01:28pm 14 September 2026
NEWS
കോൺഗ്രസിൽ ചേരിപ്പോരിന് കളമൊരുങ്ങുന്നു
07/02/2025  08:35 PM IST
പി. ജയചന്ദ്രൻ
കോൺഗ്രസിൽ ചേരിപ്പോരിന് കളമൊരുങ്ങുന്നു

16-ാമത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ പതിനഞ്ച് ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ അതിനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. മുഖ്യമായും യു.ഡി.എഫിലാണ് കാര്യങ്ങൾ തകൃതിയായി മുന്നേറുന്നത്. കാരണം, യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം, വരാൻ പോകുന്ന തെരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങി പ്രതിപക്ഷത്തിരിക്കേണ്ടി വന്ന പാർട്ടിക്ക് ഇനിയൊരു പരാജയംകൂടി ഏറ്റുവാങ്ങാനുള്ള ശക്തിയില്ല എന്നതൊരു വസ്തുതയാണ്. എന്നുമാത്രമല്ല ഇനിയുമൊരു തെരഞ്ഞെടുപ്പ് പരാജയം സംഭവിച്ചാൽ യു.ഡി.എഫ് ഛിന്നഭിന്നമാവുകയും ചെയ്യും. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗ് പോലും ചിലപ്പോൾ സലാം പറഞ്ഞ് പിരിഞ്ഞുകൂടെന്നില്ല. മറ്റ് കൊച്ചുകക്ഷികളും, സ്വാഭാവികമായും ആ വഴിക്ക് ചിന്തിച്ചുകൂടെന്നില്ല. അതാണ് നിലവിലെ സ്ഥിതി. അങ്ങനൊരു സാഹചര്യം നിലവിലുള്ളതിനാലാണ് എന്തുവില കൊടുത്തും ഭരണം പിടിക്കുവാൻ കോൺഗ്രസ് തത്രപ്പെടുന്നത്. അതിനുള്ള പ്രധാന പോംവഴിയായി കോൺഗ്രസ് കാണുന്നത് മുന്നണി വിപുലീകരണമാണ്. ചില പ്രത്യേക മേഖലകളിൽ സ്വാധീനമുള്ള, നിലവിൽ എൽ.ഡി.എഫിൽ ഘടകകക്ഷികളായിട്ടുള്ള ചില പാർട്ടികളെ ഏത് വിധേനയും എൽ.ഡി.എഫ് കൂടാരത്തിൽ നിന്നിറക്കി യു.ഡി.എഫ് കൂടാരത്തിലെത്തിക്കുവാൻ കഴിഞ്ഞാൽ 2026 ൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രിക്ക് ഭരിക്കുവാനുള്ള അവസരം കൈവരിക തന്നെ ചെയ്യുമെന്നാണ് പാർട്ടിയുടെ പൊതുവേയുള്ള വിലയിരുത്തൽ. അതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സാധാരണനിലയിൽ അങ്ങനൊരു ശ്രമം നടത്തുന്നത് പ്രധാനമായും മറുപക്ഷത്തെ ഏതെങ്കിലുമൊരു പാർട്ടിയെ ലക്ഷ്യം വച്ചായിരിക്കുമെങ്കിൽ ഇവിടെ അതിൽ നിന്ന് വ്യത്യസ്തമായി എൽ.ഡി.എഫിലെ ഒന്നിലധികം കക്ഷികൾക്കും എൻ.ഡി.എയിലെ ഒരു കക്ഷിക്കും വേണ്ടിയാണ് വല വീശിയിട്ടുള്ളത്.

