08:37pm 26 June 2026
NEWS
അക്ഷരങ്ങളുടെ മൂർച്ചയും പ്രഹരശേഷിയും
26/06/2026  11:59 AM IST
ആർ. പവിത്രൻ
അക്ഷരങ്ങളുടെ മൂർച്ചയും പ്രഹരശേഷിയും

കോളേജ് അദ്ധ്യാപകനായും, പത്രപ്രവർത്തകനായും, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായും, കുമാരനാശാൻ സ്മാരക സെക്രട്ടറിയായും, ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഡയറക്ടറായും, സംസ്ഥാന ഫിലിം അവാർഡ് കമ്മിറ്റി മെമ്പറായും, ഫിലിം സെൻസർ ബോർഡ് അംഗമായും, ഗവർണ്ണറുടെ പി.ആർ.ഒയായും പ്രവർത്തിച്ചിട്ടുള്ള തോട്ടം രാജശേഖരൻ ഔദ്യോഗികരംഗത്തും, എഴുത്തിലും എന്നും വിവാദപുരുഷനായിരുന്നു. 'ഉദ്യോഗപർവ്വം' എന്ന സർവ്വീസ് സ്റ്റോറി ഇക്കാര്യം വെളിവാക്കുന്നു. (മലയാറ്റൂർ രാമകൃഷ്ണന്റെ 'സർവ്വീസ് സ്റ്റോറി', എം.കെ.കെ. നായനാരുടെ 'ആരോടും പരിഭവമില്ലാതെ', സി.പി. നായരുടെ 'എന്ദരോ മഹാനുഭാവുലു', ഡോ. സി.വി. ആനന്ദബോസ്സിന്റെ 'പറയാതിനിവയ്യ' എന്നിവയുടെ തോളോടുതോൾ ചേർന്നുനിൽക്കുന്ന ഓർമ്മപ്പുസ്തകമാണിത്.) വിവിധങ്ങളായ ആനുകാലികവിഷയങ്ങളെ ആസ്പദമാക്കി 96 വയസ്സായ മലയാളത്തിന്റെ ഈ കാരണവരുടെ 54 ലേഖനങ്ങളുടെ സമാഹാരമാണ് ഏറ്റവും പുതിയ പുസ്തകമായ 'വാക്കോ... തോക്കോ...?' സമീപകാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നാണിത്. ഈ പുസ്തകത്തിന്റെ ഉൾക്കാമ്പും പ്രഹരസ്വഭാവവുമറിയാൻ അതിൽനിന്നുള്ള ചില ഭാഗങ്ങൾ വായിക്കുക ('കേരളശബ്ദ'ത്തിൽ പ്രസിദ്ധീകരിച്ചവയാണ് ഇതിൽ ബഹുഭൂരിപക്ഷവും):

ആരാണ് കേരളം ഭരിച്ച ഏറ്റവും നല്ല മുഖ്യമന്ത്രി?

'വാക്കോ... തോക്കോ...? എന്ന പുസ്തകത്തിൽ 'സാഹിത്യവിമർശം' പത്രാധിപർ സി.കെ. ആനന്ദൻപിള്ള നടത്തിയ അഭിമുഖ സംഭാഷണത്തിൽ കേരളം ഭരിച്ച മികച്ച മുഖ്യമന്ത്രിമാരെക്കുറിച്ച് നടത്തിയ വിലയിരുത്തലിൽ ശ്രീ തോട്ടം രാജശേഖരൻ ഇങ്ങനെ പറയുന്നു:

