
'ഭരണവിരുദ്ധതരംഗം ഇല്ല, ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകണം, മധുവിനെതിരെ നിയമനടപടി ഉറപ്പ്…' അഡ്വ. വി.ജോയ് (വർക്കല എം.എൽ.എ)
ബി.ജെ.പിയോട് കാട്ടുന്ന അതേസമീപനമാണ് ഞങ്ങൾ എസ്.ഡി.പി.ഐ, ജമാഅത്തെഇസ്ലാമി പോലുള്ള സംഘടനകളോടും കാട്ടുന്നത്. ആലപ്പുഴയിലും തൃശൂരിലും നടന്ന കൊലപാതകങ്ങളിലൊക്കെ സർക്കാർ ശക്തമായ നിലപാടാണ്‌കൈക്കൊണ്ടത്. ഒരു കൊച്ചുകുട്ടിയെ തലയിലിരുത്തി അവിലും മലരും കരുതിക്കോ... എന്ന മുദ്രാവാക്യം വിളിപ്പിച്ചവർക്കെതിരെയും ഞങ്ങൾ ശക്തമായ നിലപാട് കൈക്കൊണ്ടു. അതൊക്കെ തത്പരകക്ഷികളെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി അതുതന്നെയാണ് സ്ഥിതി. പാലക്കാട് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം എസ്.ഡി.പി.ഐക്കാർ അവരുടെ ഫ്‌ളാഗ് ഉയർത്തി ആഘോഷപ്രകടനം നടത്തി. ഞങ്ങൾ 10,000 വോട്ടുനൽകിയാണ് യു.ഡി.എഫിനെ ജയിപ്പിച്ചത് എന്നവർ പരസ്യമായി പ്രഖ്യാപിച്ചു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമല്ലേ ഇത്? വർക്കല എം.എൽ.എയും സി.പി.എം. തിരുവനന്തപുരം ജില്ലാസെക്രട്ടറിയുമായ അഡ്വ. വി.ജോയ് ചോദിക്കുന്നു. സമകാലിക രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ചും തലസ്ഥാനത്തെ വിമതനീക്കങ്ങളെക്കുറിച്ചും 'കേരളശബ്ദം' രാഷ്ട്രീയവാരികയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇത് സമ്മേളനകാലമാണ്. കാര്യങ്ങൾ എങ്ങിനെ പോകുന്നു ?
നന്നായിട്ട് മുന്നോട്ടുപോകുന്നു. തലസ്ഥാനജില്ലയിൽ 2600 ബ്രാഞ്ചുകൾ, 185 ലോക്കൽ കമ്മറ്റികൾ, 19 ഏരിയാകമ്മറ്റികൾ എന്നിവയാണ് ഞങ്ങൾക്കുള്ളത്. ഇതിൽ ബ്രാഞ്ച്, ലോക്കൽ, ഏരിയാസമ്മേളങ്ങൾ എല്ലാംതന്നെ ഭംഗിയായി പൂർത്തിയാക്കിയിട്ടുണ്ട്. പിന്നിട്ട നാളുകളിൽ നാം കൈവരിച്ച നേട്ടങ്ങൾ, നമുക്ക് സംഭവിച്ച വീഴ്ചകൾ എന്നിവയൊക്കെ വിശദമായിത്തന്നെ പരിശോധിച്ചു. പാർട്ടിക്കൊപ്പം വർഗ്ഗബഹുജന സംഘടനകളുടെ പ്രവർത്തനവും വിലയിരുത്തപ്പെട്ടു. ഇതോടൊപ്പം സർക്കാരിന്റെ പ്രവർവത്തനങ്ങളും ബന്ധപ്പെട്ട കമ്മറ്റികൾ പരിശോധിച്ചിട്ടുണ്ട്. ഇനി ഡിസംബർ 20 മുതൽ 23 വരെ കോവളത്ത് നടക്കുന്ന ജില്ലാസമ്മേളനത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്.
കാര്യങ്ങൾ ഭംഗിയായി പോകുന്നു എന്നുപറയുമ്പോഴും തലസ്ഥാനത്ത് ചില വിമതസ്വരങ്ങൾ ഉയരുന്നുണ്ട്. അതേക്കുറിച്ച് ?