ആദ്യ ഉന്നം

മാണി കോൺഗ്രസ്

അഃിൽ പ്രധാനം ജോസ് കെ. മാണി ചെയർമാനായിട്ടുള്ള മാണി കോൺഗ്രസ് തന്നെയാണ്. കേരളാകോൺഗ്രസിനെ എൽ.ഡി.എഫ് കൂടാരത്തിൽ നിന്ന് പുറത്ത് ചാടിച്ച് യു.ഡി.എഫ് കൂടാരത്തിലെത്തിക്കുവാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലീഗ് ഉൾപ്പെടെ നടത്തുന്നതെങ്കിലും അതിന് സഹായകമായ ശക്തമായ പിൻതുണ സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നുമാണ്. പല കാര്യങ്ങളിലും എൽ.ഡി.എഫുമായി അകന്നുകഴിയുന്ന സഭയെ സംബന്ധിച്ചിടത്തോളം ഇനിയും ഒരു എൽ.ഡി.എഫ് സർക്കാർ എന്നുള്ളത് ചിന്തിക്കുവാൻ കഴിയുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ എൽ.ഡി.എഫുമൊത്തുള്ള സഹശയനം അവസാനിപ്പിക്കുവാനുള്ള ശാസനം ജോസ് കെ. മാണിക്ക് സഭാനേതൃത്വം നൽകിക്കഴിഞ്ഞതായാണ് അറിയുന്നത്. അത് കേട്ടില്ല എന്ന് നടിക്കുവാൻ ജോസ് കെ. മാണിക്ക് കഴിയില്ല. കാരണം ഒരു  രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കേരളാകോൺഗ്രസിന്റെ നിലനിൽപ്പുതന്നെ സഭയിലധിഷ്ഠിതമാണ്. അല്ലെങ്കിൽതന്നെ പാർട്ടിയുടെ ആസ്ഥാനമായ കോട്ടയവും, അഞ്ച് പതിറ്റാണ്ടോളം കാലം സാക്ഷാൽ കെ.എം. മാണി നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന പാലയും ജോസ് കെ. മാണിയെ കൈവിട്ട സാഹചര്യത്തിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സഭകൂടി ഒപ്പമില്ലെങ്കിൽ മറ്റ് പല മണ്ഡലങ്ങളിലും പാർട്ടി പച്ചതൊടില്ലെന്ന് മറ്റാരെക്കാളും നന്നായി ജോസ് കെ. മാണിക്കറിയാം. മാത്രവുമല്ല, ഒരു സംസ്ഥാന മന്ത്രിയാവുക എന്നുള്ളത് ജോസ് കെ. മാണിയുടെ ഏറ്റവും വലിയ സ്വപ്നവുമാണ്. കെ.എം. മാണിയുടെ കാലത്ത് എത്രയോ പ്രാവശ്യം കൊടിവച്ച സ്റ്റേറ്റ് കാർ വന്നുനിന്നിട്ടുള്ള കരിങ്ങോഴയ്ക്കൽ തറവാട്ട് മുറ്റത്തേക്ക് അദ്ദേഹം അന്തരിച്ചശേഷം പിന്നെയൊരു സ്റ്റേറ്റ് കാറും ഗേറ്റ് കടന്നുവന്നിട്ടില്ല. സ്വന്തം പാർട്ടിയുടെ മന്ത്രിയായ റോഷി അഗസ്റ്റിൻ പോലും വന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വിരളവുമാണെന്ന് ജോസ് കെ. മാണി തിരിച്ചറിയുന്നുമുണ്ട്.

അതൊക്കെക്കൊണ്ടുതന്നെ ഒരു മുന്നണി മാറ്റം ജോസിന്റെ മനസ്സിലുണ്ടെങ്കിലും നേടാനുള്ളത് വിലപേശി ഉറപ്പിച്ചിട്ടാകാം ചുവടുമാറ്റം എന്നതാണ് തന്ത്രം. അതിൽ പ്രധാനം പാലാ മണ്ഡലം തിരികെ കിട്ടുകയാണെങ്കിലും മാണി സി. കാപ്പൻ വിട്ടുനൽകില്ല എന്നുറപ്പുള്ളതുകൊണ്ട് വിജയസാധ്യത ഉറപ്പുള്ള ഒരു മണ്ഡലം എന്നതാണ് ജോസിന്റെ നോട്ടം. അതിൽ കാര്യങ്ങൾ ഏതാണ്ട് സമവായത്തിലേക്ക് നീങ്ങുകയാണ്. മുസ്ലീം ലീഗിന്റെ കൈവശമുള്ള തിരുവമ്പാടിയാണ് ജോസ് കെ. മാണിയുടെ മനസ്സിലുള്ളത്. അതിനോട് ലീഗും ഏതാണ്ട് അനുകൂല നിലപാട് കൈക്കൊണ്ടതോടെ കാര്യങ്ങൾ ഇനി എളുപ്പമായി എന്നതാണവസ്ഥ.