'ഓരോ മുഖ്യമന്ത്രിയുടെയും വ്യക്തിത്വവും പ്രവർത്തനശൈലിയും വ്യത്യസ്തമായതിനാൽ ക്വാളിറ്റി റേറ്റിംഗ് ബുദ്ധിമുട്ടാവും. ഇ.എം.എസ്സിന്റെ കാലം മുതൽക്കാണ് ഞാൻ സെക്രട്ടറിയേറ്റിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ സേവനം തുടങ്ങിയത്. വേദപഠനത്തിലൂടെ കാറൽ മാർക്‌സിലെത്തിയ ഒരു നല്ല രമാുമശഴി ംൃശലേൃ ഉം ബുദ്ധിജീവിയും ആയിരുന്നെങ്കിലും, മുഖ്യമന്ത്രിയെന്ന നിലയ്ക്ക് നമ്പൂതിരിപ്പാടിന്റെ റേറ്റിംഗ് താഴെയാണ്. ഇന്ത്യയിൽ ബാലറ്റിലൂടെ ആദ്യമായി അധികാരത്തിൽ വന്ന ഗ്രൂപ്പിന്റെ നായകൻ എന്ന നിലയ്ക്ക് താൻ ഇന്ത്യയിലൊട്ടാകെ ചെങ്കടൽ സൃഷ്ടിച്ച് ഒരു കോൺഗ്രസ് വിരുദ്ധ സാമ്രാജ്യം പടുത്തുയർത്തുമെന്ന് അദ്ദേഹം സ്വപ്നം കണ്ടിരുന്നു. തനിക്ക് സമാന്തരമായ ഒരു പവർ സെന്റർ ഉണ്ടാവുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല....

മുഖ്യമന്ത്രി എന്ന നിലയ്ക്ക് സി.അച്യുതമേനോനുമായി അടുത്തുപെരുമാറിയിരുന്നെങ്കിലും അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റായി കാണാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. മദ്രാസ് പ്രസിഡൻസിയിൽ നിന്ന് ഒന്നാം റാങ്കോടെ നിയമബിരുദം നേടിയ മേനോൻ നല്ല അക്കാദമീഷ്യനും എഴുത്തുകാരനും കഠിനപ്രയത്‌നശാലിയുമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം സാത്വികനും സമർത്ഥനും നീതിമാനും ആയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യയുടെ ആജ്ഞാനുവർത്തികളായ ചില പാർട്ടിക്കാർ ഉൾപ്പെടെയുള്ള ബന്ധുവലയം നിരന്തര സമ്മർദ്ദങ്ങളിലൂടെ അവിഹിതകാര്യങ്ങൾ നേടിയിരുന്നതായി പറഞ്ഞുകേട്ടിരുന്നു. പ്രായോഗികമല്ലാത്ത ആദർശസങ്കൽപ്പങ്ങളുടെ ഉപാസകനായിരുന്നു അദ്ദേഹം. രാജൻ സംഭവത്തെപ്പറ്റി ആദ്യമായി അറിഞ്ഞ മുഖ്യമന്ത്രി ഒരിക്കലും അതേപ്പറ്റി ഒരക്ഷരം മിണ്ടാതിരുന്നത് തന്റെ കസേരസംരക്ഷണത്തിന് വേണ്ടിയായിരുന്നില്ലേ? സമ്മർദ്ദങ്ങളെ ചെറുക്കാനും, അരുതായ്കകൾക്കെതിരെ ശബ്ദമുയർത്താനും ഈ ജെന്റിൽമാൻ കമ്മ്യൂണിസ്റ്റിനായില്ല. പക്ഷേ ആരോടും അമർഷമില്ല, മമതയുമില്ല. പാസ്സ് മാർക്കിനർഹൻ.