ഞാൻ ജില്ലാസെക്രട്ടറി ആയിട്ട് ഒന്നരവർഷം പിന്നിട്ടു. ഇതിനിടെ തിരഞ്ഞെടുപ്പിന്റെ വേളയിൽ മാത്രമാണ് മാറിനിന്നിട്ടുള്ളത്. പൊതുവേ പാർട്ടിയെ സംബന്ധിച്ചിടത്തോളം നല്ലരീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. വിഭാഗീയത എന്നൊന്ന് പാർട്ടിയിൽ ഇപ്പോൾ ഇല്ല എന്നുതന്നെ പറയാം. എന്നാൽ ചിലയിടങ്ങളിൽ വ്യക്തികേന്ദ്രീകൃതമായ ചില വിഷയങ്ങളുണ്ട്. അത്തരക്കാരോടൊപ്പം ചേർന്നുനിൽക്കാനും ചിലരുണ്ടാകുമല്ലോ. അതിനപ്പുറത്തേയ്ക്ക് കാര്യമായ പ്രശ്‌നങ്ങൾ ഒന്നുംതന്നെയില്ല.
മംഗലപുരം ഏരിയാക്കമ്മിറ്റി മുൻ സെക്രട്ടറി താങ്കൾക്കെതിരെ വ്യക്തി അധിക്ഷേപംപോലും ഉയർത്തിയിരുന്നു. അതേക്കുറിച്ച് ?
ജില്ലാസെക്രട്ടറിയുടെ പ്രധാനറോൾ സഖാക്കൻമാരെ നിരീക്ഷിക്കുക എന്നതാണ്. താഴെത്തട്ടുമുതൽ മുകൾത്തട്ടുവരെ നിരീക്ഷണമുണ്ടാകും. ഇതിൽതന്നെ ഏറ്റവും അധികം നിരീക്ഷിക്കപ്പെടുന്നത് ഏരിയാക്കമ്മറ്റി അംഗങ്ങളെക്കുറിച്ചും ജില്ലാക്കമ്മിറ്റി അംഗങ്ങളെക്കുറിച്ചുമാണ്. അവരുടെ പ്രവർത്തനങ്ങൾ പാർട്ടിമൂല്യങ്ങൾക്കും നയങ്ങൾക്കും വിധേയമായിട്ടാണോ പോകുന്നത് എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. പാർട്ടിക്ക് അവമതിപ്പുണ്ടാകുന്ന പ്രവർത്തനങ്ങൾ സഖാക്കൻമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എ ന്നുറപ്പാക്കലാണ് ഇതിന്റെ ആത്യന്തികലക്ഷ്യം. തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായിട്ടാണ് ഇതെല്ലാം ചെയ്യുന്നത്. കാര്യങ്ങൾ സുതാര്യവും സുവ്യക്തവുമായി കൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ട് സഖാക്കൻമാർ സഹകരണ ബാങ്കുകളിൽ നിന്നും മറ്റും എടുക്കുന്ന വായ്പകൾ പോലും നമ്മൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് ഇപ്പോൾ.
ലോൺ സംബന്ധമായ കാര്യങ്ങൾ എങ്ങിനെയാണ് പാർട്ടി പരിശോധിക്കുന്നത് ?
ഒരു അംഗം ലോൺ എടുത്താൽ അക്കാര്യം അദ്ദേഹം ബന്ധപ്പെട്ട ഘടകത്തെ അറിയിക്കണം. അതവർ ജില്ലാക്കമ്മിറ്റിയെ അറിയിക്കും. അങ്ങിനെ സഖാക്കൻമാരുടെ വ്യക്തിജീവിതത്തിലെ സാമ്പത്തിക അച്ചടക്കം പോലും പാർട്ടിവിലയിരുത്തും. അങ്ങിനെ പരിശോധിക്കുന്നതിന്റെ ഭാഗമായി മംഗലപുരത്തെ ഏരിയാസെക്രട്ടറിയുടെ ഭാഗത്ത് നിന്നും ചില വീഴ്ചകൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. അതിനെത്തുടർന്നുണ്ടായ ചില പ്രശ്‌നങ്ങളാണ് നേരത്തെ പറഞ്ഞ വിവാദങ്ങൾക്കാധാരമായത്.
മംഗലപുരത്ത് എന്താണ് പ്രശ്‌നം ?