എന്നാൽ ഒരു മുന്നണി മാറ്റത്തോട് റോഷി അഗസ്റ്റിനുൾപ്പെടെയുള്ള ഒരു ന്യൂനപക്ഷം തയ്യാറല്ല എന്നുള്ളതാണ് ജോസ് കെ.മാണിയെ അലട്ടുന്ന പ്രശ്‌നം. അതിന് അവർ പറയുന്ന ന്യായം വീണ്ടുമൊരു ചാട്ടം ചാടുന്നത് മൂലം പാർട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും എന്നാണ്. അതുകൊണ്ട് എന്തുവന്നാലും എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകുവാൻ തങ്ങൾ തയ്യാറല്ല എന്നാണ് റോഷി അഗസ്റ്റിനും കൂട്ടരും ജോസ് കെ. മാണിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ മുൻ കോട്ടയം എം.പി. തോമസ് ചാഴിക്കാടൻ, ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിൾ തുടങ്ങിയുള്ളവർ മുന്നണിമാറ്റം അനിവാര്യമാണെന്നുള്ള നിലപാടിലാണ്.

ആ ഒരു സാഹചര്യത്തിൽ മുന്നണി മാറ്റത്തിന് തയ്യാറായാൽ പാർട്ടി ഒരു പിളർപ്പിലേക്ക് പോകും എന്നുള്ള വസ്തുത തിരിച്ചറിയുന്ന ജോസ് കെ. മാണി വല്ലാത്തൊരു പ്രതിസന്ധിയിലാണ്. എങ്കിലും മറ്റൊരു പോംവഴിയും ഇല്ലെന്നുള്ള തിരിച്ചറിവ്, ഒരു പിളർപ്പ് ഏറ്റുവാങ്ങിക്കൊണ്ടായാലും മുന്നണി മാറുക എന്നുള്ള തീരുമാനത്തിലേക്കാണ് ജോസ് കെ. മാണിയെ നയിക്കുന്നത് എന്നാണറിയുന്നത്.

കോൺഗ്രസിന്റെ നോട്ടം മധ്യതിരുവിതാംകൂറിൽ

പിളർന്നിട്ടാണെങ്കിൽക്കൂടി ജോസ് കെ.മാണി ചെയർമാനായിട്ടുള്ള കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടാനായാൽ മധ്യതിരുവിതാംകൂറിൽ നില മെച്ചപ്പെടുത്താനാകുമെന്നാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും കണക്കുകൂട്ടൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂർ യു.ഡി.എഫിനെ കൈവിടുകയായിരുന്നല്ലോ.

അത് മനസ്സിൽ വച്ചുകൊണ്ട് മുസ്ലീം ലീഗിനെ രംഗത്തിറക്കി കോൺഗ്രസ് കരുനീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ലീഗാകട്ടെ, തിരുവമ്പാടി വിട്ടുകൊടുത്തുകൊണ്ടായാലും കേരളാകോൺഗ്രസിനെ മുന്നണിയുമായി അടുപ്പിക്കുവാൻ ആത്മാർത്ഥമായി തന്നെയാണ് രംഗത്തുള്ളത്. അതിന് രണ്ടുണ്ട് കാരണം. ഒന്ന് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ഭരണത്തിലില്ലാതെ പ്രതിപക്ഷത്തിരിക്കുന്ന മുസ്ലീംലീഗും രാഷ്ട്രീയമായി ഏറെ ബുദ്ധിമുട്ടുകയാണ്. ഇനിയൊരു തെരഞ്ഞെടുപ്പിൽക്കൂടി പ്രതിപക്ഷത്തിരിക്കേണ്ടി വന്നാൽ അത് ലീഗിന്റെ അടിത്തറയിൽ വിള്ളൽ വീഴ്ത്തുമെന്ന് ലീഗ് നേതൃത്വം നല്ലതുപോലെ മനസ്സിലാക്കുന്നുണ്ട്.