ഒൻപത് കോൺഗ്രസ്സുകാരുടെ നേതാവായി തൃശൂരിൽ നിന്ന് പോക്കറ്റിൽ ഒരു ഡയറിയും കൈയിൽ ഒരു പാക്കറ്റ് ബർക്ക്‌ലി സിഗരറ്റും മുഷിഞ്ഞ ഖദർവേഷവും ചുണ്ടിൽ വരണ്ട ചിരിയും ആയി തലസ്ഥാനത്ത് വന്ന 'ഇൻടെക്' കരുണാകരൻ വർഷങ്ങൾക്കുശേഷം ഇറ്റാലിയൻ ഗാന്ധിമാരുടെ വിശ്വസ്തനായി സ്ഥാനമൊഴിയുമ്പോൾ, കൈവശമുണ്ടായിരുന്ന സ്വത്തിന് വിലമതിക്കാനാവുമോ? അടുക്കുന്നവരെ കഴിയുന്നത്ര തന്റെ കാര്യസാദ്ധ്യത്തിനായി പരമാവധി ഉപയോഗിക്കുകയും, അകലുന്നവരെ അവരുടെ ശത്രുക്കളെ കണ്ടുപിടിച്ച് അവരിലൂടെ ഒതുക്കുകയും ചെയ്യുന്ന പഴകിയ ചാണക്യതന്ത്രമാണ് ഈ ലീഡർ പയറ്റിയത്. മലയാളഭാഷയിൽ വാമൊഴി സുലഭമായി ഉപയോഗിക്കുകയും, വരമൊഴിയിലെ അജ്ഞത മറച്ചുപിടിക്കുകയും ചെയ്ത ഈ രാഷ്ട്രീയനടൻ അറിവിന്റെ ആകാശങ്ങളിലേക്ക് എത്തിനോക്കുകപോലും ചെയ്യാതെ വിത്തപ്രഭുവും അതിപ്രശസ്തനും ആയത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമോ? എട്ടുവർഷം ഔദ്യോഗികമായി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എനിക്ക് വൈരുദ്ധ്യങ്ങളുടെ സങ്കലനമായ ആ വ്യക്തിത്വത്തിന്റെ ശൂന്യമായ ഉള്ളറകൾ കണ്ടെത്താനായില്ല... നിലവാരം കുറഞ്ഞവർ നായനാർ, പി.കെ.വി, എ.കെ. ആന്റണി എന്നിവരായിരുന്നു...

ആഭ്യന്തര വകുപ്പിലെ കാക്കിയിട്ട താപ്പാനകൾ

സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ പോലീസ് വകുപ്പ് നിയന്ത്രിച്ചുഭരിക്കുന്ന താപ്പാനകളെക്കുറിച്ച് ശ്രീ തോട്ടം പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിമർശനം എക്കാലവും പ്രസക്തമാണ്. അതിപ്രകാരമാണ്:

സംസ്ഥാന ആഭ്യന്തരമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ കാക്കിധാരികളെ പത്തുവർഷത്തോളം അടുത്തുപരിചയിക്കാൻ അവസരം കിട്ടിയപ്പോൾ, സൽഭരണം എന്ന സങ്കൽപ്പത്തിൽ നിന്ന് അവർ അകന്ന് പോയി എന്ന് കാണാൻ കഴിഞ്ഞു. ഓരോരുത്തരും അവരവരുടെ പദവി ഭദ്രമാക്കാനും, ചുളുവിൽ പ്രമോഷൻ സാധിച്ചെടുക്കാനും, മേലാളന്മാരെ സ്വാധീനിക്കാനും പരിശ്രമിക്കുന്നതിനിടയിൽ തങ്ങളിൽ അർപ്പിതമായിരിക്കുന്ന ചുമതല, പക്ഷപാതമോ, പ്രീതിയോ, വിദ്വേഷമോ, ജാതിപ്പകയോ ഇല്ലാതെ ഭംഗിയായി നിർവ്വഹിക്കാൻ ആത്മാർത്ഥമായ താൽപ്പര്യം കാണിക്കുന്നതായി കണ്ടില്ല. സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പരിഷ്‌കൃതമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം മിക്കപ്പോഴും അവിശുദ്ധവും ഹീനവുമായ മാർഗ്ഗങ്ങൾ സ്വീകരിക്കപ്പെടുന്നു. പലരും ഗുണ്ടകളുമായുള്ള ചങ്ങാത്തം നിഗൂഢമായി പുലർത്തുകയും ചെയ്യുന്നു. പത്രപംക്തികളും ടെലിവിഷൻ സ്‌ക്രീനുകളും അവിഹിത ഹിംസാരതികളാൽ നിബിഢം. ക്രൈമുകളുടെ രാഷ്ട്രീയവൽക്കരണം വാർഡ് തലം മുതൽ തുടങ്ങുന്നു. ക്രമസമാധാനനില നിരീക്ഷിച്ച് അവ നിയന്ത്രിക്കാൻ അടിയന്തിര നടപടികളെടുക്കാൻ നിയോഗിക്കപ്പെട്ടവർ തമ്മിൽ മുഷ്ടിയുദ്ധം നടത്തുന്നു. ചീഫ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്മാർ എല്ലാ നിയന്ത്രണങ്ങളും ചട്ടങ്ങളും ലംഘിച്ച് അന്യോന്യം മല്ലടിക്കുന്നു. ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്ത് ഉന്നതമായ തലങ്ങളിൽ അഴിഞ്ഞാട്ടവും, അപഹാസ്യമായ വാഗ്വാദങ്ങളും ഇതുപോലെ ഉണ്ടാവുന്നില്ല. തീർച്ചയായും നാട് വാഴുന്ന രാഷ്ട്രീയ തമ്പുരാക്കന്മാരുടെ പിടിപ്പുകേടല്ലേ ഇത്?