ഇപ്പോൾ വിമതസ്വരം ഉയർത്തിയ മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ നിരവധി ആക്ഷേപങ്ങൾ പ്രവർത്തകർക്കിടയിലുണ്ടായിരുന്നു. അതിൽ പലതും അവർ പാർട്ടി ജില്ലാഘടകത്തേയും സംസ്ഥാനഘടകത്തേയും അറിയിച്ചു. ഇത് ഞാൻ ജില്ലാസെക്രട്ടറി ആകുന്നതിന് മുന്നേ നടന്ന കാര്യങ്ങളാണ്. ഞാൻ ജില്ലയുടെ ചുമതലക്കാരനായതിന് പിന്നാലെ എനിക്കും ചില വിവരങ്ങൾ ലഭിച്ചു. ചിലർ പേര് വെച്ചും പേരില്ലാതെയുമൊക്കെ ചില കത്തുകൾ പോലും അയച്ചു. അതേക്കുറിച്ച് പരിശോധിക്കുക എന്നത് സ്വാഭാവികമായും എന്റെ ഉത്തരവാദിത്തമാണ്. തുടർന്ന് പാർട്ടി ജില്ലാസെക്രട്ടറിയേറ്റ ് വിഷയം ചർച്ചചെയ്തു. എന്നിട്ട് ഒരു അന്വേഷണക്കമ്മീഷനെ പാർട്ടി നിയോഗിച്ചു. ആരോപണങ്ങൾ വസ്തുനിഷ്ഠമാണെന്ന് ബോധ്യമായത് ആ സാഹചര്യത്തിലാണ്. ഇതോടെ പാർട്ടിയെ രക്ഷിക്കാനായി അദ്ദേഹത്തിനെതിരെ നടപടി എടുക്കേണ്ട സാഹചര്യമായി. എന്നാൽ അപ്പോഴേക്കും സമ്മേളനങ്ങളുടെ കാലമായി. സമ്മേളനകാലയളവിൽ അച്ചടക്കനടപടികൾ നിർത്തിവെയ്ക്കണം എന്ന സർക്കുലർ സംസ്ഥാനക്കമ്മിറ്റി പുറപ്പെടുവിച്ചിട്ടുള്ളതിനാൽ കുറ്റക്കാർക്കെതിരെ നടപടികൾ തത്കാലം മരവിപ്പിച്ചു. തുടർന്ന് അദ്ദേഹത്തെ ഏരിയയുടെ ചുമതലയിൽ നിന്നും മാറ്റാൻ ജില്ലാസെക്രട്ടറിയേറ്റ് കൂടിയാലോചിച്ച് തീരുമാനിച്ചു.
തനിക്കെതിരെ പാർട്ടിനടപടി ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടതിനാലാണോ താങ്കൾക്കെതിരെ അദ്ദേഹം ആക്ഷേപം ഉന്നയിച്ചത് ?
പാർട്ടിയുടെ കൂട്ടായതീരുമാനം നടപ്പാക്കുന്നത് ജില്ലാസെക്രട്ടറി ആണല്ലോ. അങ്ങിനെ വരുമ്പോൾ എല്ലാത്തിനും കാരണം സെക്രട്ടറി ആണെന്ന് അദ്ദേഹം ധരിച്ചിട്ടുണ്ടാകും. അതായിരിക്കാം എനിക്കെതിരെ ആക്ഷേപം ഉന്നയിക്കാൻ കാരണം. പക്ഷേ, ആര് എന്ത് പറഞ്ഞാലും പാർട്ടിയെ സംബന്ധിച്ചിടത്തോളം കള്ളൻമാരേയും കൊള്ളക്കാരേയും കൂടെക്കൂട്ടാൻ സാധിക്കില്ല.
അദ്ദേഹത്തിനെതിരായ കണ്ടെത്തലുകൾ എന്തെല്ലാമായിരുന്നു?