അതേസമയം തങ്ങൾ ഒരു വാക്ക് മൂളിയാൽ ആ നിമിഷം എൽ.ഡി.എഫിന്റെ വാതിലുകൾ മലർക്കെ തുറക്കുമെന്നും, അതോടെ രാജ്യം കണ്ട ഏറ്റവും വലിയ ന്യൂനപക്ഷ ജനാധിപത്യ പാർട്ടി എന്ന ലേബൽ പതിച്ചുകിട്ടുമെന്നും ലീഗ് നേതൃത്വത്തിനറിയാം. എന്നുമാത്രമല്ല, അങ്ങനൊരു മുന്നണി മാറ്റം ഉണ്ടായാൽ മൂന്നാമത് പ്രാവശ്യവും എൽ.ഡി.എഫ് ഭരണം പിടിച്ചിരിക്കുമെന്നുള്ള കാര്യം ഉറപ്പുമാണ്. പക്ഷേ യു.ഡി.എഫിലെപ്പോലെ സമ്മർദ്ദ രാഷ്ട്രീയം കളിക്കാനോ, അഞ്ചാം മന്ത്രിയേയോ ആറാം മന്ത്രിയേയോ ഒക്കെ തരപ്പെടുത്തി എടുക്കുവാനോ ഒന്നും എൽ.ഡി.എഫിൽ പറ്റില്ല എന്ന് ലീഗ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. അങ്ങനൊരു തിരിച്ചറിവുള്ളതിനാൽ യു.ഡി.എഫിന്റെ അടിത്തറ വികസിപ്പിച്ചും ശക്തിപ്പെടുത്തിയും മുന്നോട്ടുപോകേണ്ടത് നിലനിൽപ്പിന് അനിവാര്യവുമാണെന്ന് കണ്ടിട്ടാണ് 'കുങ്കി'യാനയാകാൻ തയ്യാറാകുന്നത്. അതിന്റടിസ്ഥാനത്തിലാണ് തിരുവമ്പാടി സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ലീഗ് തയ്യാറാകുന്നത്.

നിലവിൽ എൽ.ഡി.എഫിലെ ലിന്റോ ജോസഫാണ് സിറ്റിംഗ് എം.എൽ.എ എങ്കിലും ലീഗിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് തിരുവമ്പാടി. 1977 ൽ രൂപീകൃതമായ തിരുവമ്പാടിയിൽ 77 ലും 82 ലും 87 ലും കോൺഗ്രസാണ് വിജയിച്ചിരുന്നത്. പിന്നീട് 91 ലാണ് മണ്ഡലം ലീഗിന്റെ കൈകളിലെത്തുന്നത്. തുടർന്ന് 91 ലും 96 ലും 2001 ലും ലീഗ് നിലനിർത്തിയ തിരുവമ്പാടി 2006 ൽ സി.പി.എം പിടിച്ചെങ്കിലും 2011 ൽ വീണ്ടും ലീഗിന്റെ കൈകളിലായി. എന്നാൽ 2016 ലും 2021 ലും സി.പി.എമ്മിനായിരുന്നു വിജയം. 2016 ൽ ലീഗിലെ വി.എം. ഉമ്മറിനെ 3008 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ ജോർജ്ജ് എം. തോമസ് പരാജയപ്പെടുത്തിയത്. 2021 ൽ ലീഗിലെ തന്നെ ചെറിയ മുഹമ്മദിനെ ലിന്റോ ജോസഫ് തോൽപ്പിച്ചത് 4643 വോട്ടുകൾക്കും. അവിടേക്ക് ജോസ് കെ. മാണിയെപ്പോലൊരു സ്ഥാനാർത്ഥി വന്നാൽ വിജയം ഉറപ്പാണെന്നാണ് ലീഗ് പറയുന്നത്.

അതായത് മണ്ഡലം രൂപീകൃതമായ ശേഷം നടന്ന പതിനൊന്ന് തെരഞ്ഞെടുപ്പുകളിൽ മൂന്നുപ്രാവശ്യം മാത്രമേ ഇവിടെ നിന്ന് എൽ.ഡി.എഫ് വിജയിച്ചിട്ടുള്ളൂ. എട്ട് പ്രാവശ്യവും കോൺഗ്രസോ മുസ്ലീം ലീഗോ ആണ് വിജയിച്ചത്.