കീറിപ്പറിഞ്ഞ ബ്ലൗസുമായെത്തിയ നടി

ഭരണത്തിന്റെ അകത്തളങ്ങളിലും ഇടനാഴികളിലും നടക്കുന്ന ഒട്ടേറെ അവിശുദ്ധ ഇടപാടുകൾ വെളിപ്പെടുത്തുന്ന കൂട്ടത്തിൽ, സിനിമാരംഗവുമായി ബന്ധമുള്ള ഒരു അനുഭവം ശ്രീ. തോട്ടം വെളിപ്പെടുത്തുന്നുണ്ട്. (ഇതിലെ കഥാപാത്രങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നവരാണ്).

'ഒരു സംഭവം ഓർമ്മയിലെത്തുന്നു. ഞാൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ എന്ന നിലയ്ക്ക് സിനിമാവകുപ്പിന്റെയും ചുമതല വഹിക്കുന്ന കാലം. ഒരു ദിവസം രാവിലെ ഒരു സ്ത്രീ കീറിപ്പറിഞ്ഞ സാരിയും ബ്ലൗസുമായി ദേഹോപദ്രവമേറ്റ് വേദനയോടെ സെക്രട്ടറിയേറ്റിലെ എന്റെ ആഫീസ് മുറിയിലെത്തി. തെക്കേ ഇന്ത്യയിലെ പ്രസിദ്ധ നടിയാണതെന്ന് മനസ്സിലാക്കിയപ്പോൾ ആശ്വസിപ്പിച്ചശേഷം കാര്യം തിരക്കി. താൻ അഭിനയിച്ച ഒരു ചിത്രത്തിന്റെ പ്രതിഫലം ഏറെക്കാലം കാത്തിട്ടും കിട്ടാത്തതിനാൽ തിരുവനന്തപുരത്തുള്ള പ്രൊഡ്യൂസറെ കാണാൻ വന്നതാണ്. 'നേരത്തെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാൽ ഞാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിനാൽ എന്നെ കടന്നാക്രമിച്ചു. അതിൽനിന്ന് വല്ലവിധേനയും കുതറിമാറി വരികയാണ്. എനിക്ക് മുഖ്യമന്ത്രിയെക്കണ്ട് വിവരം പറയണം.'

ഞാനിതിനിടയ്ക്ക് മുഖ്യമന്ത്രി കരുണാകരൻ സാറിനെ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് അദ്ദേഹം ആഫീസ് മുറിയിൽ ഉണ്ടായിരുന്നു. ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഞാൻ ആ നടിയെ അവിടെ എത്തിച്ചു. വിവരണം കേട്ട് കുറേനേരം അസ്തപ്രജ്ഞനായി അദ്ദേഹം ഇരുന്നു. അന്വേഷിച്ച് വേണ്ടത് ചെയ്യാം എന്ന പതിവ് മറുപടിയോടെ അവരെ കോട്ടയ്ക്കകത്തുള്ള ഒരു അഭ്യുദയകാംക്ഷിയുടെ വീട്ടിലേക്ക് അയച്ചു. ഉച്ചകഴിഞ്ഞ് മേൽനടപടി എന്തുവേണമെന്ന് അന്വേഷിച്ച് ഞാൻ ചെന്നപ്പോൾ അദ്ദേഹം ഒന്നും വേണ്ടെന്ന് കൈ ആംഗ്യം കൊണ്ട് കാണിച്ചു. തുടർന്ന് പതിവ് സിംബലായി കണ്ണിറുക്കുകയും ചെയ്തു.  ഇടയ്ക്ക് ഗുരുവായൂരപ്പനേയും വിളിച്ച് കാണും. ആഭ്യന്തര വകുപ്പിന്റെ ചുമതലയും ഉള്ള മുഖ്യമന്ത്രിയായി പരമാധികാരത്തോടെ നാട് ഭരിക്കുന്ന അക്കാലത്ത് അദ്ദേഹം നടപടിയെടുത്തിരുന്നെങ്കിൽ പിൽക്കാലത്ത് നിരവധി അവാർഡുകൾ വാങ്ങുകയും, സാമൂഹ്യജീവിതത്തിൽ സമുന്നത സ്ഥാനങ്ങളിലെത്തുകയും ചെയ്ത ആ നടിയുടെ ഭാവി എന്താകുമായിരുന്നു. വേട്ടക്കാരനെയും അനന്തരകാലത്ത് പല സൗഭാഗ്യങ്ങളും തേടിയെത്തി. ഇരുവരും ഇപ്പോഴും നമ്മുടെ ഇടയിൽ ഉള്ളവരായതിനാൽ എന്റെ സാക്ഷിമൊഴിയും ചുരുക്കുന്നു. 'ഈ സംഭവം ആരോടും പറയേണ്ട എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഞാൻ പാലിക്കുകയും ചെയ്തു.'