ധാരാളം പ്രശ്‌നങ്ങളുണ്ട്. ഒന്ന് അദ്ദേഹത്തിന്റെ മകൾക്ക് വേങ്ങോട് സർവ്വീസ്‌സഹകരണസംഘത്തിൽ ജോലികൊടുത്തു. ഇത് പാർട്ടിയോട് ആലോചിക്കുകയോ മേൽ ഘടകങ്ങളെ അറിയിക്കുകയോ ചെയ്തിരുന്നില്ല. സാമ്പത്തികമായി നല്ലസ്ഥിതിയിലുള്ള ഏരിയാ സെക്രട്ടറിയുടെ മകളെ അവിടെ നിയമിക്കേണ്ടസാഹചര്യമില്ല. സാധാരണക്കാരായ പാർട്ടിക്കാർക്കോ അനുഭാവികൾക്കോ ലഭിക്കേണ്ട സ്ഥാനമാണത്. മാത്രമല്ല, അദ്ദേഹം ഏകാധിപതിയുടെ സ്വരത്തിലാണ് അംഗങ്ങളോട് പെരുമാറിയിരുന്നത്. ഏരിയാക്കമ്മിറ്റി ഓഫീസ് നിർമ്മിച്ചതിന് പിന്നിലെ സാമ്പത്തികക്രമക്കേടുകൾ നിരവധിയാണ്. ഇതുസംബന്ധിച്ച് ഓഡിറ്റിംഗ് വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. നാളിതുവരെ ഓഡിറ്റുചെയ്ത കണക്കുവെയ്ക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ (ആറ്റിങ്ങൽ പാർലമെന്റ്മണ്ഡലം) അദ്ദേഹം വ്യാപകമായി പണപ്പിരിവ് നടത്തി. എന്നാൽ ഇതിൽ പലതും ഔദ്യോഗിക്കണക്കിൽ രേഖപ്പെടുത്തിയില്ല. മാത്രമല്ല പ്രചാരണപ്രവർത്തനങ്ങൾക്കായി വളരെ കുറച്ച് പണം മാത്രമാണ് വിനിയോഗിച്ചത്. ഇതിനെല്ലാം പിന്നിൽ അദ്ദേഹത്തിന് സ്ഥാപിതതാത്പര്യങ്ങളുണ്ടായിരുന്നു. ഇതിനെല്ലാമുപരി വ്യക്തിപരമായ ചില ദൗർബല്യങ്ങളും അദ്ദേഹത്തിനുണ്ട്. അതുസംബന്ധിച്ചും നിരവധി പരാതികൾ പാർട്ടിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളായതിനാൽ അതേക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.
തിരഞ്ഞെടുപ്പിന് പണപ്പിരിവ് നടത്തിയതുൾപ്പെടെയുള്ള ആ രോപണങ്ങളാണ് അദ്ദേഹം താങ്കൾക്കെതിരെയും ഉന്നയിക്കുന്നത് ?
അദ്ദേഹം കരുതിയിരിക്കുന്നത് അദ്ദേഹം നാട്ടുകാരിൽ നിന്നും കാശ് വാങ്ങി സ്വന്തം പോക്കറ്റിലിട്ട് പോയതുപോലെയാണ് ബാക്കിയുള്ളവർ ചെയ്യുന്നത് എന്നാണ്. ഞാനുൾപ്പെടെയുള്ള പ്രവർത്തകർ ആരിൽ നിന്നെങ്കിലും തിരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അതിന് കൃത്യമായി രസീത് നൽകുകയും അതാത് ദിവസത്തെ കണക്ക് പിറ്റേന്ന് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ അറിയിക്കുകയും എല്ലാം റെക്കോർഡിക്കലാക്കുകയും ചെയ്യും. അദ്ദേഹം അദ്ദേഹത്തിന്റെ കണ്ണിലൂടെ ബാക്കിയുള്ളവരെ കാണുന്നതിന്റെ പ്രശ്‌നമാണ്.
താങ്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യക്തിപരമാണ്. ഇതിനെ എങ്ങിനെ കാണുന്നു ?
നിയമപരമായി നേരിടും. അതിൽ ഒരു മാറ്റവുമില്ല. എനിക്കെതിരെ ഉയർത്തിയ ആക്ഷേപങ്ങളെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറി. തുടർന്നിപ്പോൾ താൻ കേട്ട കാര്യമാണ് നാട്ടുകാർ പറഞ്ഞ കാര്യമാണ് എന്നൊക്കെ പറഞ്ഞ് ഉരുണ്ടുകളിക്കുകയാണ്. ഒരു തെളിവുമില്ലാതെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞിട്ട ്അങ്ങിനെയങ്ങ് പോകുന്നത് ശരിയല്ലല്ലോ. ഞാൻ നിയമപരമായിതന്നെ നീങ്ങുകയാണ്.
പ്രത്യയശാസ്ത്രത്തോട് വിരോധമോ വെറുപ്പോ തോന്നിയാൽ പൊതുവേ പൊതുപ്രവർത്തകർ ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് ഇപ്പോൾ ഒരു ട്രെന്റായിമാറുന്നു. മധു മുല്ലശ്ശേരിയുടെ കാര്യത്തിലും അതുതന്നെയാണ് കണ്ടത്. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത് ?
