08:56pm 01 December 2025
NEWS
കേരളത്തിലെ ചെറുപ്പക്കാരിൽ എയ്ഡ്സ് പടർന്നുപിടിക്കുന്നതിന് പിന്നിലെ രഹസ്യം!
01/12/2025  12:26 PM IST
nila
കേരളത്തിലെ ചെറുപ്പക്കാരിൽ എയ്ഡ്സ് പടർന്നുപിടിക്കുന്നതിന് പിന്നിലെ രഹസ്യം!
HIGHLIGHTS

1981-ൽ ആണ് എയ്ഡ്‌സ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥ ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 

പല മാരക രോ​ഗങ്ങൾക്ക് മുന്നിലും മാനവ രാശി വിറച്ചുനിന്നിട്ടുണ്ട്. ആ രോ​ഗങ്ങളെയെല്ലാം അതിജീവിക്കാനുള്ള ആർജ്ജവം മനുഷ്യൻ കൈവരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭയത്തോടൊപ്പം വെറുപ്പും നിറച്ച് മനുഷ്യർ നോക്കിയ ചുരുക്കം രോ​ഗങ്ങളിലൊന്നാണ് എയ്ഡ്സ്. ഒരു ലൈം​ഗികരോ​ഗം എന്ന നിലയിലാണ് ലോകം എയ്ഡ്സിനെ നിർവചിച്ചിട്ടുള്ളത്. ലൈം​ഗിക ബന്ധത്തിലൂടെയാണ് ഈ രോ​ഗം കൂടുതലായി പടരുന്നത് എന്നത് തന്നെ കാരണം. അതവിടെ നിൽക്കട്ടെ, കഴിഞ്ഞ ദിവസം സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ട പുതിയ റിപ്പോർട്ട് അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. നമ്മുടെ കൊച്ചു കേരളത്തിൽ 15 മുതൽ 24 വയസ്സുവരെയുള്ള യുവാക്കളിൽ എച്ച്‌ഐവി ബാധ തുടർച്ചയായി ഉയരുന്നുവെന്നാണ് ആ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് നമ്മുടെ നവയൗവനങ്ങളിൽ എയ്ഡ്സ് എന്ന മാരകരോ​ഗം പിടിമുറുക്കുന്നത്? അതിന്റെ ഉത്തരം തേടും മുമ്പ് എയ്ഡ്സിനെ കുറിച്ച് നമുക്ക് വിശദമായൊന്ന് അറിഞ്ഞുവരാം...

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ആണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. 1981-ൽ ആണ് എയ്ഡ്‌സ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥ ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. എച്ച് ഐ വിയെക്കുറിച്ച് ഒരു വിധത്തിലുള്ള അവബോധവും ഉണ്ടാകാതിരുന്ന ഇക്കാലത്ത് അതിന്റെ വ്യാപനവും അതിവേഗത്തിലായിരുന്നു. അതുകൊണ്ടു തന്നെ ഈ രോ​ഗം ലോകരാജ്യങ്ങളിൽ പടർത്തിയ ഭീതിയും ചെറുതല്ലായിരുന്നു. ഇന്ത്യയിൽ ആദ്യത്തെ എയ്ഡ്‌സ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 1986-ലാണ്. അതായത്, ലോകത്ത് ആദ്യത്തെ എയ്ഡ്സ് കേസ് റിപ്പോർട്ട് ചെയ്ത് അഞ്ചു വർഷത്തിന് ശേഷം. 

നേരത്തേ പറഞ്ഞതുപോലെ, എച്ച്ഐവി അണുബാധയുള്ള രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെയാണ് പ്രധാനമായും ഇത് മറ്റൊരാളിലേക്ക് പകരുന്നത്. അമ്മയിൽ നിന്ന് കുഞ്ഞിലേക്കും, എച്ച്ഐവി ബാധിതർ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിക്കുന്നത് വഴിയും, എച്ച് ഐ വി ബാധിതരുടെ രക്തം സ്വീകരിക്കുന്നത് വഴിയുമെല്ലാം എയ്ഡ്സ് വ്യാപനമുണ്ടാകും. എയ്ഡ്സ് രോ​ഗബാധിതരെ ലോകം ഒറ്റപ്പെടുത്തുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എയ്ഡ്സ് ബാധിതരായ സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ പോലും അത്തരത്തിൽ സമൂഹം ഒറ്റപ്പെടുത്തിയിരുന്നു. അത്രയും ഭയാനകമായ ഒരു കാലത്താണ് എയ്ഡ്സിനെ ഈ ഭൂമുഖത്ത് നിന്നും തുടച്ചുമാറ്റാൻ ലോകരാജ്യങ്ങൾ പല പദ്ധതികളും ആവിഷ്കരിച്ചത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓട് കൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ.