അമർഷത്തിന്റെ തീച്ചൂട്

2014 ഡിസംബറിൽ ശിവഗിരിയിലെ വിദ്യാഭ്യാസ സമ്മേളനം. തോട്ടം രാജശേഖരൻ പ്രസംഗിക്കുന്നു. തീപാറിയെന്നു പ്രത്യേകം പറയേണ്ടല്ലോ. മുഖംമൂടികളോരോന്നായി നിലത്തുവീണു. ഗർജ്ജനം ഒരു മണിക്കൂർ 20 മിനുട്ട് നീണ്ടു. പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണം പ്രാദേശിക ചാനലിൽ കമലേശ്വരത്തെ വീട്ടിലിരുന്ന് ഭാര്യ എം.എൽ. രാധമ്മ കാണുന്നുണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ ഫോൺ: 'തോട്ടം രാജശേഖരനെ മൂന്നുതുണ്ടമായി വെട്ടിയിട്ടിരിക്കുന്നു.'

അവർ അതുകേട്ട് തളർന്നുവീണു. പിന്നീടിതുവരെ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഫോൺ ഹരിപ്പാട്ട് നിന്നായിരുന്നുവെന്ന് കണ്ടെത്തി. ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ഫലമൊന്നുമില്ല.

ഭാര്യയെ ശുശ്രൂഷിക്കുന്ന സ്‌നേഹസമ്പന്നനെ കമലേശ്വരത്തെ വീട്ടിൽ കാണാം. പക്ഷേ, തോട്ടം രാജശേഖരൻ സംസാരിക്കുമ്പോൾ ഉള്ളിലെ അമർഷത്തിന്റെ ചൂട് നമ്മളറിയുന്നു. വാക്കിൽ മാത്രമല്ല എഴുത്തിലും പ്രസംഗത്തിലും അത് ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.