സി.പി.എം. വിഭാവനം ചെയ്യുന്ന ആശയത്തെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് ്അങ്ങിനെ സംഭവിക്കുന്നത്. ഇപ്പോൾ ഈ പറഞ്ഞ വ്യക്തിതന്നെ ഗൾഫിൽപ്പോയി അത്യാവശ്യം പണമൊക്കെ ഉണ്ടാക്കിയിട്ട ്‌വന്നയാളാണ്. ഒരു സി.ഐ.ടി.യു. നേതാവിന്റെ ഡ്രൈവറായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അന്നേരം പാർട്ടിയിൽ ചില വിഭാഗീയതകളുണ്ടായിരുന്നു. തുടർന്ന്, തന്നെ പാർട്ടിയിലേക്ക് കൊണ്ടുവന്ന നേതാവിനെത്തന്നെ പിന്നിൽ നിന്നും കുത്തിയാണ് മേൽപ്പറഞ്ഞ കക്ഷി പാർട്ടിയിലെ ഉന്നതപദവികളിലേക്ക് വന്നത്.
സുഖലാവണമായി എല്ലാവരും ബി.ജെ.പിയിലേക്ക് ഒഴുകുന്നതിന്റെ കാരണം എന്താണ് ?
ആശയവ്യക്തത ഇല്ലാത്തവർ വർഗ്ഗീയശക്തികളോട് സമരസപ്പെട്ട് അങ്ങോട്ടു പോകും. പാർട്ടിയോട് അഭിപ്രായവ്യത്യാസമുള്ളവർ വേറെയുമുണ്ട്. അവരൊക്കെ ആശയപരമായ ‘ഭിന്നതയുടെ പേരിൽ മാറിനിൽക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ തിരുത്തൽ ആവശ്യപ്പെടും. ഒരിക്കലും അവർ വർഗ്ഗീയപാളയത്തിൽ ചേക്കേറാത്തത് നിലപാട് കൊണ്ടാണ്. അതില്ലാത്തവർ ഏതുവഴിക്കും സഞ്ചരിക്കും.
പക്ഷേ, ജനങ്ങൾക്കിടയിലും ഇത്തരമൊരുമാറ്റം കാണാൻ സാധിക്കുന്നുണ്ട്. ആറ്റിങ്ങൽപോലെ സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽപ്പോലും ബി.ജെ.പി. അതിശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. അതേക്കുറിച്ച് ?
മൂന്ന് തിരഞ്ഞെടുപ്പുകൾ മൂന്ന് തലത്തിലാണ് ജനങ്ങൾ കാണുന്നത്. പാർലമെന്റ്തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് രാജ്യം ആര് ഭരിക്കണം എന്നതിനുള്ള വിധിയെഴുത്താണ്. അവിടെ ദേശീയതലത്തിൽ സി.പി.എമ്മിന് പ്രസക്തിയില്ല എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകാം. എന്നാൽ നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അതല്ല സ്ഥിതി. ദേശീയതലത്തിൽ നേട്ടം കൊയ്യാൻ വർഗ്ഗീയ ശക്തികൾ വിശ്വാസത്തിന്റേയും മതത്തിന്റേയും പേരിൽ നടത്തുന്ന ഭിന്നിപ്പും മുതലെടുപ്പും മറുഭാഗത്ത്. അതിനോടൊപ്പം അവരുടെ കള്ളപ്രചാരണങ്ങളും കുറച്ചൊക്കെ ഫലം കാണുന്നുണ്ട്. അതിനെ ആ നിലയ്ക്ക് കണ്ടാൽ മതി. കഴിഞ്ഞ പാർലമെന്റ്തിരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലെല്ലാം സി.പി.എം. ശക്തമായ മുന്നേറ്റമാണ് നടത്തിയത്. അത് പ്രാദേശികമായി നമ്മുടെ കരുത്തിനെയാണ് കാട്ടുന്നത്.
മതന്യൂനപക്ഷങ്ങളുടെ നിലപാടും സി.പി.എമ്മിന് എതിരാണല്ലോ ?
