
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ മഴുക്കീർ പാടശേഖരത്തിൽ മുണ്ടകൻ നെൽകൃഷിയുടെ വിതയുത്സവത്തിന് തുടക്കമായി. പടക്കം പൊട്ടിച്ചും പരമ്പരാഗത രീതിയിൽ വിത്തെറിഞ്ഞും നാടൊന്നാകെ പങ്കെടുത്ത വിതയോത്സവം തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് ഉദ്ഘാടനം ചെയ്തു.
കരിമ്പിന്റെയും നെൽകൃഷിയുടെയും സമൃദ്ധമായ പാരമ്പര്യമുള്ള തിരുവണ്ടൂരിൽ വിത്തെറിയൽ ഉത്സവം
വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് കർഷകരും ജനപ്രതിനിധികളും. മഴുക്കീർ പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ മുണ്ടകൻ കൃഷിക്കായുള്ള വിതയോത്സവം സംഘടിപ്പിച്ചത്.
വിഷരഹിതമായ ഭക്ഷ്യോത്പാദനം ലക്ഷ്യമിട്ടും വരുംതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടാണ് തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് തിരുവൻവണ്ടൂർ പഞ്ചായത്ത് ചുവടുവെക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ രാജേഷ് പറഞ്ഞു.
പാട്ടത്തിനെടുത്തും സ്വന്തം നിലയിലും കൃഷിയിറക്കുന്ന കർഷകരെ സഹായിക്കാൻ കൃഷിവകുപ്പും പഞ്ചായത്തും വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കർഷകരുടെ പ്രധാന പ്രതിസന്ധിയായ തൊഴിൽ ചെലവിന് പരിഹാരമായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് കൂലിച്ചെലവ് സഹായം നൽകുന്നതിനൊപ്പം തൃശൂർ കെ.എസ്.എസ്.ഡി.എ വഴി സൗജന്യ വിത്ത് വിതരണവും ലഭ്യമാക്കുന്നുണ്ടന്ന് അധികൃതർ പറഞ്ഞു.
ബ്ലോക്ക് അംഗം ഡി.വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
മെമ്പർമാരായ ഉഷാകുമാരി, ഷെർലി , സിബിച്ചൻ ,
മഴുക്കീർ പാടശേഖര സമിതി പ്രസിഡന്റ് തങ്കച്ചൻ, സെക്രട്ടറി കെ.പി ചന്ദ്രപിള്ള, കൃഷി ആഫീസർ ശ്രീഹരി
അസിസ്റ്റന്റ് കൃഷി ഓഫീസർ ഐഡ സൂസൻ,തുടങ്ങി നിരവധി കർഷകരും വിതയോത്സവത്തിൽ പങ്കാളികളായി. മികച്ച വിളവ് പ്രതീക്ഷിച്ചുകൊണ്ട് വലിയ ആവേശത്തോടെയാണ് കർഷകർ വിത്തുവിത പൂർത്തിയാക്കിയത്.