ഭാരതിരാജയും ആശാ കേളുണ്ണിയും

1983 ലാണെന്നാണ് ഓർമ്മ.
ഫോണിൽ ബന്ധപ്പെട്ട് തീരുമാനിച്ച പ്രകാരം പ്രമുഖ തമിഴ് സംവിധായകൻ ഭാരതിരാജയുമായി മദ്രാസ്സിലെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് 'നാന'യ്ക്കുവേണ്ടി സുദീർഘമായ അഭിമുഖം നടത്തി. ഫോട്ടോഗ്രാഫർ മോഹൻ കൊല്ലവും ഒപ്പമുണ്ടായിരുന്നു. ദേശീയ- സംസ്ഥാന അവാർഡുകൾ (6 നാഷണൽ അവാർഡുകൾ, 6 സ്റ്റേറ്റ് അവാർഡുകൾ, 4 ഫിലിം ഫെയർ അവാർഡുകൾ തുടങ്ങിയവ) നേടി അദ്ദേഹം പ്രശസ്തിയുടെ മലനെറുകയിൽ കയറിനിൽക്കുന്ന സമയം. തമിഴ് സിനിമയെ കൃത്രിമമായ സെറ്റുകളിൽ നിന്ന് കയററുത്തു മോചിപ്പിച്ചു, ഗ്രാമങ്ങളിലെ സ്വാഭാവിക അന്തരീക്ഷത്തിലെത്തിച്ച പ്രതിഭ. യാതൊരുവിധ ജാഡകളുമില്ലാത്ത പച്ച മനുഷ്യൻ. വിനയാന്വിതൻ.(അക്കാലത്തെ സമാന്തര തമിഴ് സിനിമയിലെ പ്രമുഖരായ മഹേന്ദ്രൻ(ഉതിരിപ്പൂക്കൾ), ദൊരൈ(പശി) തുടങ്ങിയവരുടേയും, തമിഴ് സിനിമയിലെ കാരണവരായ കെ. ബാലചന്ദറുടെയുമൊക്കെ അഭിമുഖങ്ങൾ 'നാന'യ്ക്കുവേണ്ടി എടുത്തിട്ടുണ്ട്.) അഭിമുഖവേളയിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ 'മൺവാസനൈ'യുടെ ഡബ്ബിംഗ് പ്രസാദ് സ്റ്റുഡിയോയിൽ നടക്കുകയാണെന്നും, രാവിലെ അവിടെ വന്നാൽ ആ ചിത്രത്തിലെ നായികയായ മലയാളി പെൺകുട്ടിയെ കാണാമെന്നും അദ്ദേഹം പറഞ്ഞു. അതുംപ്രകാരം ഞങ്ങൾ രാവിലെ ഒൻപതുമണിയോടെ പ്രസാദ് സ്റ്റുഡിയോയിലെത്തി. സ്റ്റുഡിയോയ്ക്ക് മുന്നിലെ പൂന്തോട്ടത്തിൽ വച്ച് കഷ്ടിച്ച് പതിനാല് വയസ്സ് പ്രായം വരുന്ന ഒരു  പെൺകുട്ടിയെ അദ്ദേഹം പരിചയപ്പെടുത്തി: ഇതാണ് 'മൺവാസനൈ'യിലെ എന്റെ നായിക ആശാ കേളുണ്ണി.

എടുത്തുപറയാവുന്ന പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ പെൺകുട്ടി. വെളുത്തനിറം. വലിയ ഉയരമില്ല. പക്ഷേ നല്ല പ്രസരിപ്പ്. വലിയ കണ്ണുകൾ.(കമലഹാസനെ വിരൂപനായ ചപ്പാണിയും, രജനികാന്തിനെ വില്ലനുമാക്കിയ ഭാരതിരാജയുടെ കഥാപാത്രങ്ങൾ വാർപ്പ്  മാതൃകയിലുള്ളവരായിരുന്നില്ലല്ലോ)

'മൺവാസനൈ'യിലെ ടീനേജുകാരിയായ പുതുമുഖ നായികയെത്തേടിയുള്ള അന്വേഷണവേളയിൽ, യാദൃച്ഛികമായിട്ടാണ് ആശാകേളുണ്ണിയെ ഭാരതിരാജ കണ്ടെത്തിയത്. മദ്രാസ്സിലെ ഒരു സ്‌ക്കൂളിൽ പഠിക്കുകയായിരുന്ന ആശ ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തു. ഏതോ പ്രാദേശിക ഫോട്ടോഗ്രാഫർ എടുത്ത ആ പരിപാടിയുടെ ചില ഫോട്ടോകൾ തമിഴിലെ ഒരു പോപ്പുലർ വീക്കിലിയിൽ അടിച്ചുവന്നു. അതിലൊരു പെൺകുട്ടിയുടെ ചിത്രം ഭാരതിരാജയുടെ ശ്രദ്ധയിൽപ്പെട്ടു.  അതാരാണെന്നറിയാൻ വാരികയുടെ ഓഫീസുമായി ബന്ധപ്പെട്ടു. മദ്രാസ്സിൽ സ്ഥിരതാമസമാക്കിയ പാലക്കാട്ടുകാരായ ഒരു മലയാളി കുടുംബത്തിലേതാണെന്നും, പിതാവ് കേളുണ്ണി ഇന്ത്യൻ ആർമിയിലെ ഒരു കേണലാണെന്നും മറ്റുമുള്ള വിവരങ്ങൾ ലഭിച്ചു. അങ്ങനെയാണ് മലയാള സിനിമയ്ക്ക് മാത്രമല്ല, തെന്നിന്ത്യൻ സിനിമാവേദിയിലെതന്നെ ഏറ്റവും മികച്ച ഒരു അഭിനേത്രിയെ കിട്ടിയത്. ഭാരതിരാജയാണ് ആശാ കേളുണ്ണിയെ രേവതിയാക്കിയത്. (അഭിനേതാവ് മാത്രമല്ല, ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും മികച്ച വനിതാസംവിധായികമാരിലൊരാളാണ് രേവതി. 2002 ൽ രേവതി സംവിധാനം ചെയ്ത 'മിത്ര് മൈ ഫ്രണ്ട്' എന്ന കന്നിച്ചിത്രത്തിന് ഇംഗ്ലീഷ്ഭാഷയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു.)