ശരിയാണ് അവരുടെ ചില നിലപാടുകൾ സമുദായ അംഗങ്ങളെ സ്വാധീനിക്കുന്നുണ്ട്. എസ്.ഡി.പി.ഐ., ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്രവാദസംഘടനകൾ കോൺഗ്രസ്സ് അധികാരത്തിലെത്തുന്നതാണ് നല്ലത് എന്ന് കരുതുന്നു. അവർ അവസാന നിമിഷം ഇറക്കിവിടുന്നചില പ്രചാരണങ്ങളൊക്കെ നമുക്ക് ചില തിരിച്ചടികൾ ഉണ്ടാക്കുന്നുണ്ട്. എന്റെ തിരഞ്ഞെടുപ്പിൽതന്നെ മുസ്ലീങ്ങൾ ഒരുമിച്ച് താമസിക്കുന്നിടത്ത് അവരുടെ തന്ത്രങ്ങൾ ഫലംകണ്ടതായി കാണാൻ സാധിക്കും. എന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലെ ഇസ്ലാം മതവിശ്വാസികളുടെ വോട്ടുകൾ എനിക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയം വിടാം. പാലക്കാട്ടേയ്ക്ക് വന്നാൽ അവിടെ സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള ഇടമാണ്. എന്നാൽ അവിടെയും മേൽപ്പറഞ്ഞ സംഘടനകൾ കോൺഗ്രസ്സിനൊപ്പമാണ് നിന്നത്. എന്തുകൊണ്ടാണത് ?
തീവ്രവാദസംഘടനകളോട് ഞങ്ങൾ പുലർത്തുന്ന കാർക്കശ്യനിലപാടാണ ്അതിന് കാരണം. ബി.ജെ.പിയോട് കാട്ടുന്ന അതേ സമീപനമാണ് ഞങ്ങൾ എസ്.ഡി.പി.ഐ., ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളോടും കാട്ടുന്നത്. ആലപ്പുഴയിലും തൃശൂരിലും നടന്ന കൊലപാതകങ്ങളിലൊക്കെ സർക്കാർ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. അതൊക്കെ തത്പരകക്ഷികളെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി അ തുതന്നെയാണ് സ്ഥിതി.
നരേന്ദ്രമോദിയുടെ തേരോട്ടം തടയാൻ കോൺഗ്രസ്സിന് മാത്രമേ സാധിക്കൂ എന്ന വിശ്വാസമാണ് അവർക്കുള്ളത്. അത് അവഗണിക്കാനാകുമോ ?
ദേശീയതലത്തിൽ അങ്ങിനെ വേണമെങ്കിൽ ചിന്തിച്ചുകൊള്ളട്ടെ. പക്ഷേ, ഇവിടെ അതല്ലല്ലോ സ്ഥിതി. വയനാട്ടിൽ സ്വീകരിക്കുന്ന നിലപാട് പാലക്കാടും ചേലക്കരയിലും പരീക്ഷിക്കേണ്ട കാര്യമില്ലല്ലോ.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഭരണവിരുദ്ധവികാരം ഉണ്ടെന്നും ഇല്ലെന്നും വാദമുയരുന്നുണ്ട്. താങ്കളുടെ പക്ഷം ?
ഒരിക്കലുമില്ല. അങ്ങിനൊരു സാദ്ധ്യതയേ ഇല്ല. കാരണം ഇപ്പോൾ സംഭവിച്ചത ്തൽസ്ഥിതി നിലനിർത്തുക എന്നത് മാത്രമാണ്. പാലക്കാട് മണ്ഡലം രൂപീകരിച്ചതു മുതൽ അത് യു.ഡി.എഫിന് അനുകൂലമാണ്. വയനാട്ടിലും അതുതന്നെയാണ് സ്ഥിതി. എന്നാൽ നമ്മുടെ കൈവശമുണ്ടായിരുന്ന ചേലക്കരയിലാകട്ടെ വോട്ടുവിഹിതം ഗണ്യമായി വർദ്ധിപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജയിച്ചുകയറിയത്. ഭരണവിരുദ്ധവികാരം ഉണ്ടെങ്കിൽ നമ്മൾ ചേലക്കരയിൽ പരാജയപ്പെടുമായിരുന്നല്ലോ.
തലസ്ഥാനജില്ലയിലെ സമ്മേളനങ്ങളിൽ എവിടെയെങ്കിലും ഭരണവിരുദ്ധവികാരം ഉണ്ട് എന്നൊരു അഭിപ്രായം ഉയർന്നിട്ടുണ്ടോ ?