എയ്ഡ്സിനെ പ്രതിരോധിക്കാൻ കേരളത്തിന്റെ നിരോധ് 

ലോക രാജ്യങ്ങൾ എയ്ഡ്സ് എന്ന വിഷബീജത്തെ ഇല്ലാതാക്കാൻ പല പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കി. ഇന്ത്യയിലും എയ്ഡ്സ് ബോധവത്ക്കരണം ഉൾപ്പെടെ നിരവധി പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു. ഇന്ത്യയുടെ എയ്ഡ്സ് പ്രതിരോധത്തിൽ സുപ്രധാന പങ്കുവഹിച്ച സ്ഥാപനമാണ് കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന സ്ഥാപനം. ഇവിടെ നിർമ്മിച്ച നിരോധ് എന്ന ​ഗർഭനിരോധന ഉറകൾ എയ്ഡ്സ് പ്രതിരോധത്തിന്റെ കൂടി കവചമായി മാറുകയായിരുന്നു. സുരക്ഷിതമായ ലൈം​ഗിക ബന്ധത്തിന്റെ അടയാളമായി നിരോധ് പോലുള്ള കോണ്ടം ബ്രാൻഡുകൾ മാറി. വളരെ വിലക്കുറവിലും സൗജന്യമായുമെല്ലാം ഇത്തരം ഉറകൾ സാർവത്രികമായി വിതരണം ചെയ്യപ്പെട്ടു. ലൈം​ഗികത്തൊഴിലാളികൾക്ക് ഉൾപ്പെടെ ഉറകൾ ഉപയോ​ഗിക്കുന്നതിന് പോലും ബോധവത്ക്കരണം നൽകി. ഇതുവരെ 57 ബില്യണിലധികം ഗർഭനിരോധന ഉറകളാണ് എച്ച്എൽഎൽ നിർമ്മിച്ച് വിപണിയിലെത്തിച്ചത്. ഇന്ന് ലോക കോണ്ടം ആവശ്യകതയുടെ 10 ശതമാനത്തോളം നിറവേറ്റുന്നത് ഈ പൊതുമേഖലാ സ്ഥാപനമാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴയതും വലുതുമായ കോണ്ടം നിർമ്മാണ കേന്ദ്രങ്ങളിൽ ഒന്നാണിത്. എന്നാൽ, ലോകത്തെ എയ്ഡ്സ് പ്രതിരോധത്തിൽ വലിയ പങ്കുവഹിക്കുന്ന നമ്മളുടെ യൗവനങ്ങളിൽ എയ്ഡ്സ് രോ​ഗബാധ വർധിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കോണ്ടമുണ്ടായിട്ടും കേരളത്തിലെ യുവാക്കളിൽ എന്തുകൊണ്ട് എയ്ഡ്സ്?

ഇപ്പോൾ സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം 23,608 ആയെന്നാണ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നവംബർ 2025 വരെയുള്ള കണക്കുകൾ. രാജ്യത്ത് ഇതു 25 ലക്ഷത്തിലധികമാണ്. 2024-ൽ മാത്രം രാജ്യത്ത് 6,300 പേരെയും കേരളത്തിൽ 1,213 പേരെയും പുതുതായി കണ്ടെത്തി. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ സംസ്ഥാനത്ത് 818 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്.