അന്ന് പ്രസാദ് സ്റ്റുഡിയോയിൽ വച്ച് മോഹൻ കൊല്ലം എടുത്ത ചിത്രമാണ് രേവതിയുടെ അച്ചടിക്കപ്പെട്ട ആദ്യ സ്റ്റിൽ ഫോട്ടോഗ്രാഫ്.

അനുബന്ധം: 

രേവതിക്ക് സിനിമയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമൊക്കെ നല്ല അറിവുണ്ട്. ഏഴെട്ടുവർഷം മുൻപ് തിരുവനന്തപുരത്ത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയം. തുടക്കദിവസമാണ്. ബസ്സിറങ്ങി മുഖ്യവേദിയായ കൈരളി തിയേറ്ററിലെത്തിയപ്പോൾ നല്ല തിരക്ക്. സ്‌ക്രീനിംഗ് ഷെഡ്യൂൾ നോക്കാൻ സമയം കിട്ടിയില്ല. അടുത്ത ഷോയ്ക്ക് മുൻപ് വിശദമായി പരിശോധിക്കുമെന്ന് കരുതി കൈരളിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ പടിക്കെട്ടിൽ നിന്ന് ആരോ വിളിക്കുന്നു. നോക്കുമ്പോൾ തമ്പി കാക്കനാടൻ (കാക്കനാടന്റെ അനുജൻ). ഏത് സിനിമയ്ക്ക് കയറുന്നുവെന്ന് ചോദിച്ചു. തീരുമാനിച്ചില്ലെന്നുപറഞ്ഞപ്പോൾ ഇവിടെയിപ്പോൾ ഫ്രാൻസ് കാഫ്കയുടെ 'ദി ട്രയൽ'എന്ന വിഖ്യാത നോവലിന്റെ ചലച്ചിത്രഭാഷ്യത്തിന്റെ സ്‌ക്രീനിംഗാണെന്നും, ഇത് തീർച്ചയായും കാണണമെന്ന് ഇന്നലെ കണ്ടപ്പോൾ നടി രേവതി പറഞ്ഞുവെന്നും പറഞ്ഞു. അതെനിക്ക് വലിയ വിസ്മയമായി. കഴിവുറ്റ നടിയും സംവിധായികയുമാണെന്നറിയാമെങ്കിലും, ലോകസാഹിത്യത്തിൽ അവർക്ക് വായനാപരിചയമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. പിന്നീടാണ് രേവതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയത്. ലോകസാഹിത്യത്തെക്കുറിച്ച് രേവതിക്ക് നല്ല അറിവും ധാരണയുമുണ്ട്.

എന്നെ വിസ്മയിപ്പിച്ച മറ്റൊരു അറിവ് നടി റീമാ കല്ലിംഗലിനെക്കുറിച്ചായിരുന്നു. ഭേദപ്പെട്ട ഒരു അഭിനേത്രി എന്നുമാത്രമായിരുന്നു അവരെക്കുറിച്ചുള്ള ധാരണ. എന്നാൽ ഒരു ഇന്റർവ്യൂവിൽ അവർ ലോകോത്തര വനിതാ നോവലിസ്റ്റ് വെർജീനിയാ വുൾഫിനെക്കുറിച്ച് പറഞ്ഞത് വായിച്ചപ്പോൾ ശരിക്കും വിസ്മയിച്ചുപോയി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img