ഇല്ല. ഒരിടത്തും അങ്ങിനൊന്നുണ്ടായിട്ടില്ല. പക്ഷേ, സർക്കാർ ചില നിലപാടുകൾ തിരുത്തേണ്ടതാണ് എന്നൊരു അഭിപ്രായം വന്നിട്ടുണ്ട്. ക്ഷേമപെൻഷൻ മുടങ്ങിയത് ഒരുദാഹരണം. ഇടയ്ക്കുവെച്ച് ക്ഷേമപെൻഷൻ മുടങ്ങിയത് പ്രചാരണത്തിലൊക്കെ നമുക്ക് ചില്ലറ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. അക്കാര്യം പ്രവർത്തകർ ഉന്നയിച്ചു. വൻകിട പദ്ധതികളേക്കാൾ ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകണം എന്ന അഭിപ്രായമാണ് പൊതുവേ പ്രവർത്തകർക്കുള്ളത്.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അണികളെ അസ്വസ്ഥമാക്കുന്നുണ്ടോ ?
കേന്ദ്രസർക്കാർ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകും എന്നൊരു സാഹചര്യമിപ്പോഴുണ്ട്. അതിന്റെ ഭാഗമായി അവർ പടച്ചുവിട്ട ചില കുപ്രചാരണങ്ങൾ മാധ്യമങ്ങളും ഏറ്റെടുത്തു. ഇത് പാർട്ടി പ്രവർത്തകരിൽ ചിലരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. ഇവിടെ നമ്മൾ തെറ്റിദ്ധാരണകൾ മാറ്റാൻ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
മേയർ ആര്യാരാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമ്മേളനത്തിൽ ഒച്ചപ്പാട് സൃഷ്ടിച്ചെന്ന് കേട്ടു. ശരിയാണോ?
അങ്ങിനല്ല. മേയറുടെ വിഷയം പാർട്ടി പരിശോധിച്ചതാണ്. കെ.എസ്.ആർ.ടി.സി. ഡ്രൈവർ മോശമായ ആംഗ്യഭാഷ കാട്ടിയതിനെത്തുടർന്നാണ് അവർ പ്രതികരിച്ചത്, എന്നാൽ അത്തരത്തിലൊരു പ്രതികരണം വേണമായിരുന്നോ എന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളുണ്ടായി. ചെറിയപ്രായത്തിൽ മേയറായ പെൺകുട്ടിയാണ് ആര്യ. അതുകൊണ്ടുതന്നെ അവരോട് പലർക്കും അസഹിഷ്ണുതയുണ്ട്. പ്രതിപക്ഷം അതിനെ പൊലിപ്പിച്ച് കാണിക്കുന്നു എന്നുമാത്രം.
അംഗീകാരം കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. മേയർ കുറച്ചുകൂടി ഭരണമികവ് കാട്ടണം എന്നൊരു അഭിപ്രായം ഉയർന്നതായി കേൾക്കുന്നു. ശരിയാണോ ?
അങ്ങിനൊന്നില്ല. ഒന്നും ചെയ്യാതെ ആർക്കും അംഗീകാരങ്ങൾ ലഭിക്കില്ലല്ലോ. നഗരസഭയിൽ കാര്യങ്ങൾ നന്നായിട്ട് പോകുന്നുണ്ട്. എന്നാലത് ജനങ്ങളിലേക്കെത്തിക്കുന്നതിൽ ചില പാളിച്ചകൾ പറ്റുന്നുണ്ട്. അക്കാര്യം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ദേശീയവും സംസ്ഥാനവും സംസാരിച്ചുകഴിഞ്ഞു. ഇനി വരാനിരിക്കുന്നത് തദ്ദേശതിരഞ്ഞെടുപ്പാണ്. തലസ്ഥാനത്തെ പാർട്ടിയുടെ പ്രകടനം ?
സി.പി.എം. മികച്ച പ്രകടനം കാഴ്ചവെയ്ക്കും. പരമാവധി തദ്ദേശസ്ഥാപനങ്ങൾ ഞങ്ങൾ നേടുകയും നിലനിർത്തുകയും ചെയ്യും. അതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. വാർഡ് വിഭജനം പൂർത്തിയാകുന്നതോടെ കാര്യങ്ങൾക്ക് വർദ്ധിതവീര്യം കൈവരും.
ഉറച്ചവിശ്വാസമാണ് ?
നൂറുശതമാനം.