2022-ൽ സംസ്ഥാനത്തെ ആകെ രോഗികളിൽ 9 ശതമാനം പേർ 15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവരായിരുന്നു. 2023-ൽ അത് 12ശതമാനം ആയി വർധിച്ചു. 2024-ൽ 14.2 ശതമാനമായി ഉയർന്ന ഈ നിരക്ക് 2025 ഏപ്രിൽ–ഒക്‌ടോബർ കാലയളവിൽ 15.4 ശതമാനമായി കുതിച്ചുയർന്നു എന്നാണ് റിപ്പോർട്ട്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും വ്യക്തമാകുന്നത്. 

നമ്മുടെ നാട്ടിലെ ചെറുപ്പക്കാരിൽ എയ്ഡ്സ് പടരുന്നതിനുള്ള പ്രധാന കാരണം ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധം തന്നെയാണ്. കേരളത്തിലെ എയ്ഡ്സ് ബാധിതരിൽ 62.5 ശതമാനം പേരും ഈ കാറ്റ​ഗറിയിൽ പെടുന്നവരാണ്. സ്വവർ​ഗരതിയും എയ്‍ഡ്സ് പടർത്തുന്നു. കേരളത്തിലെ എയ്ഡ്സ് ബാധിതരിൽ 24.6 ശതമാനം പേർക്കും സ്വവർ​ഗരതിയിലൂടെയാണ് വൈറസ് ബാധയുണ്ടായത്. മറ്റൊരു പ്രധാന കാരണം ടാറ്റൂ പതിക്കലും സൂചി പങ്കിട്ടുള്ള ലഹരി ഉപയോ​ഗവുമാണ്. 8.1 ശതമാനം പേർക്കാണ് ഇത്തരത്തിൽ എയ്ഡ്സ് പിടിപെട്ടിരിക്കുന്നത്. അണുവിമുക്തമാക്കാതെ ഒരേ സൂചി ഉപയോ​ഗിച്ച് നിരവധി പേർക്ക് ടാറ്റൂ ചെയ്യുന്നത് എയ്ഡ്സ് ബാധയ്ക്ക് കാരണമാകും. അതുപോലെ സംഘം ചേർന്ന് ലഹരി ഉപയോ​ഗിക്കുമ്പോൾ സൂചി പങ്കിടുന്നതും യുവാക്കളിലെ എയ്ഡ്സ് വ്യാപനത്തിന്റെ പ്രധാന കാരണമാണ്.  

0.9 ശതമാനം രോ​ഗബാധിതർ എയ്ഡ്സ് ബാധിതരായ അമ്മമാരിൽ നിന്നും രോ​ഗം ബാധിച്ച നവജാത ശിശുക്കളാണ്. ഉറവിടം വ്യക്തമല്ലാത്ത 3.7ശതമാനം ആളുകളുമുണ്ട്. ലിംഗാനുപാതം പരിഗണിക്കുമ്പോൾ മൂന്നു വർഷത്തിനിടെ 3,393 പുരുഷന്മാർക്കും 1,065 സ്ത്രീകൾക്കും 19 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്.

ട്രെൻഡായി എയ്ഡ്സ് പ്രതിരോധ കുത്തിവെയ്പ്പും

PrEP അഥവാ പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്സിസ് എന്ന മരുന്ന് എയ്ഡ്സിനെ പ്രതിരോധിക്കും എന്നാണ് അവകാശപ്പെടുന്നത്. എച്ച്‌ഐവി ബാധ ഉണ്ടാകുന്നതിന് മുമ്പ് അണുബാധ തടയുന്നതിനായി കഴിക്കുന്ന പ്രതിരോധ മരുന്നാണ് പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്സിസ്. എയ്ഡ്സ് ബാധിക്കാൻ ഉയർന്ന സാധ്യതയുള്ള വ്യക്തികളാണ് ഈ മരുന്ന് ഉപയോ​ഗിക്കുന്നത്. അതായത്, ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധത്തിൽ ഏർപ്പെടുന്നവർക്ക് എയ്ഡ്സ് ബാധിക്കാതിരിക്കാൻ ഈ മരുന്ന് സഹായകരമാണത്രെ. ദിവസേന കഴിക്കാനുള്ള ഗുളികയായും ഏതാനും മാസങ്ങൾ കൂടുമ്പോൾ എടുക്കുന്ന ദീർഘനേരം പ്രവർത്തിക്കുന്ന കുത്തിവയ്പ്പുകളായും ഇത് ലഭ്യമാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.