മാറാനൊരുങ്ങി ആർ.ജെ.ഡിയും

മുന്നണി മാറാനൊരുങ്ങി നിൽക്കുന്ന മറ്റൊരു പാർട്ടി ആർ.ജെ.ഡിയാണ്. യു.ഡി.എഫിൽ നിന്നും 2018 ലാണ് ഏറെ പ്രതീക്ഷകളോടെ ആർ.ജെ.ഡി എൽ.ഡി.എഫിലേക്കെത്തുന്നത്. അതിനുശേഷം തങ്ങൾക്ക് അവഗണന മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നാണ് എം.വി. ശ്രേയാംസ്‌കുമാർ തന്നെ പറയുന്നത്.

വീരേന്ദ്രകുമാറിന് യു.ഡി.എഫ് നൽകിയ രാജ്യസഭാസീറ്റ് തുടർന്ന് ശ്രേയാംസ്‌കുമാറിന് നൽകിയെങ്കിലും കാലാവധി പൂർത്തിയായ ശേഷം പിന്നീട് വീണ്ടും നൽകാൻ എൽ.ഡി.എഫ് തയ്യാറായിട്ടില്ല. അതുപോലെതന്നെ യു.ഡി.എഫ് ഏഴ് നിയമസഭാ സീറ്റുകളിൽ മത്സരിക്കാൻ അവസരം നൽകിയപ്പോൾ എൽ.ഡി.എഫ് നൽകിയതാകട്ടെ മൂന്ന് സീറ്റുകൾ മാത്രവും. അതൊക്കെയും സഹിച്ച ആർ.ജെ.ഡി പക്ഷേ, മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ മുന്നണി നേതൃത്വം തങ്ങളോട് കാട്ടിയ അവഗണന സഹിക്കുവാൻ തയ്യാറല്ല. മുന്നണിയിലെ ഏകാംഗ കക്ഷികൾക്കൊക്കെയും മന്ത്രിസ്ഥാനം പകുത്ത് നൽകിയപ്പോൾ(രണ്ടരവർഷക്കണക്കിൽ) തങ്ങളെ                 ഒഴിവാക്കിയതിലാണ് ആർ.ജെ.ഡിക്ക് കടുത്ത അമർഷമുള്ളത്.

തങ്ങളെപ്പോലെ തന്നെ മുന്നണിയിലെ ഏകാംഗ പാർട്ടികളായ ആന്റണിരാജുവിന്റെ ജനാധിപത്യ കേരളാകോൺഗ്രസ്, കെ.ബി. ഗണേഷ് കുമാറിന്റെ കേരളാകോൺഗ്രസ്-ബി, ഐ.എൻ.എൽ, കോൺഗ്രസ്- എസ് എന്നീ കക്ഷികൾക്ക് മന്ത്രിസ്ഥാനം പകുതി ടേം വീതം പകുത്തുനൽകിയപ്പോൾ തങ്ങളെ ഒഴിവാക്കിയതിലും ആർ.ജെ.ഡിക്ക് അമർഷമുണ്ട്. ആ അമർഷം മുഖ്യമന്ത്രിയേയും മുന്നണി കൺവീനറേയും നേരിട്ടുകണ്ട് അറിയിച്ചെങ്കിലും ഒരാശ്വാസവാക്കുപോലും പറയുവാൻ അവർ രണ്ടുപേരും തയ്യാറായില്ല എന്നാണ് അത് സംബന്ധിച്ച് എം.വി. ശ്രേയാംസ്‌കുമാർ പിന്നീട് പറഞ്ഞത്. എൽ.ഡി.എഫിലേക്ക് ക്ഷണിക്കാതെ വലിഞ്ഞുകയറി ചെന്നവരല്ല തങ്ങളെന്നും, ക്ഷണിച്ചിട്ടുതന്നെ ചെന്നവരാണെന്നുകൂടി ശ്രേയാംസ്‌കുമാർ പറഞ്ഞു.

