫിന് മേൽക്കൈ നൽകിയെന്നതിൻറെ വ്യത്യസ്ത അഭിപ്രായങ്ങൾ തുടരുകയാണ്. 

ഏതെങ്കിലും വിഭാഗത്തിനൊപ്പമല്ല സകലരെയും ചേർത്തുപിടിക്കുന്നതാണ് യു.ഡി.എഫ് ശൈലിയെന്നാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാൽ, സംസ്ഥാന സർക്കാരിനെ സംരക്ഷിക്കാൻ അരയുംതലയും മുറുക്കി സാക്ഷാൽ വെള്ളാപ്പള്ളി നടേശൻ രം​ഗത്തുണ്ട്. എൻഎസ്എസിന് കാര്യം മനസിലായെന്നാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നത്. 

എൻഎസ്എസിന്റെ നിലപാട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ  എൽഡിഎഫിനു ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. ശബരിമല  യുവതീപ്രവേശന വിഷയത്തിലെ എൻഎസ്എസ് നിലപാടിനോട് എസ്എൻഡിപിക്കും യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എൻഎസ്എസിന്റേത് വിഷയാധിഷ്ഠിത നിലപാടാണ്. സുകുമാരൻ നായർ പറഞ്ഞതാണ് ശരി. എൻഎസ്എസ് ഇനി സർക്കാരിനെ എതിർക്കേണ്ടതില്ല. എൻഎസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേര് നേരെ പറയണമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ശരി ആരു പറഞ്ഞാലും അംഗീകരിക്കും. ആരു പറഞ്ഞു എന്നല്ല, എന്തു പറഞ്ഞു എന്നാണു നോക്കേണ്ടത്. എല്ലാ കാര്യത്തിലും സർക്കാരിനെ വിശ്വസിക്കണമെന്നില്ല. എന്നാൽ ശബരിമല വിഷയത്തിൽ സർക്കാരിനെ വിശ്വാസമാണ്. പഴയ ആചാരം അനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്നത് ജനവികാരം കണക്കിലെടുത്താണ്. എൻഎസ്എസ് സർക്കാരിനെ നിരന്തരം എതിർത്തതായി  അറിയില്ല. എൻഎസ്എസ് നേതൃത്വം വിഷയാധിഷ്ഠിതമായാണ് സർക്കാരിനെ എതിർത്തത്.

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ എൻഎസ്എസ് സർക്കാരിനെ എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ ഭക്തർക്കൊപ്പമാണെന്നു സർക്കാർ ബോധ്യപ്പെടുത്തിയപ്പോൾ എൻഎസ്എസ് നിലപാട് മാറ്റി. കോൺഗ്രസിനു നിലപാടില്ല എന്നത് സത്യമാണെന്നും വെള്ളാപ്പള്ളി പറയുന്നു. എവിടെയെങ്കിലും എതിർക്കണം, അല്ലെങ്കിൽ അനുകൂലിക്കണമെന്നും വെള്ളാപ്പള്ളി പറയുന്നു.

വിശ്വാസികളോട് എതിർപ്പില്ലെന്ന് സാക്ഷാൽ പിണറായി വിജയൻ തന്നെ വ്യക്തമാക്കിയതോടെ കോൺ​ഗ്രസുകാർക്കാണ് പ്രയാസം. മുഖ്യമന്ത്രി കസേര സംബന്ധിച്ച് മാത്രമാണ് കോൺ​ഗ്രസിൽ കഴിഞ്ഞ കുറേ കാലമായി തർക്കം. ഭരണം കിട്ടുമെന്ന് ഉറപ്പിച്ച മട്ടായിരുന്നു. എന്നാൽ, പിണറായി വിജയൻ ഇങ്ങനെയൊരു പൂഴിക്കടകൻ എടുക്കുമെന്ന് സ്വപ്നത്തിൽ പോലും കോൺ​ഗ്രസുകാർ വിചാരിച്ചിരുന്നില്ല. സാക്ഷാൽ സുകുമാരൻ നായരെ പോലും മയക്കിയ പിണറായി വിജയന്റെ ചെപ്പടി വിദ്യ കണ്ട അമ്പരപ്പിലാണ് കോൺ​ഗ്രസ് നേതാക്കൾ. അതേസമയം, സഖാക്കൾ മൂന്നാം ഇടതു സർക്കാരിനെ സ്വപ്നം കണ്ടു തുടങ്ങി. പക്ഷേ, രാഷ്ട്രീയത്തിൽ എന്നും അപ്രതീക്ഷിത വഴിത്തിരുവുകളുണ്ടാകാമെന്ന് ഇരു കൂട്ടർക്കും നല്ല ബോധ്യമുണ്ട്. ഇനി ആ ബോധ്യത്തിൽ നിന്നുള്ള കരുനീക്കങ്ങളാണ് നാം കാണാൻ പോകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img