ആ ഒരു സാഹചര്യത്തിൽ ഇനിയും എൽ.ഡി.എഫിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന് കണക്ക് കൂട്ടുന്ന ആർ.ജെ.ഡിയും ഒരു കാൽ യു.ഡി.എഫിലേക്ക് നീട്ടിക്കഴിഞ്ഞു. മുന്നണി മാറ്റ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു എന്നുസാരം.

ബി.ഡി.ജെ.എസിന്

എൻ.ഡി.എ മടുത്തു(?)

യു.ഡി.എഫുമായി അടുക്കാനിടയുള്ള മറ്റൊരു പാർട്ടി ബി.ഡി.ജെ.എസ് ആണ്. പത്തുവർഷം മുൻപ് 2015 ഡിസംബർ 9 ന് വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെ പിറവികൊണ്ട ഭാരതീയ ധർമ്മജന സേന, ഈഴവരാദി പിന്നോക്ക സമുദായങ്ങളുടെ രാഷ്ട്രീയവേദി എന്ന നിലയിലാണ് രൂപം കൊണ്ടതെങ്കിലും പാർട്ടിയുടെ അടിത്തറ ഈഴവർ തന്നെയാണ്. തുടക്കകാലം മുതൽ എൻ.ഡി.എയുമായി സഖ്യം ചേർന്നുള്ള പ്രവർത്തനമായിരുന്നു ബി.ഡി.ജെ.എസിന്റേതെങ്കിലും മൂന്നാമത് പ്രാവശ്യം രാജ്യഭരണത്തിലെത്തിയ എൻ.ഡി.എയിൽ നിന്ന് യാതൊരുവിധ നേട്ടവും ബി.ഡി.ജെ.എസിന് ലഭിച്ചില്ല. ഒരിക്കൽ സുഭാഷ് വാസുവിന് സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം നൽകിയതും, തുഷാർ വെള്ളാപ്പള്ളിയെ എൻ.ഡി.എയുടെ സംസ്ഥാന കൺവീനറാക്കിയതും മാത്രം മിച്ചം. അതിനപ്പുറം പാർട്ടി നേരിട്ട് ആവശ്യപ്പെട്ടിട്ടും ബി.ജെ.പിയുടെ കേരളത്തിലെ ഏറ്റവും വലിയ ഈ സഖ്യകക്ഷിക്ക് ഒരു രാജ്യസഭാ സീറ്റ് നൽകാൻ പോയിട്ട് അതിനായി തുഷാറിനെ പരിഗണിക്കാൻ പോലും ബി.ജെ.പി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

ഈയൊരു പശ്ചാത്തലത്തിലാണ് ബി.ഡി.ജെ.എസും പുനരാലോചന നടത്തുന്നത്. കേന്ദ്രത്തിൽ ഒരിക്കലും അർഹമായ പ്രാതിനിധ്യം ബി.ജെ.പിയിൽ നിന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല എന്ന കണക്കുകൂട്ടുന്ന ബി.ഡി.ജെ.എസ്, ബി.ജെ.പി സഖ്യത്തിൽ തുടരുന്നിടത്തോളം കേരളത്തിൽ ഒരു എം.എൽ.എയെപ്പോലും വിജയിപ്പിച്ചെടുക്കുവാൻ കഴിയില്ലെന്നുകൂടി കണ്ടിട്ടാണ് കളം മാറി കളിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ യു.ഡി.എഫുമായി സഖ്യം ചെയ്താൽ മുന്നണിയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും, രണ്ടോ മൂന്നോ എം.എൽ.എമാരെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ ഉറപ്പായും ഒരു മന്ത്രിസ്ഥാനം പിടിച്ചുവാങ്ങാമെന്നും ബി.ഡി.ജെ.എസ് വിശ്വസിക്കുന്നു.

അതൊക്കെ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് സമീപകാലത്തായി വെള്ളാപ്പള്ളി നടേശൻ ചില പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവിൽ ഓർക്കാപ്പുറത്തുണ്ടായ ഒരു അറസ്റ്റ് വഴി വീരപരിവേഷം ലഭിച്ചതോടെ പി.വി. അൻവറും യു.ഡി.എഫ് ക്യാമ്പിലേക്ക് വരും എന്നുള്ള കാര്യം ഉറപ്പായി. അൻവറിന്റെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളും കുഞ്ഞാലിക്കുട്ടിയുമൊക്കെ രംഗത്തുവന്നത് അതാണ് സൂചിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ 2026 ൽ ഭരണം തിരിച്ചുപിടിക്കാനുള്ള ഗ്രൗണ്ട് വർക്കുകൾക്ക് യു.ഡി.എഫ് തുടക്കം കുറിച്ചുകഴിഞ്ഞു. ഒപ്പം ആഭ്യന്തര കലഹത്തിനും തുടക്കമായി.

സതീശൻ ്‌ െചെന്നിത്തല

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുകയും, മന്ത്രിസഭ ഉണ്ടാക്കുവാനുള്ള അവസരം കൈവരികയും ചെയ്താൽ ആര് മുഖ്യമന്ത്രിയാകും എന്നതാണ് കോൺഗ്രസിൽ രൂപം കൊള്ളുന്ന പുതിയ കലാപത്തിന്റെ കാരണം. 2021 ൽ പ്രതിപക്ഷ നേതാവായതു മുതൽ കന്റോൺമെന്റ് ഹൗസിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് താമസം മാറുന്നത് സ്വപ്നം കണ്ട് നടക്കുന്ന വി.ഡി. സതീശനും, മുഖ്യമന്ത്രിക്കസേര ജീവിതാഭിലാഷമായി കാണുന്ന രമേശ് ചെന്നിത്തലയും തമ്മിൽ നേർക്കുനേർ തുടങ്ങിയിട്ടില്ലെങ്കിലും ഇരുവർക്കും വേണ്ടിയുള്ള ചരടുവലികൾ തകൃതിയായി നടക്കുകയാണ്. അതിൽ ആദ്യറൗണ്ട് വിജയം ചെന്നിത്തലയ്ക്കാണ് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ പല പ്രമുഖ ജാതി-മത സമുദായ സംഘടനകളെക്കൊണ്ടും, കൂട്ടത്തിൽ കൊള്ളാവുന്നവർ എന്നുപറയിക്കുവാൻ കഴിഞ്ഞതാണ് ചെന്നിത്തലയുടെ ആദ്യറൗണ്ട് വിജയം.

പ്രധാനം എൻ.എസ്.എസിന്റെ നിലപാട് തന്നെയാണ്. രാഷ്ട്രീയരംഗം നിയന്ത്രിക്കുന്നത് ജാതിമത സംഘടനകളല്ലെന്നും, സുകുമാരൻ നായരോ വെള്ളാപ്പള്ളിയോ ഒക്കെ പറഞ്ഞാൽ സമുദായംഗങ്ങളൊക്കെയും അവർ പറയുന്ന സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യുമെന്ന് കരുതുന്നത് മൗഢ്യമാണെന്നുമൊക്കെ പറയാമെങ്കിലും അങ്ങനെ കരുതുന്നതാണ് മൗഢ്യം. ഒന്നടങ്കം അല്ലെങ്കിൽപ്പോലും സമുദായ വികാരം രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഒന്നോ രണ്ടോ ശതമാനമെങ്കിലും നേതൃത്വങ്ങളുടെ വാക്കിന് വിലകൽപ്പിക്കും എന്നുളള കാര്യത്തിൽ സംശയം വേണ്ട. ആയിരവും രണ്ടായിരവുമൊക്കെ മാത്രം ഭൂരിപക്ഷം ലഭിക്കുന്ന എത്ര മണ്ഡലങ്ങളിൽ ഇത് ഒന്നോ രണ്ടോ ശതമാനം നിർണ്ണായകമാകുമെന്ന് മനസ്സിലാക്കുവാൻ വലിയ ബൗദ്ധികവ്യായാമമൊന്നും വേണ്ട. സതീശനെക്കാൾ നന്നായി അത് തിരിച്ചറിയുവാൻ കഴിയുന്നു എന്നിടത്താണ് ചെന്നിത്തലയുടെ വിജയം. അത് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങലല്ല, ജനാധിപത്യ വ്യവസ്ഥിതിയിലെ പ്രായോഗികത മാത്രമാണ്. പാർട്ടിയുടെ ഏറ്റവും താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചുവളർന്നുവന്ന രമേശ് ചെന്നിത്തലയ്ക്ക് അത് നന്നായിട്ടറിയാം. ഉമ്മൻചാണ്ടി സർക്കാരിൽ രമേശ് ചെന്നിത്തലയ്ക്ക് താക്കോൽ സ്ഥാനം നേടിക്കൊടുക്കുവാൻ വേണ്ടി ഒരിക്കൽ പരസ്യമായി രംഗത്തുവന്ന അതേ എൻ.എസ്.എസ് നേതൃത്വം തന്നെ പിന്നെ ഏറെക്കാലം അദ്ദേഹത്തെ തീണ്ടാപ്പാടകലെ നിർത്തിയപ്പോഴും ആ വലിയ സംഘടനയ്‌ക്കെതിരെ ഒറ്റയക്ഷരം എതിർത്തുപറയാനോ, നീരസം മനസ്സിൽ വച്ച് പ്രവർത്തിക്കാനോ സാക്ഷാൽ കരുണാകരനിൽ നിന്ന് കളി പഠിച്ച രമേശ് തയ്യാറായില്ല. എല്ലാം ശുഭപര്യവസായിയായി മാറും എന്നുമാത്രം വിശ്വസിച്ചു.

അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ഏറെ നാളുകളിലെ അകൽച്ച അവസാനിപ്പിച്ച്, എൻ.എസ്.എസിന്റെ, ഒരു പരിധിവരെ നയപ്രഖ്യാപന സമ്മേളനമായ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുവാൻ ചെന്നിത്തലയെ ക്ഷണിച്ചതും, പതിനായിരങ്ങളെ സാക്ഷിനിർത്തി രമേശ് ചെന്നിത്തല എൻ.എസ്.എസിന്റെ പുത്രനാണെന്ന് പരസ്യമായി പറയുവാൻ ജനറൽ സെക്രട്ടറി സുകുമാരൻ നായർ തയ്യാറായതും പലതും കണക്കുകൂട്ടിത്തന്നെയാണ്.

സുകുമാരൻനായർ അത് പറയുന്നതിന് മുൻപുതന്നെ കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടനയായ എസ്.എൻ.ഡി.പിയുടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വി.ഡി. സതീശനെ വ്യക്തിപരമായി വിമർശിക്കുകയും, സതീശനെക്കാൾ മുഖ്യമന്ത്രിയാകാൻ യോഗ്യൻ ചെന്നിത്തലയാണെന്ന് പറയുകയും ചെയ്തു.

തൊട്ടുപിറകേ സമസ്തയുടെ മീറ്റിംഗിലും പ്രധാന റോളിൽ പ്രത്യക്ഷപ്പെടുവാൻ ചെന്നിത്തലയ്ക്ക് അവസരം ലഭിച്ചു. അതൊക്കെയും നിസ്സാരവൽക്കരിച്ചുകാണാൻ കഴിയുന്ന കാര്യങ്ങളല്ല.

ജാതിമത സംഘടനകളുടെ പിന്തുണ ഉറപ്പിക്കാനുള്ള അവസരം രമേശിന് കൈവരുന്നു എന്നുകണ്ടാൽ, അതേ സമുദായങ്ങളെ പ്രകോപിപ്പിച്ച് അവരെ കോൺഗ്രസിൽ നിന്നും അകറ്റുവാനുള്ള ശ്രമങ്ങൾ എതിർപക്ഷം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതോടെ പാർട്ടിയിൽ ചേരിപ്പോര് രൂക്ഷമാകുമെന്നും, ചുണ്ടിനും കപ്പിനുമിടയിൽ കോൺഗ്രസിന് ഭരണാവസരം നഷ്ടപ്പെടുമെന്നുള്ള കാര്യത്തിൽ സംശയം വേണ്ട.

ചുരുക്കിപ്പറഞ്ഞാൽ തെരഞ്ഞെടുപ്പിലേക്കടുക്കുന്ന ഇനിയുള്ള നാളുകളിൽ കോൺഗ്രസിൽ കലാപം കത്തിപ്പടരാനാണ് സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img